Advertisment

തുറവൂർ ക്ഷേത്ര നടത്തിപ്പിൽ വീണ്ടും ലക്ഷങ്ങളുടെ ക്രമക്കേട് ! സർക്കാർ നൽകിയ 10 ലക്ഷം രൂപയ്ക്ക് കണക്കില്ല. ആരോപണങ്ങൾ ഗുരുതരം

New Update
തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ലക്ഷങ്ങളുടെ ക്രമക്കേട് - വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ തുറവൂർ നരസിംഹസ്വാമി ക്ഷേത്ര നടത്തിപ്പിൽ വീണ്ടും ലക്ഷങ്ങളുടെ ക്രമക്കേടെന്ന് പരാതി. 2016, 2017 വർഷങ്ങളിൽ ഉത്സവ നടത്തിപ്പിനായി സർക്കാരിന്റെ വിനോദ സഞ്ചാര വകുപ്പിൽ നിന്നും നൽകിയ 10 ലക്ഷം രൂപയുടെ വിനിയോഗത്തിൽ  ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ക്രമക്കേട് നടന്നതായാണ് ആരോപണം.

Advertisment

മേൽപറഞ്ഞ 10 ലക്ഷം രൂപ കൂടാതെ 2017 ൽ ഭക്തജനസമിതിക്ക് വൃദ്ധസദനം പണിയാൻ ഒരു കോടി രൂപ ബഡ്ജറ്റിൽ അനുവദിക്കുകയും ഈ പണം ഭക്തജന സമിതി കൈപ്പറ്റുകയും ചെയ്തതാണ് ഈ സംശയം ബലപ്പെടാൻ കാരണം. ഈ പണം എവിടെ പോയി എന്നറിയില്ല. വൃദ്ധസദനം പണിയുകയോ യൂട്ടലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ലെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി തുറവൂർ ക്ഷേത്രത്തിൽ നടന്ന് വന്നിരുന്ന ക്രമക്കേടുകളും അഴിമതിയും മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു.

സംസ്ഥാന ഓഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ടിലും ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ഭാരവാഹികൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ട്.

 1 - 4 - 2013 മുതൽ 31 - 10 - 2018 വരെയുള്ള വരവ് ചിലവ് കണക്കുകൾ സംസ്ഥാന ഓഡിറ്റ് വിഭാഗം ഓഡിറ്റ് ചെയ്തിരുന്നു. ഇതിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഓഡിറ്റിങ്ങിന് ആവശ്യമായ രേഖകൾ നൽകിയിട്ടില്ല എന്നതിനു പുറമേ യാതൊരു രജിസ്റ്ററുകളും സൂക്ഷിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ആദായ നികുതി അടച്ചതിന്റെ രേഖകൾ ഇല്ല. വഴിപാട് രസീതുകളിൽ തിരിമറി നടത്തി ലക്ഷങ്ങൾ വെട്ടിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ഉണ്ട്. 

ദേവസ്വം ബോർഡിന്റെ സീൽ ചെയ്ത രസീതുകൾ ഉപയോഗിക്കാതെ വ്യാജമായി രസീതുകൾ അടിച്ച് ഭക്തജന സമിതി പണപ്പിരിവ് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കൊടിമരം സ്വർണം പൂശിയതിന് ശേഷം മിച്ചമുണ്ടായിരുന്ന സ്വർണം അപ്രത്യക്ഷമായി. ഇപ്പോൾ സർക്കാർ നൽകിയ 10 ലക്ഷം രൂപയ്ക്ക് കണക്കുമില്ല. കേരള സംസ്ഥാന ഓഡിറ്റ് വിഭാഗം ജോ ഡയറക്ടർ കെ.സുദർശനനാണ് റിപ്പോർട്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്രഭരണത്തിനായി ക്ഷേത്രോപദേശക സമിതി രൂപീകരിക്കാമെന്ന തീരുമാനത്തിന്റെ മറവിലാണ് തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയ്ക്ക് ക്ഷേത്രോപദേശകസമിതിയുടെ അധികാരം നൽകിയത്. ഇത് ദേവസ്വം ബോർഡിലെ ഉന്നതർ അറിഞ്ഞ് കൊണ്ട് നടത്തിയ തീരുമാനമാണ്. 

ട്രാവൻകൂർ-കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 അനുസരിച്ച് രജിസ്റ്റർ ചെയ്ത ഭക്തജന സമിതിക്ക് ദേവസ്വം ബോർഡ് നിയമാവലി അനുസരിച്ച് ക്ഷേത്രോപദേശക സമിതിയായി പ്രവർത്തിക്കാൻ സാധിക്കില്ല എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.  പോലീസ് കേസെടുത്ത് അന്വേഷിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്

Advertisment