Advertisment

കൊറോണ വൈറസ് ബാധ: രോ​ഗ ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

New Update

കോട്ടയം: കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പ് വിദേശത്തുനിന്നെത്തിയ ഇവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു.

Advertisment

publive-image

പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ആംബുലന്‍സ് അയച്ച് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ജില്ലയില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍നിന്ന് രണ്ടാഴ്ച്ചക്കുള്ളില്‍ നാട്ടിലെത്തിയ 79 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ട്

രോഗബാധിത മേഖലകളില്‍നിന്ന് 2020 ജനുവരി മുതല്‍ കേരളത്തില്‍ എത്തിയിട്ടുള്ളവര്‍ നിര്‍ബന്ധമായും 1056 എന്ന നമ്പരിലോ 0471 2552056 എന്ന നമ്പരിലോ വിളിച്ചറിയിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ ആവശ്യമായ ആശുപത്രി നിരീക്ഷണത്തോടൊപ്പം ചികിത്സയും നല്‍കുന്നതാണ്. പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം എന്നിവയാണ് കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍.

ചൈനയില്‍ നിന്ന് വന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ. സിന്ധു ജി നായരെ (9447347282) ബന്ധപ്പെട്ടു നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഇവര്‍ യാതൊരു കാരണവശാലും പൊതു വാഹനങ്ങളിലോ, ടാക്സികളിലോ ആശുപത്രികളിലേക്ക് എത്തരുത്. വിവരം നല്‍കിയാല്‍ ആശുപത്രിയില്‍ എത്തുന്നതിനായി ആരോഗ്യവകുപ്പ് ആംബുലന്‍സ് വിട്ടുനല്‍കും.

ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് കൊറോണ നിരീക്ഷണ ജില്ലാ

കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

കൊറോണ ബാധിത മേഖലകളില്‍നിന്ന്, പ്രത്യേകിച്ച് ചൈനയില്‍നിന്ന് ജില്ലയില്‍ എത്തുന്നവരുടെ വിവരങ്ങള്‍ 1077, 0481 2304800(24 മണിക്കൂറും) എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കോ, ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കോ, റസിഡന്‍സ് അസോസിയേഷനുകള്‍ക്കോ അറിയിക്കാവുന്നതാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ ബന്ധപ്പെട്ട് ലക്ഷണങ്ങള്‍ പരിശോധിച്ച് തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും.

കൊറോണ രോഗത്തെ സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്

സംസ്ഥാന തലത്തിലെ 1056 എന്ന നമ്പറിന് പുറമെ ജില്ലയില്‍ 0481 2304110, 9495088514 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

രോഗ പ്രതിരോധ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 15 കമ്മിറ്റികള്‍ രൂപീകരിച്ചു.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ആര്‍. രാജന്‍ (രോഗ നിരീക്ഷണം), ടെക്നിക്കല്‍ അസിസ്റ്റന്‍റ് കെ.എം. ശശികുമാര്‍(കോള്‍ സെന്‍റര്‍ നിയന്ത്രണം), ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ (ജീവനക്കാരുടെ ഏകോപനം), ഡോ. ടി. അനിതകുമാരി (പരിശീലനം), സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ എസ്. അജിത (മരുന്നുകളുടെയും സാമഗ്രികളുടെയും വിതരണം), ഡോ. പി.എന്‍. വിദ്യാധരന്‍ (ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരണം), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് (മാധ്യമ ഏകോപനം), ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ (പൊതുജന ബോധവത്കരണം), ആരോഗ്യകേരളം മീഡിയ ഓഫീസര്‍ സി.ആര്‍. വിനീഷ് (ഡോക്യുമെന്‍റേഷന്‍), ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ (സ്വകാര്യ ആശുപത്രികളുടെ ഏകോപനം), ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിത്താര (വിദഗ്ധരുടെ ഏകോപനം), മണികണ്ഠന്‍ (ആംബുലന്‍സ്), ജില്ലാ ആശ കോ-ഓര്‍ഡിനേറ്റര്‍ ജെസി അനൂപ് (സന്നദ്ധ പ്രവര്‍ത്തകരുടെ ഏകോപനം), ജില്ലാ മാനസിക ആരോഗ്യ പരിപാടി കോ-ഓര്‍ഡിനേറ്റര്‍ ഡോ.സൗമ്യ സുശീലന്‍ (സൈക്കോളജിക്കല്‍ സപ്പോര്‍ട്ട്) എന്നിവര്‍ക്കാണ് വിവിധ കമ്മിറ്റികളുടെ ചുമതല.

രാവിലെ നടന്ന യോഗം നിലവിലെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്തി. എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍. രാജന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് രോഗ പ്രതിരോധം, ചികിത്സ, റഫറല്‍, അണുബാധ നിയന്ത്രണം, ഐസൊലേഷന്‍, രോഗ പരിശോധന എന്നിവയില്‍ പരിശീലനം പൂര്‍ത്തിയായി. എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഡോകടര്‍മാര്‍ക്കായി നാളെ കോട്ടയം ഐ.എം.എ ഹാളില്‍ ഏകദിന പരിശീലന പരിപാടി നടക്കും. ഓരോ ആശുപത്രിയില്‍നിന്നും ഒരു ഡോക്ടര്‍ വീതം പങ്കെടുക്കും.

ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഫെബ്രുവരി ഏഴിനകം പൂര്‍ത്തീകരിക്കും. ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് രോഗലക്ഷണങ്ങള്‍ സംബന്ധിച്ചും റഫറല്‍ സംബന്ധിച്ചും ഫെബ്രുവരി അഞ്ചിന് പരിശീലനം നല്‍കും.

Advertisment