Advertisment

അതിജാ​ഗ്രത വേണം: കോട്ടയവും ഇടുക്കിയും റെഡ്സോണിൽ. ഇന്ന് സ്ഥിരീകരിച്ചത് കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയിൽ 4 പേര്‍ക്കും. സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി

New Update

തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും കേസുകളും കൂടുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളും റെഡ് സോണായി പ്രഖ്യാപിച്ചു. മറ്റ് നാല് ജില്ലകൾ റെഡ് സോണായി തുടരും. മുഖ്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Advertisment

publive-image

ഇതോടെ സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി. അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊറോണ സ്ഥീരികരിച്ചു. രോഗമുക്തരായതും 13 പേരാണ്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേ‍ർക്കുമാണ് കൊറോണ പോസിറ്റീവായിരിക്കുന്നത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്.

ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാൾക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്. ബാക്കിയെല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഗ്രീന്‍ സോണിലായിരുന്ന കോട്ടയം , ഇടുക്കി ജില്ലകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊറോണ കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്.

അതേസമയം, കേരളത്തിലെ നാല് ജില്ലകളിൽ നിലവിൽ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല എന്നത് ആശ്വാസകരമാണ്. തിരുവനന്തപുരം,ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ നിലവിൽ ആരും കൊറോണ ചികിത്സയിലില്ല.

നേരത്തേ പ്രഖ്യാപിച്ച നാലു ജില്ലകൾ റെ‍ഡ് സോണിൽ തുടരും. ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും വർധനവാണ് വന്ന സാഹചര്യത്തിലാണ് രണ്ട് ജില്ലകളും റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചത് . ഒപ്പം ഹോട്സ്പോട്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയത്ത് അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകൾ ഹോട്സ്പോട്ടാണ്.

ആകെ എണ്ണം 481 

ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്. 123 പേർ ചികിത്സയിലുണ്ട്. 20301 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 19812 പേര്‍ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 104 പേർ ആശുപത്രിയിലെത്തി. ഇതുവരെ 23,271 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 875 സാംപിളുകൾ ശേഖരിച്ച് പരിശോധയ്ക്ക് അയച്ചു. 611 എണ്ണം നെഗറ്റീവാണ്. കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 3056 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഹോട്സ്പോട്ടുകളിൽ മാറ്റം വന്നിട്ടുണ്ട്. ഇതോടൊപ്പം റെഡ് സോണുകളിലും മാറ്റം വരും.

Advertisment