“ഞാന്‍ ബിജെപിക്കാരനല്ല”; വിവാദപ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് കൊല്ലം തുളസി

ഫിലിം ഡസ്ക്
Friday, October 12, 2018

kollam thulasi apologies for controversial statement

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ചലചിത്ര താരം കൊല്ലം തുളസി. അതൊരു അബദ്ധപ്രയോഗമാണ്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചത്.

ശ്രീധരന്‍പിള്ള കൂടിയുണ്ടായിരുന്ന വേദിയായതിനാല്‍ ബിജെപിക്കാരന്‍ എന്ന നിലയിലാണ് ആ പരാമര്‍ശം പ്രചരിക്കപ്പെട്ടത്. ബിജെപിയുമായി തനിക്ക് ബന്ധമില്ല. എന്നാല്‍ അയ്യപ്പ സ്വാമി തന്റെ ദൈവമാണ്.  ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കുമെന്ന് കൊല്ലം തുളസി

സമരമെന്ന് പ്രാര്‍ത്ഥനായോഗങ്ങളെ വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാരങ്ങളെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രാര്‍ത്ഥനാ യോഗങ്ങളാണ് അവ. നമ്മുടെ വീട്ടിലെ കുട്ടികള്‍ കളിക്കാന്‍ പോയി വൈകി വരുമ്പോള്‍ അവരെ ശാസിക്കാന്‍ നടത്തുന്ന പ്രയോഗം പോലെ ഉള്ള ഒന്നായിരുന്നു എന്റെ പ്രസ്താവന. അയ്യപ്പഭക്തന്‍ എന്ന നിലയില്‍ നിരവധി വേദികളില്‍ പങ്കെടുത്തിരുന്നു.

പ്രാര്‍ത്ഥനായോഗത്തില്‍ ഇനിയും പങ്കെടുക്കും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവര്‍ക്ക് സല്‍ബുദ്ധി നല്‍കണമെന്നാണ് പ്രാര്‍ത്ഥനായോഗത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പന്‍. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകള്‍ കയറി ആചാരങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങള്‍ തുടരാനുള്ളതാണ്.

ഇക്കണക്കിന് കേസ് കൊടുക്കാന്‍ പോയാല്‍ വാഗ്ദാനലംഘനത്തിന് മാളികപ്പുറത്തമ്മയ്ക്ക് കോടതിയെ സമീപിച്ചുകൂടെയെന്ന് കൊല്ലം തുളസി ചോദിക്കുന്നു.

×