Advertisment

ഒളിഞ്ഞുനോട്ടം ചോദ്യം ചെയ്തതിന് പ്രതികാരം; തയ്യല്‍ കടയില്‍ കവര്‍ച്ച നടത്തി സാധനങ്ങള്‍ കത്തിച്ച യുവാക്കള്‍ അറസ്റ്റില്‍

New Update

കോഴിക്കോട് : ഒളിഞ്ഞുനോട്ടം ചോദ്യം ചെയ്തതിന് കോഴിക്കോട് തെരുവത്തു കടവിലെ തയ്യല്‍ കടയില്‍ കവര്‍ച്ച നടത്തി സാധനങ്ങള്‍ കത്തിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ഫായിസ്, റാഷിദ് എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ അത്തോളി പൊലീസ് പിടികൂടിയത്. ഗുണ്ടാ ആക്ട് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് വടകര റൂറല്‍ എസ്.പി അറിയിച്ചു.

Advertisment

publive-image

സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ പകല്‍സമയം കണ്ടുവയ്ക്കും. വൈകുന്നേരങ്ങളില്‍ പരിസരത്ത് ഒളിച്ചിരുന്ന് സ്ത്രീകളോടും കുട്ടികളോടും അതിക്രമം കാണിക്കുന്നതാണ് രീതി. ആക്രമണത്തിനിരയായ പലരും പേടി കാരണം പുറത്ത് പറയാന്‍ വിസമ്മതിച്ചു. ഈ തക്കം മുതലെടുത്താണ് നാട്ടില്‍ ഫായിസും റാഷിദും അരിക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നത്.

ഇവരുടെ വൈകൃതത്തെ ചോദ്യം ചെയ്ത ആയിരോളി കുഞ്ഞിരാമന് നഷ്ടമായത് സ്വന്തം ഉപജീവന മാര്‍ഗമാണ്. സമാന അനുഭവങ്ങളുള്ള നിരവധിയാളുകളാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായത്. സകലതും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലായ കുഞ്ഞിരാമന്റെ കരച്ചില്‍ സകലരെയും വേദനിപ്പിക്കുന്നതായിരുന്നു.

നാട്ടുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. റാഷിദും ഫായിസും എത്താനിടയുള്ള സകല സ്ഥലത്തും പരിശോധിച്ചു. തെരുവത്ത് കടവിലെ ഹോട്ടലില്‍ രാത്രിയെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞുവച്ച് ഫായിസിനെ പൊലീസിന് കൈമാറിയത്. കൂടെയുണ്ടായിരുന്ന റാഷിദ് ഓടിരക്ഷപ്പെട്ടു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി റാഷിദ് ജില്ല വിടാന്‍ തീരുമാനിച്ചു.

എന്നാല്‍ കൊയിലാണ്ടിയില്‍ നിന്ന് അത്തോളി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും പിടിയിലായെങ്കിലും പുറത്തിറങ്ങിയാല്‍ പരാതി നല്‍കിയവരെ ഉപദ്രവിക്കുമെന്ന് നാട്ടുകാര്‍ക്ക് ഭയമുണ്ട്. പലരും കാര്യങ്ങള്‍ പറയാന്‍ മടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

നിരവധി കവര്‍ച്ചാക്കേസുകളിലും റാഷിദും ഫായിസും പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ പൊലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദേശം. പേടി കാരണം പരാതി പറയാന്‍ മടിക്കുകയാണെങ്കില്‍ സ്വമേധയാ കേസെടുക്കണം.

ഗുണ്ടാനിയമപ്രകാരം തടങ്കലില്‍ വയ്ക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുമെന്ന് എസ്.പി അറിയിച്ചു. കുഞ്ഞിരാമന്റെ തയ്യല്‍ക്കടയില്‍ നിന്ന് ഇരുവരും കവര്‍ന്ന മെഷിനുള്‍പ്പെടെയുള്ള സാധനങ്ങളില്‍ ഒരുഭാഗം തെരുവത്ത് കടവ് പുഴയില്‍ എറിഞ്ഞിരുന്നു.

ഇത് കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുഴയില്‍ തെരച്ചില്‍ നടത്തി. ഇസ്തിരിപ്പെട്ടി, കത്രിക, ഇലക്ട്രിക് സാധനങ്ങള്‍ തുടങ്ങിയവ നീന്തിയെടുത്തു. ഫായിസിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. നാട്ടില്‍ ഭീതിപരത്തിയ യുവാക്കളെ പിടികൂടിയെന്നറിഞ്ഞ് നിരവധിയാളുകളാണ് പരാതിയുമായി തെരുവത്ത് കടവിലെത്തിയത്.

arrest report
Advertisment