Advertisment

കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയെയും മാത്യുവിനെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു ; രണ്ട് തവണ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടും തെളിവെടുപ്പ് പൂർത്തിയാക്കിയില്ലേയെന്ന് ജോളിയുടെ അഭിഭാഷകൻ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയെയും മാത്യുവിനെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിയെ നാല് ദിവസത്തേക്കും മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

Advertisment

publive-image

ഇരുവരെയും 14 ദിവസത്തേക്ക് തങ്ങളുടെ കസ്റ്റഡിയിൽ വിട്ടുതരണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ ജോളിയുടെ അഭിഭാഷകൻ ഈ ആവശ്യം ശക്തമായി എതിർത്തു. രണ്ട് തവണ പൊലീസ് കസ്റ്റഡിയിൽ വിട്ടതാണെന്നും തെളിവെടുപ്പ് പൂർത്തിയാക്കിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ടുപോകണമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ അതുണ്ടായില്ലെന്നും ജോളിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എല്ലാ കേസുകളും ജോളിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നുവെന്നും അദ്ദേഹം കോടതിയിൽ പരാതി പറഞ്ഞു.

ഈ വാദങ്ങൾ കേട്ട കോടതി പക്ഷെ അന്വേഷണ സംഘത്തിന്റെ ആവശ്യം പൂർണ്ണമായി തള്ളിക്കളഞ്ഞില്ല. പൊലീസിന് ജോളിയെ നാല് ദിവസം കസ്റ്റഡിയിൽ വയ്ക്കാൻ കോടതി അനുവാദം നൽകി. താമരശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

കൂടത്തായിയിലെ സിലിയുടെ മകൾ ആൽഫൈന്റെ കൊലപാതക കേസിലാണ് ജോളിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ഇതേ കേസിലാണ് മാത്യുവിനെയും കസ്റ്റഡിയിൽ വാങ്ങിയത്.

Advertisment