Advertisment

കുവൈറ്റിൽ വന്ദേ ഭാരത ദൗത്യത്തിൽ മുൻഗണനാക്രമം അട്ടിമറിച്ച് ഇഷ്ടക്കാരെ നാട്ടിലെത്തിക്കുന്ന എംബസി മാഫിയയുടെ ഇടപെടലിന് തെളിവ് പുറത്ത് ! തട്ടിപ്പിനിരയായ വിവരം മാധ്യമങ്ങളോട് പറഞ്ഞ യുവാവിന്റെ പണം തിരികെ നൽകി യുവാവിനെ സ്വാധീനിക്കാനും എംബസിയിലെ മലയാളി വാളന്റിയറുടെ നീക്കം ! പുറത്തുവരുന്നത് എംബസി മാഫിയയുടെ പകൽക്കൊള്ള. നിര്‍ണ്ണായക വീഡിയോ കാണുക !

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈറ്റ്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ മാനദണ്ഡങ്ങൾ മറികടന്ന് നാട്ടിലെത്തിക്കാമെന്ന് ഇന്ത്യൻ എംബസി വാളണ്ടിയർ പ്രവാസി യുവാവിന് ഉറപ്പു നൽകിയത് സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തൽ.

നാട്ടിലേക്ക് കയറ്റിവിടാൻ എംബസി വാളണ്ടിയർ പണം വാങ്ങിയ കാര്യം മാധ്യമങ്ങളെ അറിയിച്ച പ്രവാസി യുവാവിനെ പ്രലോഭിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു മലയാളിയായ വിവാദ വോളണ്ടിയറുടെ 'എയർ ലിഫ്റ്റിങ്' വാഗ്ദാനം.

< മാധ്യമ പ്രവര്‍ത്തകന് എതിരെ വാര്‍ത്ത കൊടുക്കാന്‍ എംബസി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന പ്രവാസി മലയാളിയുടെ വീഡിയോ >

കഴിഞ്ഞ ദിവസം പൊതുമാപ്പിൽ ഉൾപ്പെട്ട യുവാവിനെ നാട്ടിലേക്ക് വിടാൻ 120 കെ ഡി എംബസി വാളണ്ടിയർ കൈക്കൂലിയായി വാങ്ങിയെന്നു കാട്ടി പ്രവാസി യുവാവ് മാധ്യമ പ്രവർത്തകനോട് വെളിപ്പെടുത്തൽ നടത്തിയ വീഡിയോ പുറത്തുവന്നിരുന്നു.

തൊട്ടുപിന്നാലെ പണം വാങ്ങിയ വോളണ്ടിയർ ഇയാളെ സമീപിച്ച് പണം തിരികെ നൽകുകയും പണം വാങ്ങിയ കാര്യം പറഞ്ഞത് മാധ്യമങ്ങൾ പറഞ്ഞിട്ടാണെന്ന് തിരി ച്ചു പറയാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെ പറഞ്ഞാൽ എംബസിയിലെ സാബിനോട് ( മലയാളി ഉദ്യോഗസ്ഥൻ ) പറഞ്ഞ് വന്ദേ ഭാരത് ദൗത്യത്തിൽ ഉൾപ്പെടുത്തി ഇയാളെ ഉടൻ തന്നെ നാട്ടിലേക്ക് വിടാമെന്നും ഉറപ്പുനൽകി. അങ്ങനെ പറഞ്ഞാല്‍ ആ മാധ്യമപ്രവര്‍ത്തകനെ ജയിലിലടക്കാമെന്നും ഇയാള്‍ പറയുന്നുണ്ട് .

എന്നാൽ മാധ്യമങ്ങളുടെ ഇടപെടൽ കാരണം തട്ടിപ്പിനിരയായ പണം തിരികെ കിട്ടിയ ഹിന്ദിക്കാരനായ പ്രവാസി യുവാവ് മാധ്യമ പ്രവർത്തകരെ ചതിക്കാനില്ലെന്ന് മറുപടി നൽകി.

publive-image

പണം സൂത്രത്തിൽ വാങ്ങിയെടുത്ത ശേഷമായിരുന്നു ഇയാൾ ഉള്ള കാര്യം വോളണ്ടിയരോട് തുറന്നു പറഞ്ഞത്. അവർ കാരണമല്ലേ നിങ്ങൾ പണം തിരിച്ചു തന്നത്, പിന്നെങ്ങനെ ഞാനവരെ വഞ്ചിക്കും - എന്നായിരുന്നു യുവാവിന്റെ മറു ചോദ്യം.

മാത്രമല്ല, എംബസി വോളന്റിയർ പറഞ്ഞ കാര്യങ്ങളെല്ലാം റെക്കോർഡ് ചെയ്തിട്ടുമുണ്ട്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി എംബസിയിലെ മലയാളിയായ ഉദ്യോഗസ്ഥനും വോളന്റിയർമാരും ഉൾപ്പെടുന്ന മാഫിയ സംഘത്തിനെതിരെ പുറത്തുവന്ന ആരോപണങ്ങൾ ഒരിക്കൽകൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

വന്ദേ ഭാരത ദൗത്യത്തിൽ തിരിമറി നടത്തി അനർഹരെ നാട്ടിലേക്ക് കടത്തിവിടുന്നുവെന്ന് എംബസിക്കെതിരെ കഴിഞ്ഞ ദിവസം തന്നെ ആരോപണം ഉയർന്നിരുന്നു. ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തിൽ പുറപ്പെടാൻ എംബസി ഷെഡ്യൂൾ ചെയ്ത ലിസ്റ്റിൽ ഉൾപ്പെട്ട 40 ഓളം പേർക്ക് കഴിഞ്ഞ ദിവസം എയർപോർട്ടിലെത്തിയിട്ട് മടങ്ങേണ്ടി വന്നിരുന്നു.

ലിസ്റ്റിൽ വ്യാപകമായ തിരിമറി നടന്നുവെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

ഏജൻസികളുടെ തട്ടിപ്പിനിരയായി കുവൈറ്റിലെത്തപ്പെട്ട യുവാവ് പിന്നീട് പ്രഖ്യാപിക്കപ്പെട്ട പൊതുമാപ്പിൽ അപേക്ഷ നൽകി ഈ ലിസ്റ്റിൽ കയറിക്കൂടുകയായിരുന്നു. അതിനും മുമ്പ് തന്നെ ഇയാളെ തിരിച്ചുകയറ്റിവിടാം എന്നുപറഞ്ഞ് എംബസി വോളന്റിയറായ മലയാളി 120 കെ ഡി കൈപ്പറ്റുകയായിരുന്നു.

publive-image

പൊതുമാപ്പിൽ ഉൾപ്പെട്ടവരുടെ ടിക്കറ്റ് ചിലവ് കുവൈറ്റ് സർക്കാരാണ് വഹിക്കുക എന്നിരിക്കെ കുവൈറ്റ് പൊലീസിന് കൈക്കൂലി കൊടുക്കാൻ ആ പണം ഉപയോഗിച്ചതായും ഇവർ യുവാവിനെ ധരിപ്പിച്ചു.

ഇത്തരം തട്ടിപ്പുകൾക്കായി എംബസിയിൽ വോളന്റിയർമാരുടെ ഒരു നിരതന്നെയുണ്ട്. എംബസിയിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇവരുടെ തലവനെന്നാണ് ആരോപണം. മുൻഗണനാ മാനദണ്ഡം മാറ്റി ആളെ കയറ്റി വിടുന്നതിന് ഇവർ പണം വാങ്ങുന്നുണ്ടെന്നാണ് ആരോപണം.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് എംബസിയിലെ ഈ മാഫിയാ സംഘത്തിനെതിരെ ഉള്ളത്. ഇവർക്കെതിരെ ശബ്ദിക്കുന്നവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിളിച്ച് ഇവരുടെ ജോലി കളയുക, ഭീഷണിപ്പെടുത്തുക എന്നിവയൊക്കെ ഈ ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും സ്ഥിരം പരിപാടിയായിരുന്നു.

ഇങ്ങനെ ജോലി നഷ്ടപ്പെട്ടവരുമുണ്ട്. പ്രവാസികളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ എംബസി ഉദ്യോഗസ്ഥർ തന്നെ കുവൈറ്റില്‍ പ്രവാസിക്ക് ദ്രോഹം ചെയ്യുന്നതാണ് യാഥാർഥ്യം.

ഈ സംഘത്തിന്റെ പ്രവർത്തി കാരണം ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാരും ജനങ്ങൾക്ക് മുമ്പിൽ നാണംകെടുന്നതാണ് സാഹചര്യം. ഇക്കാര്യം കേന്ദ്രസർക്കാരിന്റെയും പാര്‍ലമെന്ടിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ അടിയന്തിര ഇടപെടൽ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

corona kuwait
Advertisment