ബിഗ്‌ബോസില്‍ സാബുമോന്‍ വിലസുമ്പോഴും അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് ലസിത പാലയ്ക്കല്‍ ; നീതി ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന് ലസിത

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 12, 2018

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ ടിവി അവതാകരകനും നടനുമായ സാബുമോനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി യുവമോർച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിത പാലയ്ക്കൽ. സാബുമോൻ ലസിതയ്ക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി നടത്തിയ അശ്ലീല പരാമർശത്തെ തുടർന്ന് ലസിത പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിൽ തനിക്ക് നീതി ലഭിക്കുന്ന രീതിയിലുള്ള നടപടി പൊലീസില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് ലസിത പറഞ്ഞു. സംഭവത്തില്‍ ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്‍കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ലസിത പാലക്കല്‍.

കഴിഞ്ഞ ജൂൺ ആറാം തീയതിയാണ് ലസിത തലശ്ശേരി എ.എസ്.പിക്ക് പരാതി നൽകിയത്. പത്ത് ദിവസം കൊണ്ട് മറുപടി പറയാമെന്നായിരുന്നു അന്നു കിട്ടിയ മറുപടി. എന്നാൽ പത്ത് ദിവസത്തിന് ശേഷം അന്വേഷിച്ചപ്പോൾ കണ്ണൂരില്‍ നിന്നും റിപ്പോർട്ട് വന്നിട്ടില്ല എന്നറിയിച്ചു. സാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ലസിത പാനൂര്‍ സ്റ്റേഷനില്‍ സമരമിരിക്കുക വരെ ചെയ്തെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്. തനിക്ക് നീതി ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന് ലസിത പറയുന്നു.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സത്യസന്ധമായ രീതിയിലാണ് വനിതാ കമ്മീഷൻ അന്വേഷണം നടത്തുന്നത്. ഡിജിപി തന്റെ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അറിഞ്ഞതിന് ശേഷം മാത്രമേ കൂടുൽ പ്രതികരിക്കാൻ സാധിക്കൂ എന്നും ലസിത പറഞ്ഞു.

×