Advertisment

കേരളം നേടിയതൊക്കെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ കേരളീയം മഹോത്സവം നാളെ കൊടിയേറും. ഇനി ഒരാഴ്ച തലസ്ഥാനം ഉത്സവാഘോഷത്തിൽ. ദീപാലങ്കാരവും പ്രദർശനങ്ങളും വ്യാപാരമേളകളും പുഷ്പോത്സവവും ഭക്ഷ്യമേളകളുമായി തലസ്ഥാനം ആറാടും. ഭാവികേരളത്തിന്റെ രൂപരേഖ തയ്യാറാക്കാൻ 25അന്താരാഷ്ട്ര സെമിനാറുകളും. പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും ജനങ്ങൾ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി.

New Update
keraleeyam

തിരുവനന്തപുരം: കേരളം നേടിയതൊക്കെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ കേരളീയം മഹോത്സവം നാളെ കൊടിയേറുകയാണ്. ഇനി ഒരാഴ്ച തലസ്ഥാനം ഉത്സവാഘോഷത്തിലായിരിക്കും. ദീപാലങ്കാരവും പ്രദർശനങ്ങളും വ്യാപാരമേളകളും പുഷ്പോത്സവവും ഭക്ഷ്യമേളകളുമായി തലസ്ഥാനം ആറാടും.

Advertisment

മതവർഗീയതയ്ക്ക് നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയാനും സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്‌കാരത്തെ ആഘോഷിക്കാനുമുള്ള അവസരമാണ് കേരളീയം ഒരുക്കുന്നത്. ജാതീയതയുടേയും ജന്മിത്വത്തിന്റേയും നുകങ്ങളിൽ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകത്തെ അറിയിക്കാനാണ് കേരളീയം ഒരുക്കുന്നത്- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നവംബർ ഒന്നിന് രാവിലെ 10 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ഡോ. എം.വി.പിള്ള എന്നിവർ പങ്കെടുക്കും.  കവടിയാർ മുതൽ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം നടക്കുന്നത്. സെമിനാറുകൾ നവംബർ രണ്ട് മുതൽ ആറു വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുന്നത് .

എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ കലാപരിപാടികൾ . എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഉണ്ടാകും. വേദികൾ ഭിന്നശേഷി സൗഹൃദമായിരിക്കും.

ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും സെമിനാറുകൾ നടത്തുക . എല്ലാ സെമിനാറുകളും ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനൊപ്പം ആംഗ്യ ഭാഷയിൽ തർജ്ജമയും ചെയ്യും.കവടിയാർ മുതൽ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികൾ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങൾ കൊണ്ട് അലങ്കരിക്കും.

കേരളത്തിലെ പ്രശസ്തരായ ശിൽപ്പികൾ ഒരുക്കുന്ന 25 ഓളം ഇൻസ്റ്റലേഷനുകൾ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഉയരും. കൂടാതെ കേരളീയത്തിന്റെ ബ്രാൻഡിംഗ് ഡിസൈൻ ഏകോപിപ്പിക്കുന്നതും, കേരളത്തിന്റെ പൊതു സ്മാരകങ്ങൾ പ്രദർശന സങ്കേതങ്ങൾ എന്നിവ അന്തർദേശീയ ധാരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ റിയാസ് കോമു തയ്യാറാക്കുന്ന ആർട്ട് ഡോക്യുമെറ്റേഷനും എക്സിബിഷന്റെ ഭാഗമാണ്.

keraleeyam

നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് കേരളീയത്തിൽ നടക്കുക. കേരളത്തിന്റെ കാർഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയും ഭാവി ലക്ഷ്യങ്ങളും ഈ സെമിനാറുകളിൽ ചർച്ച ചെയ്യും. കേരളത്തിലെ കൃഷി സംബന്ധമായ സെമിനാറിൽ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ കാവോ ഡുക് പാറ്റ് , ലോകബാങ്കിലെ മുതിർന്ന കാർഷിക സാമ്പത്തിക വിദഗ്ധൻ ക്രിസ് ജാക്സൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സിംഗപ്പുരിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിൻ ജെഫ്രി, യു.എസിലെ ബ്രൗൺ സർവകലാശാലയിലെ സോഷ്യോളജി, ഇന്റർനാഷണൽ ആൻഡ് പബ്ളിക് അഫയേഴ്സ് വിഭാഗം പ്രൊഫസറായ പാട്രിക് ഹെല്ലർ എന്നിവർ സംസാരിക്കും.

ആരോഗ്യ രംഗത്തെ പുരോഗതികളും കേരളം മഹാമാരിയെ നേരിട്ടതെങ്ങനെ എന്നതും ചർച്ച ചെയ്യപ്പെടും . ഈ സെമിനാറുകളിൽ ബോസ്റ്റണിലെ ഹാവാർഡ് ടി.എച്ച്. ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ രാജ്യാന്തര ആരോഗ്യവിഭാഗത്തിലെ റിച്ചാർഡ് എ. കാഷ്, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേൺഷൻ ചെന്നൈ ചെയർപേഴ്സൺ ഡോ സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ സംസാരിക്കും.

ഐ.ടി മേഖലയെ പറ്റിയുള്ള സെമിനാറിൽ തമിഴ്നാട് ഐ.ടി മിനിസ്റ്റർ ഡോ പളനിവേൽ തങ്കരാജൻ പങ്കെടുക്കും. പ്രവാസി സമൂഹത്തെക്കുറിച്ച് ലോകബാങ്കിലെ മുതിർന്ന സാമ്പത്തികവിദഗ്ധൻ ദിലീപ് റാത്ത, ഖത്തറിലെ ഖലീഫ സർവകലാശാലയിലെ മൈഗ്രേഷൻ എത്തിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് വിഭാഗം പ്രൊഫസർ ഡോ. രാജൈ ആർ. ജുറൈദിനി എന്നിവർ സംസാരിക്കും.

കേരളത്തിലെ ലിംഗനീതി, മുതിർന്ന പൗരന്മാരുടെ ക്ഷേമവും അവർ നേരിടുന്ന പ്രശ്നങ്ങളും, കേരളത്തിലെ ഭൂപരിഷ്‌കരണം, മത്സ്യമേഖല, തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, വിദ്യാഭ്യാസരംഗം തുടങ്ങിയ വിഷയങ്ങളും സെമിനാറുകളിലുണ്ട്. ഓൺലൈൻ ഓഫ്‌ളൈൻ രീതികൾ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയഅന്തർദേശീയ പ്രഭാഷകർ പങ്കെടുക്കും.  

കേരളീയം പരിപാടിയോട് പ്രതിപക്ഷ നേതാക്കൾ സഹകരിച്ചില്ലെങ്കിലും ജനങ്ങൾ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തോടാണോ സർക്കാരിനോടാണോ ജനങ്ങൾക്ക് ഇഷ്ടമെന്ന് പരിപാടി കഴിയുമ്പോൾ അറിയാം. കേരളീയത്തിന്റെ ബജറ്റ് തയ്യാറായിട്ടുണ്ടെന്നും ഇപ്പോൾ തന്റെ പക്കൽ കണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

keraleeyam

അതേസമയം സാമ്പത്തിക പ്രതിസന്ധിയിലും നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂർത്താണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. നവകേരള സദസ് ആർക്കുവേണ്ടിയാണെന്ന സി.പി.ഐ സംസ്ഥാന കൗൺസിലിന്റെ ചോദ്യമാണ് ജനങ്ങൾക്കുമുള്ളതെന്ന് സുധാകരൻ പരിഹസിച്ചു.

Advertisment