ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര പ്രവർത്തിച്ചിരുന്നത് ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. ഇക്കാര്യം താനടങുന്ന സംഘം ദീപക് മിശ്രയുമായി സംസാരിച്ചിരുന്നുവെന്നും മറുപടി അനുകൂലമായിരുന്നില്ലെന്നും കുര്യൻ ജോസഫ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, December 3, 2018

 

ഒരു ദേശീയ മേധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്  സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്ദ്ദങ്ങൾക്ക്  വഴങ്ങിയാണ് പ്രവര്ത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായി ജസ്റ്റിസ് കുര്യൻ  ജോസഫ്  ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് . അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയിൽ  താനും മറ്റ് മൂന്ന് ജസ്റ്റിസുമാരും ചേർന്ന്  ജസ്റ്റിസ് ദീപക്  മിശ്രയ്ക്കെതിരെ വാര്ത്താസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു .

ഇക്കഴിഞ്ഞ ജനുവരി 12നാണ് ജസ്റ്റിസ് കുര്യൻ  ജോസഫ്, ജസ്റ്റിസ് ചെലമേശ്വർ , ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ  ഗൊഗോയ്, ജസ്റ്റിസ് മദൻ  ബി ലോക്കൂർ  എന്നിവർ  ചേർന്ന്  അന്നത്തെ  ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ വാർത്താ സമ്മേളനം  നടത്തിയത് . സുപ്രീം കോടതിയിലെ കാര്യങ്ങൾ  ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണമായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ ഇവർ പ്രധാനമായും  ഉന്നയിച്ചത്.

ബാഹ്യ  സമ്മർദ്ദങ്ങൾക്ക്   വഴങ്ങിയാണ് ദീപക് മിശ്രയുടെ പ്രവര്ത്തനങ്ങളെന്ന് തനിയ്ക്ക് പലപ്പോഴും തോന്നിയിരുന്നുവെന്നും  കേസുകൾ ആരൊക്കെ  കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളിൽ  ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്ദ്ദം ഉണ്ടായിരുന്നുവെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് അഭിമുഖത്തിൽ പറഞ്ഞു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മര്ദ്ദങ്ങൾക്ക്  വഴങ്ങിയാണ് ദീപക് മിശ്ര പ്രവര്ത്തിച്ചിരുന്നതെന്നും  അദ്ദേഹം പറയുന്നു.

ഇക്കാര്യം ദീപക് മിശ്രയുമായി താൻ  അടങ്ങുന്ന സംഘം സംസാരിച്ചിരുന്നു . സുപ്രീംകോടതി നടപടികൾ  സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങൾ  ആവശ്യപ്പെട്ടിരുന്നുവെന്നും . എന്നാൽ  ഒന്നിനോടും അനുകൂലമായ നടപടിയല്ല ജസ്റ്റിസ്ദീപക് മിശ്ര സ്വീകരിച്ചതെന്നും  ജസ്റ്റിസ് കുര്യൻ  ജോസഫ്  പറഞ്ഞു.

×