Advertisment

ആദ്യത്തെ കണ്‍മണിയെ ആശുപത്രിയിലെത്തി കണ്‍നിറയെ കണ്ടു ; നെഞ്ചോടു ചേര്‍ത്തു പിടിച്ച് പൊന്നുമോന് പേരുമിട്ടു ; ഭാര്യയോട് പുലര്‍ച്ചെ എത്താമെന്ന് വാക്ക് പറഞ്ഞ് യുവാവ് പോയത് മരണത്തിലേക്ക് ; കണ്ണീരണിഞ്ഞ് വിവാഹ വാര്‍ഷികവും ; കൊല്ലത്ത് നടന്ന അപകടം ഇങ്ങനെ..

New Update

കൊട്ടിയം :  കൺമണിയെ നെഞ്ചോടു ചേർത്തുപിടിച്ചു പേരിട്ടു മടങ്ങിയതാണ് ആ അച്ഛൻ. തനിക്കു പിറന്ന ആദ്യത്തെ കുഞ്ഞിനെ ആശുപത്രിയിലെത്തി കണ്ട്, പിറ്റേന്നു പുലർച്ചെ എത്താമെന്നു ഭാര്യയ്ക്കു വാക്കു കൊടുത്തു വീട്ടിലേക്കു മടങ്ങിയ യുവാവ്. അന്ന്, 2019 മേയ് 19 രാത്രി 8ന്, അയാളുടെ യാത്ര കണ്ണീരിൽ അവസാനിച്ചു. ആ കുടുംബത്തിന്റെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. അവർക്കു നീതി ലഭിച്ചിട്ടില്ല. അപകടത്തിനിടയാക്കിയ ശേഷം നിർത്താതെ പോയ കാർ പോലും കണ്ടെത്താൻ പൊലീസിനായിട്ടില്ല.

Advertisment

publive-image

മേവറം ബൈപാസിൽ അപകടത്തിൽ മരിച്ച ഉമയനല്ലൂർ ആറ്റൂർ പണയിൽ പ്രശാന്തിന്റെ കുടുംബമാണു നീതിക്കായി അലയുന്നത്. പ്രശാന്ത് ഒ‍ാടിച്ച ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. വിക്ടോറിയ ആശുപത്രിയിൽ പിറന്ന തന്റെ കുഞ്ഞിനെ കണ്ട്, അവനെ പേരു ചൊല്ലി വിളിച്ച ശേഷം, രാത്രി വീട്ടിലേക്കു പോകവെയാണു ദാരുണമായ അപകടം.

പെയിന്റിങ് ജോലി ചെയ്താണു പ്രശാന്ത് കുടുംബം പുലർത്തിയിരുന്നത്. രോഗം കാരണം അവശരായ മാതാപിതാക്കൾക്കു മറ്റ് ആശ്രയമില്ല. വീട് ജപ്തി ഭീഷണി നേരിടുകയുമാണ്. പിഞ്ചുമകനുമായി പ്രശാന്തിന്റെ ഭാര്യ ആതിരയും ഇവർക്കൊപ്പമുണ്ട്.

ഈയാഴ്ചയായിരുന്നു പ്രശാന്തിന്റെയും ആതിരയുടെയും വിവാഹ വാർഷികം. കണ്ണീരണിഞ്ഞ് ആ ദിവസം കടന്നുപോയി. അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചു വീട്ടുകാർ കലക്ടർ, കമ്മിഷണർ എന്നിവർക്കും പിന്നീടു കൊല്ലത്തു ഡിജിപിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിലും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല.

നടപടി ഉറപ്പാണെന്നു വാഗ്ദാനം ചെയ്തവരാരും പിന്നീട് ഇവിടേക്കു തിരിഞ്ഞു നോക്കിയില്ല. അപകടം വരുത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചെങ്കിലും അതേപ്പറ്റി അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം.

Advertisment