Advertisment

കോട്ടയത്ത് യുഡിഎഫില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ! ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും മുസ്ലീംലീഗ് പിന്മാറി. തീരുമാനം ഉമ്മന്‍ചാണ്ടിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍. ലീഗിനോട് അനുഭാവമായ നിലപാടെന്നു കോണ്‍ഗ്രസ്. എരുമേലി ഡിവിഷനെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് ശക്തിയായി എതിര്‍ത്തത് ഭാവിയില്‍ പൂഞ്ഞാര്‍ സീറ്റ് ചോദിക്കുമെന്ന ഭയത്താല്‍ ! പൂഞ്ഞാറില്‍ കണ്ണുവേണ്ടെന്നു ലീഗിന് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ് !

New Update

കോട്ടയം: ജില്ലയിലെ സീറ്റ് തര്‍ക്കം പരിഹരിച്ച് യുഡിഎഫ്. ജില്ലാപഞ്ചായത്തില്‍ ഇക്കുറി മുസ്ലിം ലീഗിന് സീറ്റില്ല. അടുത്ത തവണ സീറ്റ് നല്‍കാമെന്ന ഉറപ്പില്‍ ലീഗ് സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്മാറി.

Advertisment

publive-image

ഉമ്മന്‍ ചാണ്ടിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. എരുമേലി സീറ്റ് തിരിച്ചു വേണമെന്ന ലീഗിന്റെ നിലപാടിനാണ് അയവുവന്നത്. ലീഗിന്റെ ആവശ്യം അടുത്ത തവണ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നു കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ലീഗിന്റെ പിന്‍മാറ്റം.

നേരത്തെ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ലീഗ് ജില്ലാ നേതൃത്വം ആലോചിച്ചിരുന്നു. അതേസമയം ജില്ലാ പഞ്ചായത്തില്‍ ലീഗിന് സീറ്റ് നല്‍കിയാല്‍ ഭാവിയിലത് പൂഞ്ഞാര്‍ സീറ്റിനായി ലീഗ് ഉന്നയിക്കുന്ന അവകാശവാദത്തിന് ബലം പകരുമെന്ന ഭയവും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നു. ഇതാണ് ജില്ലാ പഞ്ചായത്ത് സീറ്റെന്ന ആവശ്യം മുളയിലെ നുള്ളാന്‍ കാരണമായത്.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ലീഗിന് കൂടുതല്‍ പരിഗണന നല്‍കാമെന്നും ധാരണയായിട്ടുണ്ട്. ഇതോടെ കോട്ടയത്ത് യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 13 സീറ്റിലും ,കേരള കോണ്‍ഗ്രസ് 9 സീറ്റിലുമായിരിക്കും നിലവിലെ ധാരണപ്രകാരം മത്സരിക്കുക.

ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ സീറ്റ് വിഭജനത്തില്‍ ജോസഫ് ഗ്രൂപ്പിന് ഒന്‍പത് സീറ്റ് നല്‍കിയതിന് പിന്നാലെ ഘടകകക്ഷിയെന്ന നിലയില്‍ ലീഗിനും അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ എരുമേലി ഡിവിഷന്‍ എന്ന ലീഗിന്റെ ആവശ്യം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യോഗം നിരസിച്ചിരുന്നു.

തുടര്‍ന്ന് എരുമേലി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അനുവാദം തേടിയിരുന്നു. ഈ തര്‍ക്കമാണ് ലീഗിന്റെ പിന്മാറ്റത്തോടെ ഒത്തുതീര്‍പ്പിലെത്തിയത്.

kottayam election
Advertisment