Advertisment

കോട്ടയത്തെ പരാജയത്തിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് ! കാഞ്ഞിരപ്പള്ളിയില്‍ നിര്‍ത്തിയത് കിട്ടാവുന്നതിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ! ഗ്രൂപ്പിന്റെ പേരില്‍ സീറ്റു കൊടുത്താല്‍ വോട്ടു ചെയ്യുന്നത് ഗ്രൂപ്പല്ല, ജനങ്ങളാണെന്ന് ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍. പൂഞ്ഞാറില്‍ വോട്ടു മറിച്ചതും കാലുവാരിയതും ഗ്രൂപ്പുകളിച്ചതും കെപിസിസി നേതാവ് ! സ്ഥാനാര്‍ത്ഥിത്വം കിട്ടാതായതോടെ ഒരു മണ്ഡലത്തിലും പോകാത്ത ഡിസിസി പ്രസിഡന്റ്. ആളില്ലാത്ത ജോസഫ് ഗ്രൂപ്പിന് സീറ്റുകള്‍ താലത്തില്‍ വച്ച് കൊടുത്തതും തിരിച്ചടിയായി ! കോട്ടയത്തെ കോണ്‍ഗ്രസില്‍ ഇനി വരാനിരിക്കുന്നത് അടിയുടെ കാലം !

New Update

കോട്ടയം: ജില്ലയിലെ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു. ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അഞ്ചു സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് രണ്ടു സീറ്റില്‍ മാത്രമാണ് വിജയിക്കാനായിരുന്നത്.

Advertisment

publive-image

പുതുപ്പള്ളി, കോട്ടയം സീറ്റില്‍ മാത്രമായി ജില്ലയില്‍ കോണ്‍ഗ്രസ് സാന്നിധ്യം ഒരുങ്ങി. പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി, വൈക്കം സീറ്റുകളില്‍ വലിയ തിരിച്ചടി നേരിട്ടു. ഘടകകക്ഷികള്‍ നാലു സീറ്റില്‍ മത്സരിച്ച് രണ്ടിടത്തു വിജയിച്ചു. പാലായിലും കടുത്തുരുത്തിയിലുമാണ് കേരളാ കോണ്‍ഗ്രസും എന്‍സികെയും വിയിച്ചത്.

കോണ്‍ഗ്രസ് പരാജയപ്പെട്ടതില്‍ കാഞ്ഞിരപ്പള്ളിയിലെ തോല്‍വിയെ പറ്റിയാണ് കൂടുതല്‍ വിമര്‍ശനം. കോണ്‍ഗ്രസിന് നല്ല വേരോട്ടമുള്ള മണ്ഡലത്തില്‍ മോശം സ്ഥാനാര്‍ത്ഥി വന്നതാണ് പരാജയ കാരണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കന്റെ സ്ഥാനാര്‍ത്ഥിത്വമാണ് തിരിച്ചടിയായതെന്നാണ് ആക്ഷേപം.

ഗ്രൂപ്പുകളി മാത്രം നടത്തിയ നേതാവ് അവസാന നിമിഷം സീറ്റിനായി പോലും ഗ്രൂപ്പു കളിച്ചുവെന്നാണ് വിമര്‍ശനം. വാഴയ്ക്കന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും സംസ്ഥാന നേതൃത്വം ഗൗരവമായെടുത്തിരുന്നില്ല.

അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തില്ല എന്നു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുമ്പ് പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും വാഴയ്ക്കന്‍ തോറ്റത് നേതൃത്വം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

എന്നാല്‍ പൂഞ്ഞാറിലെ സ്ഥിതി വ്യത്യസ്തമാണ്. പൂഞ്ഞാറില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നിട്ടും പാര്‍ട്ടി സംവീധാനം ചലിച്ചില്ല. മണ്ഡലത്തിലെ നേതാക്കള്‍ ഗ്രൂപ്പുകളിച്ചും പാലം വലിച്ചും വോട്ടു മറിച്ചും ഇടതിനെ സഹായിച്ചു.

ജില്ലയില്‍ നിന്നുള്ളം കെപിസിസി ഭാരവാഹിയായ ഒരു ഗ്രൂപ്പുനേതാവാണ് ഇതിനു ചുക്കാന്‍ പിടിച്ചത്. മണ്ഡലത്തില്‍ അംഗബലം കൂടുതലുള്ള ഗ്രൂപ്പിന്റെ നേതാവായ ഇദ്ദേഹം പരസ്യമായും രഹസ്യമായും ഇടതു മുന്നണിക്ക് വേണ്ടി വോട്ടു തേടിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മുമ്പ് ഇദ്ദേഹത്തിന്റെ പഞ്ചായത്തിലെ ഭരണസമിതി തെരഞ്ഞെടുപ്പിലും സ്വന്തം മുന്നണിയെയും പാര്‍ട്ടിയേയും തോല്‍പ്പിച്ച പാരമ്പര്യമുള്ള നേതാവ് ഇദ്ദേഹം.

വൈക്കത്ത് കൂടുതല്‍ അത്ഭുതമൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടാവുന്നതില്‍ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ഇവിടെ ഇറക്കിയത്. ഘടകകക്ഷികള്‍ തോറ്റ സീറ്റുകളില്‍ കോണ്‍ഗ്രസിനും വീഴ്ചപ്പറ്റിയെന്നാണ് സൂചന.

ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും കേരളാ കോണ്‍ഗ്രസിന് സീറ്റു നല്‍കേണ്ടിയിരുന്നില്ല എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം. ഏറ്റുമാനൂരില്‍ ലതിക സുഭാഷ് പിടിച്ച വോട്ടുകള്‍ യുഡിഎഫിന് ലഭിക്കേണ്ടതു തന്നെയായിരുന്നു. ഇതോടൊപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഇവിടെയും വിജയിച്ചു കയറാമായിരുന്നു.

പ്രാദേശിക നേതാക്കള്‍ മാത്രമല്ല, ഡിസിസി ഭാരവാഹികളുടെ കഴിവുകേടും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിരുന്നു. സീറ്റ് കിട്ടാതെ വന്ന ഡിസിസി പ്രസിഡന്റ് ഒരു മണ്ഡലത്തിലും സജീവമായില്ല. തിരിച്ചടിയില്‍ ഡിസിസി അധ്യക്ഷ സ്ഥാനം ജോഷി ഫിലിപ്പ് ഒഴിയണമെന്ന ആവശ്യവും സജീവമായി കഴിഞ്ഞു.

election news
Advertisment