Advertisment

കോഴിക്കോട് കലക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തുള്ള മേശപ്പുറത്ത് 8 കവറുകളില്‍ കേക്ക് ; കവറുകള്‍ മേശപ്പുറത്ത് വച്ചത് പര്‍ദ്ദയിട്ട സ്ത്രീ ; പരക്കം പാഞ്ഞ് ഉദ്യോഗസ്ഥര്‍

New Update

കോഴിക്കോട് : കലക്ടറേറ്റിൽ അജ്ഞാത കേക്ക്, പരക്കംപാഞ്ഞ് ഉദ്യോഗസ്ഥർ. ആഴ്ചയിലെ അവസാന ദിവസത്തെ ജോലിയും കഴിഞ്ഞു ജീവനക്കാർ സ്ഥലം വിടാനൊരുങ്ങവേയാണു താഴെ നിലയിൽ കോൺഫറൻസ് ഹാളിനു സമീപത്തായി മേശപ്പുറത്തു 8 കവറുകളിൽ കേക്ക് കണ്ടത്. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയിൽ നിന്നുള്ള കേക്കാണ്. ആരാണു വച്ചതെന്ന് ആർക്കും അറിയില്ല.

Advertisment

publive-image

വൈകിട്ട് മൂന്നരയോടെ പർദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകൾ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാർ പറഞ്ഞു. അവർ എന്തോ ആവശ്യത്തിനു വന്നപ്പോൾ തൽക്കാലത്തേക്കു കവർ മേശപ്പുറത്തു വച്ചതാണെന്നാണു കണ്ടവർ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണു വന്നതെന്നും അവർ അതിൽ തന്നെ തിരിച്ചു പോയി എന്നും ചിലർ പറഞ്ഞു. അതോടെ കേക്കിന്റെ കാര്യത്തിൽ ദുരൂഹതയായി.

കലക്ടർ സ്ഥലത്തില്ലാത്തതിനാൽ എഡിഎം റോഷ്ണി നാരായണനെ ജീവനക്കാർ കാര്യം അറിയിച്ചു. അവർ പൊലീസിനു വിവരം നൽകി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തെത്തി.

നിരീക്ഷണ ക്യാമറയിൽ നോക്കി ആളെ കണ്ടെത്താൻ പൊലീസ് വിചാരിച്ചെങ്കിലും കലക്ടറേറ്റിൽ ആ ഭാഗത്തൊന്നും ക്യാമറ സംവിധാനമില്ല. അവസാനം സാംപിൾ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു.ഉച്ചയോടെ മെഡിക്കൽ പൊലീസ് സ്റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു.

അവിടെ കേക്ക് സ്വീകരിക്കാൻ തയാറാകാഞ്ഞപ്പോൾ കലക്ടറേറ്റിൽ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങി. പൂവാട്ടുപറമ്പിലെ ബേക്കറിയിൽ പോയി നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ അതിൽ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി.

സ്ത്രീ പെരുവയൽ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷ സൂചകമായി സർക്കാർ ജീവനക്കാർക്കു മധുരം നൽകാൻ തീരുമാനിച്ചതാണെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണത്തിലാണ്.

Advertisment