പുരോഹിതരുടെ ലൈംഗിക പീഡനം; ഐക്യദാര്‍ഡ്യം ഇരകളോട്, പൈശാചിക കൃത്യങ്ങളില്‍ പ്രായശ്ചിത്തം വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, August 22, 2018

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ നിന്ന് ഉയര്‍ന്നുവരുന്ന പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളിലും അവയെ മറച്ചുപിടിക്കാനുള്ള സഭാ നേതൃത്വത്തിന്റെ വ്യഗ്രതയ്ക്കുമെതിരെ കടുത്ത നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡനത്തിലെ ഇരകളോടാണ് സഭ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കേണ്ടത്. ലൈംഗിക പീഡനം പോലെയുള്ള പൈശാചിക കുറ്റകൃത്യങ്ങള്‍ക്ക് പ്രായശ്ചിത്തമായി സഭ ഒന്നടങ്കം ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ദൈവജനത്തിന് വികാരപരമായി എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. ‘വത്തിക്കാന്‍ ന്യൂസ്’ ആണ് കത്തിന്റെ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുരോഹിതരുടെ ലൈംഗിക പീഡന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുമ്പോള്‍, ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഏറെ വേദന നേരിടുന്ന ഈ കാലഘട്ടത്തില്‍ മാര്‍പാപ്പയുടെ കത്തിന് ഏറെ പ്രാധാന്യമുണ്ട്.

”നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനിക്കുന്നു” എന്ന വി.പൗലോസ് അപ്പസ്‌തോലന്‍ 1 കൊറി. 12:26ല്‍ പറയുന്ന വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് ആരംഭിക്കുന്നത്. ലൈംഗിക പീഡനങ്ങളില്‍ നിരവധി കുരുന്നുകള്‍ ഏറെ സഹിക്കുന്നുവെന്ന ബോധ്യമുണ്ടാകുമ്പോള്‍, ഒരു വിഭാഗം അഭിഷിക്തരും വൈദികരും അധികാരവും മനസാക്ഷിയും ദുരുപയോഗിക്കുന്നുവെന്ന് അറിയുമ്പോള്‍, അപ്പസ്‌തോലന്റെ ഈ വാക്കുകളാണ് തന്റെ ഹൃദയത്തില്‍ ശക്തമായി മുഴുങ്ങുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇരകളില്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളിലും വിശ്വാസ സമൂഹത്തിലും എന്തിനേറെ അവിശ്വാസികളില്‍ പോലും വലിയ ആഴത്തിലുള്ള വേദനയും ബലഹീനതയും ഉണ്ടാക്കുന്നു.

കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങള്‍ നോക്കിയാല്‍ വീഴ്ചകളില്‍ മാപ്പപേക്ഷിക്കലോ വേദന പരിഹരിക്കുകയോ ചെയ്തിട്ടില്ല. ഭാവിയിലേക്ക് നോക്കിയാല്‍, ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഇരയുടെയും അവരുടെ കുടുംബത്തിന്റേയും വേദന നമ്മുടേതു കൂടിയാണ്. നമ്മുടെ കുട്ടികള്‍ക്കും മുറിവേല്‍ക്കപ്പെടുന്ന മുതിര്‍ന്നവര്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന കടമ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കണമെന്നും മാര്‍പാപ്പ കത്തില്‍ പറയുന്നു.

×