Advertisment

രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട് നിന്നല്ലെന്ന് കെ.ടി ജലീല്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

Advertisment

ബന്ധുനിയമന വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കെ.ടി ജലീല്‍. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടില്‍നിന്നല്ലെന്നും എ.കെ.ജി സെന്ററില്‍നിന്നാണെന്നും ജലീല്‍ പറഞ്ഞു.

തന്നെ സംരക്ഷിക്കുന്നത് സി.പി.ഐ.എമ്മാണെന്ന് കരിങ്കൊടി കാണിക്കുന്നവര്‍ ഓര്‍ക്കണമെന്ന് ജലീല്‍ പറഞ്ഞു. കറുത്ത കൊടികാട്ടിയാല്‍ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി, ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്റെ ഭീതിയാണ് ലീഗിന്റെ ആരോപണത്തിന് കാരണമെന്നും പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ കളരിയില്‍നിന്ന് ആയിരം വര്‍ഷം അഭ്യാസം പഠിച്ചാലും സി.പി.ഐ.എം സംരക്ഷണയിലുള്ള ഒരാളെ തൊടാന്‍ യൂത്ത് ലീഗുകാര്‍ക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാല്‍ പതറിപ്പോകും എന്നു കരുതരുത്. ഇസ്‌ലാമിക വിശ്വാസമനുസരിച്ചുള്ള ‘ഏഴു വന്‍ പാപങ്ങള്‍’ ചെയ്തതു താനല്ല. തന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും ജലീല്‍ പറഞ്ഞു.

ജലീലിന്റെ വിവാദ ബന്ധുനിയമനം സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയിരുന്നു. കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.

കഴിഞ്ഞ 11നു കെ.ടി.അദീബ് രാജിസന്നദ്ധത അറിയിച്ചു കോര്‍പറേഷനു കത്തു നല്‍കിയിരുന്നു. കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചെങ്കിലും, നിയമനം നല്‍കിയതു ന്യൂനപക്ഷ ക്ഷേമ വകുപ്പായതിനാല്‍ കത്തു സര്‍ക്കാരിനു കൈമാറി. ഇതേ തുടര്‍ന്നാണ് നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Advertisment