Advertisment

കുറവിലങ്ങാട് മൂന്ന്‌നോമ്പ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24ന് കൊടിയേറും

New Update

publive-image

Advertisment

കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവും സീറോ മലബാർ സഭയിലെ പ്രഥമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ഇടവകയുമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം തീർത്ഥാടന കേന്ദ്രത്തിലെ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിന് 24ന് കൊടിയേറുമെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, സീനിയർ അസി. വികാരിയും തിരുനാൾ ജനറൽ കൺവീനറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പകലോമറ്റം തറവാട് പള്ളിയിൽ നടക്കുന്ന സഭൈക്യവാരാചരണത്തിന് നാളെ (ശനിയാഴ്ച) അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തോടെ സമാപിക്കുമെന്ന് അസി.വികാരിമാരായ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. ജോസഫ് അമ്പാട്ട്, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ, ഫാ. തോമസ് കൊച്ചോടയ്ക്കൽ എന്നിവർ അറിയിച്ചു.

24ന് രാവിലെ 6.45ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. 25ന് രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കിന് പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. എട്ടിന് പ്രദക്ഷിണസംഗമം.

പ്രധാന തിരുനാൾ ദിനമായ 26ന് 10.30ന് പാലാ രൂപത സഹായമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഒന്നിന് പ്രസിദ്ധമായ കപ്പൽപ്രദക്ഷിണം. 27ന് രാവിലെ 10.30ന് സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തിരുനാൾ റാസയർപ്പിക്കും. വൈകുന്നേരം ആറിന് പ്രദക്ഷിണം.

കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് തിരുകർമ്മങ്ങളിലെ ഭക്തജന പങ്കാളിത്തമെന്ന് ആർപ്രീസ്റ്റ് അറിയിച്ചു. കൈക്കാരന്മാരായ പോൾ ചേലയ്ക്കാപ്പിള്ളിൽ, കുര്യാച്ചൻ പരണകാലാ, സിറിയക് തലച്ചിറ, ജോൺ കൂറ്റാരപ്പിള്ളിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ഷാജിമോൻ മങ്കുഴിക്കരി, പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ ജോജോ ആളോത്ത്, സോൺ ലീഡർമാരായ പ്രഫ. ടി.ടി ദേവസ്യ, ബിബിൻ വെട്ടിയാനിയിൽ, ബിജു താന്നിയ്ക്കതറപ്പിൽ, ഷിബു തെക്കുംപുറം, പബ്ലിസിറ്റികമ്മിറ്റി കൺവീനർ ബെന്നി കൊച്ചുകിഴക്കേടം എന്നിവർ പരിപാടികൾ വിശദീകരിച്ചു.

പള്ളിയകത്തുള്ള തിരുകർമ്മങ്ങളിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി 100 പേർക്കാണ് ഒരുസമയം അവസരം നൽകുന്നത്. പ്രദക്ഷിണങ്ങളിൽ 200 പേരുടെ പങ്കാളിത്തമാണ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരുക്കുക. തിരുസ്വരൂപങ്ങളും മുത്തുക്കുടകളും സംവഹിക്കുന്നവരും കാർമികരും മാത്രമാകും പ്രദക്ഷിണത്തിൽ അണിചേരുക. തിരുകർമ്മങ്ങളിലെ പങ്കെടുക്കുന്നിന് വിശ്വാസികൾക്ക് കുറവിലങ്ങാട് ചർച്ച് എന്ന പേരിലുള്ള അപ്ലിക്കേഷനിലെ വെർച്യൽക്യൂവിൽ ബുക്ക് ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്.

ഇടവകയിൽ ഇനിയുള്ള മൂന്ന് ദിനങ്ങൾ പ്രത്യേക പ്രാർത്ഥനാ ദിനമായും ആചരിക്കും. ഇടവകയിലെ ഒരോ കുടുംബങ്ങളും ഒരു പ്രത്യേക ജപമാലചൊല്ലി തിരുനാൾ ആചരണം സമർപ്പിച്ച് പ്രാർത്ഥിക്കും. ഇത്തരത്തിൽ 10,000 ജപമാലകൾ ചൊല്ലി സമർപ്പിക്കാനാണ് തീരുമാനം.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോർഡുകളും ബാനറുകളും പ്രദർശിപ്പിക്കുന്നുണ്ട്. സാമുഹിക അകലം പാലിച്ച് ക്രമീകരണങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കാനാണ് യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും അടങ്ങുന്ന കമ്മിറ്റി ശ്രമങ്ങൾ നടത്തുന്നത്.

kottayam news
Advertisment