Advertisment

കൊറോണ ; കൊച്ചിയിൽ എത്തുന്ന ചൈനീസ് വിനോദ സഞ്ചാരികളുമായി ആശയ വിനിമയം നടത്താൻ ചൈനീസ് ഭാഷ വശമുള്ള ഡോക്ടർമാർ

New Update

കൊച്ചി : കൊച്ചിയിൽ എത്തുന്ന ചൈനീസ് വിനോദ സഞ്ചാരികളുമായി ആശയ വിനിമയം നടത്താൻ ചൈനീസ് ഭാഷ വശമുള്ള ഡോക്ടർമാർ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് സഞ്ചാരികൾ കൊച്ചിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് ഒഴിവാക്കാനാണു നടപടി. ചൈനീസ് ഭാഷ വശമുള്ള ഡോക്ടർമാരുടെ സംഘം ഫോർട്ട് കൊച്ചി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു ചൈനീസ് സഞ്ചാരികൾക്കു ബോധവൽക്കരണം ആരംഭിച്ചു.

Advertisment

publive-image

രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ സഞ്ചാരികൾക്കും സുരക്ഷ പ്രോട്ടോക്കോൾ ബാധകമാണെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവായ 28 ദിവസം പൂർത്തിയാകുന്നതുവരെ ഇവർ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ തുടരണം. നിരീക്ഷണത്തിലുള്ള വിദേശ സഞ്ചാരികളെ കുറിച്ചുള്ള വിവരങ്ങൾ അതത് എംബസികളെ അറിയിക്കും.

എറണാകുളം ജില്ലയിൽ നിലവിൽ 318 പേരാണു നിരീക്ഷണത്തിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ 3 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളും ഐസലേഷൻ വാർഡിലുണ്ട്. ആശുപത്രികളിൽ ഐസലേഷനിൽ കഴിഞ്ഞിരുന്ന 4 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. 16 സാംപിളുകൾ ഇന്നലെ പരിശോധനയ്ക്കായി ആലപ്പുഴ എൻഐവിയിലേക്ക് അയച്ചു. 314 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങിയ 16 പേരെ കൂടി ഇന്നലെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരോടു സ്വന്തം വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഇതുവരെ 800 യാത്രക്കാരെ കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയരാക്കി. സിംഗപ്പൂർ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൂടി ഇപ്പോൾ പരിശോധനകൾക്കു വിധേയമാക്കുന്നുണ്ട്. ഇമിഗ്രേഷൻ വിഭാഗത്തിലെ 23 മുതൽ 28 വരെയുള്ള കൗണ്ടറുകൾ ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പരിശോധനകൾക്കായി മാറ്റി.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര മേഖല ജാഗ്രത പുലർത്തണമെന്നു കലക്ടർ എസ്. സുഹാസ്. വൈറസ് ബാധിത മേഖലകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളെ പരിശോധനയ്ക്കു വിധേയമാക്കണം. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും ടൂറിസം മേഖലയിലുള്ളവരെ ബോധവൽക്കരിക്കാനായി ചേർന്ന യോഗത്തിൽ കലക്ടർ പറഞ്ഞു.

 

Advertisment