Advertisment

കോട്ടയത്ത് വോട്ടു കച്ചവടത്തിന് സാധ്യതയെന്ന് ചുണ്ടിക്കാട്ടി ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ പരാതി; കര്‍ശന ഇടപെടലുമായി സംസ്ഥാന നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും രംഗത്ത് !

New Update

കോട്ടയം: കോട്ടയത്ത് ബിജെപിയുടെ വോട്ട് ചോര്‍ച്ച തടയാന്‍ കര്‍ശന ഇടപെടലുമായി ആര്‍എസ്എസ് നേതൃത്വം രംഗത്ത്. കോട്ടയത്തെ വിവിധ ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ബിജെപി - യുഡിഎഫ് സഹകരണത്തിന് സാധ്യതയുണ്ടെന്നു കാണിച്ച് ബിജെപി ജില്ലാ ഘടകത്തിലെ ഒരു വിഭാഗം പാര്‍ട്ടി സംസ്ഥാന - ദേശീയ നേതൃത്വങ്ങളെ  സമീപിച്ചതോടെയാണ് വോട്ടു ചോര്‍ച്ച വിവാദമായത്. ഇതോടെ ആര്‍എസ്എസ് നേതൃത്വം പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.

Advertisment

publive-image

2019 - ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 12 - 20 ശതമാനം വോട്ടുകള്‍ ഓരോ ഡിവഷനിലും കൂടുതല്‍ പിടിച്ചിരിക്കണമെന്നതാണ് ബിജെപി ജില്ലാ നേതൃത്വത്തിന് ഇപ്പോള്‍ ആര്‍എസ്എസ് നേതൃത്വം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബിജെപി സംസ്ഥാന നേതൃത്വവും വിഷയം ഗൗരവമായാണ് കണ്ടിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗം മത്സരിക്കുന്ന ഡിവഷനുകളില്‍ ബിജെപിയില്‍നിന്ന് വോട്ടു ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് പ്രവര്‍ത്തന രംഗത്തെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഘടകത്തിലെ ഒരു വിഭാഗം നേതൃത്വത്തെ ധരിപ്പിച്ചത്. മുന്‍ ജോസഫ് ഗ്രൂപ്പ് നേതാവ് നോബിള്‍ മാത്യുവാണ് നിലവില്‍ ബിജെപി ജില്ലാ പ്രസിഡന്‍റ്. കടുത്ത മാണി വിരോധിയായികൂടിയാണ് നോബിള്‍ അറിയപ്പെടുന്നത്.

അതിനാല്‍ ജോസഫ് ഗ്രൂപ്പ് - ജോസ് കെ മാണി സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്ന കങ്ങഴ, കിടങ്ങൂര്‍, ഭരണങ്ങാനം ഡിവിഷനുകളിലാണ് ബിജെപിയിലെ ഒരു വിഭാഗം അട്ടിമറി ആരോപിക്കുന്നത്.

ഈ ഡിവിഷനുകളില്‍ ബിജെപിയുടെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍പോലും ജോസഫ് വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടുവെന്നാണ് ബിജെപിയിലെ ഒരു വിഭാഗം ആരോപിച്ചിരിക്കുന്നത്. പല ഡിവിഷനുകളിലും പര്യടനം വളരെ ദുര്‍ബലമായത് ഇതിന്‍റെ പശ്ചാത്തലത്തിലാണെന്ന് ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍തന്നെയാണ് സംസ്ഥാന ഘടകത്തെ അറിയിച്ചിരിക്കുന്നത്.

ഈ ഡിവിഷനുകളില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നല്‍കിയിരിക്കുന്നത്. ജില്ലയിലെ ഒരു വിഭാഗം തെളിവുകള്‍ സഹിതം കാര്യങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തെ ധരിപ്പിച്ചതോടെയാണ് ഉന്നത ഇടപെടല്‍ സാധ്യമായത്.

കിടങ്ങൂരിലെ അട്ടിമറികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിവാദ ബാര്‍ മുതലാളിയാണ് നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് റിബലായി രംഗത്തിറങ്ങിയതും ഈ ബാര്‍ മുതലാളിയുടെ സ്പോണ്‍സര്‍ഷിപ്പിലായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

bjp kottayam
Advertisment