Advertisment

ഏതു വിധേനയും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപി. പാർലമെന്റ് തിരഞ്ഞെടുപ്പിന് തന്ത്രങ്ങളൊരുക്കാൻ അമിത് ഷായും ജെ.പി നദ്ദയും കേരളത്തിലേക്ക്. എ ക്ലാസ് മണ്ഡലങ്ങളിൽ വിജയമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. പൊതുസമ്മതരെ ഇറക്കി വിജയം നേടുക തന്ത്രം. തിരുവനന്തപുരത്ത് തരൂരിനെ എതിരിടാൻ കേന്ദ്രമന്ത്രിമാരടക്കം പരിഗണനയിൽ

തൃശൂ‌ർ, തിരുവനന്തപുരം, പാലക്കാട്, കാസ‌ർകോട്, പത്തനംതിട്ട തുടങ്ങിയ എ ക്ലാസ് മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കുകയാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്. തൃശൂരിൽ ഏറെക്കാലം മുൻപു തന്നെ സുരേഷ് ഗോപി സജീവ പ്രചാരണത്തിലാണ്. പത്തനംതിട്ടയും പാലക്കാടും പൊതുസമ്മതരെ സ്ഥാനാർത്ഥികളാക്കി സീറ്റ് പിടിക്കാനാണ് നീക്കം.

New Update
jp nadda amit shah sasi tharoor

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കവേ, ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ലക്ഷ്യമിട്ട് തന്ത്രങ്ങളൊരുക്കി ബിജെപി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനും ഒരുക്കങ്ങൾക്കുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേരളത്തിലെത്തും.

Advertisment

വരുന്ന 30ന് നടക്കുന്ന എൻഡിഎയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനത്തിനാണ് നദ്ദ എത്തുന്നത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാനതല 'ജനജാഗരണയാത്ര'യുടെ ഉദ്ഘാടനത്തിനാണ് അമിത്ഷാ എത്തുക. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ഡിസംബർ രണ്ടാം വാരത്തിലാണ് അമിത് ഷാ വരുന്നത്.


തൃശൂ‌ർ, തിരുവനന്തപുരം, പാലക്കാട്, കാസ‌ർകോട്, പത്തനംതിട്ട തുടങ്ങിയ എ ക്ലാസ് മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കുകയാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്. തൃശൂരിൽ ഏറെക്കാലം മുൻപു തന്നെ സുരേഷ് ഗോപി സജീവ പ്രചാരണത്തിലാണ്. പത്തനംതിട്ടയും പാലക്കാടും പൊതുസമ്മതരെ സ്ഥാനാർത്ഥികളാക്കി സീറ്റ് പിടിക്കാനാണ് നീക്കം.


തിരുവനന്തപുരത്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരെയടക്കം പരിഗണിക്കുന്നു. പ്രധാനമന്ത്രി മോഡി മത്സരിച്ചാലും താൻ ജയിക്കുമെന്ന് ഒരു മുഴം മുൻപേ ശശിതരൂ‌ർ തിരിച്ചടിച്ചിട്ടുമുണ്ട്. 

സംസ്ഥാനത്തെ അഴിമതി ഭരണമെന്ന മുദ്രാവാക്യമായിരിക്കും ബിജെപി പ്രചാരണ ആയുധമാക്കുക. ഇതിനു മുന്നോടിയായി സർക്കാരിന്റെ അഴിമതിഭരണത്തിനും കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള പ്രശ്നങ്ങളിൽ നീതിതേടിയുമാണ് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സെക്രട്ടേറിയറ്റ് മാർച്ച്. എൻഡിഎ നേതാക്കളെ മുഴുവൻ പങ്കെടുക്കുന്ന നടത്തുന്ന സെക്രട്ടേറിയറ്റ് സമരം പാർട്ടിയുടെ വൻ പ്രചാരണപരിപാടിക്കുള്ള തുടക്കം കൂടിയായിരിക്കും.


ഇടതുസർക്കാരിന്റെ അഴിമതിഭരണം ചെറുക്കാൻ ബിജെപിയാണ് പ്രതീക്ഷയെന്ന് പ്രചരിപ്പിച്ചുള്ള മുന്നേറ്റമാണ് പാർട്ടി ആലോചിക്കുന്നത്. സെക്രട്ടറിയേറ്റ് സമരത്തിന് ശേഷം നവംബർ ഒന്നുമുതൽ 20 വരെ സംസ്ഥാന വ്യാപകമായി 2000ത്തോളം കേന്ദ്രങ്ങളിൽ സായാഹ്ന കവല യോഗങ്ങൾ നടത്താനും പാർട്ടി തീരുമാനമുണ്ട്.


കരുവന്നൂർ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് യോഗങ്ങൾ നടത്തുക. സെക്രട്ടേറിയറ്റ് മാർച്ചോടെ സമരങ്ങൾ അവസാനിപ്പിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. ദേശീയ അദ്ധ്യക്ഷ ജെ.പി നദ്ദ കേരളത്തിലെത്തുന്നത് ഈ സമരങ്ങൾ കൂടികണക്കിലെടുത്താണ്. കവലയോഗങ്ങളിൽ ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

സംസ്ഥാനത്ത് ബിജെപിയെ സംഘടനാപരമായി അടിമുടി മാറ്റാനും പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഗൗരവത്തോടെ രാഷ്ട്രീയത്തെ സമീപിക്കാനുമാണ് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. അതുകണക്കിലെടുത്ത് തൊട്ടതിനും പിടിച്ചതിനും സമരവും ഹർത്താലും സെക്രട്ടേറിയറ്റ് മാർച്ചും നടത്തുന്ന പരിപാടികൾ നിർത്തിവെച്ചു.


അനാവശ്യ പ്രസ്താവനങ്ങൾ ഇറക്കുന്നതിന് സംസ്ഥാനേതൃത്വത്തിനടക്കം വിലക്കുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ നിർദ്ദേശിക്കുന്ന നേതാവിന് മാത്രമാണ് അവസരം. ചാനൽ ചർച്ചകളിൽ വസ്തുതാധിഷ്ഠിതമല്ലാതെ സംസാരിക്കുന്നവരെ പാർട്ടി നേതൃത്വം പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനവക്താക്കളായി കാര്യഗൗരവമുള്ളവരെ മാത്രമാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്.


പാർട്ടിയുടെ ജനപ്രതിനിധികൾക്ക് നവംബർ മൂന്നാംവാരം സംസ്ഥാനതലപരിശീലന ശിബിരം നടത്തുന്നുണ്ട്. സംസ്ഥാനത്ത് 2900ത്തോളം ജനപ്രതിനിധികളാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിൽ എങ്ങനെ പാർട്ടി സാന്നിധ്യം വർദ്ധിപ്പിക്കാമെന്നും തദ്ദേശസ്ഥാപനങ്ങളിലെ ഭരണപങ്കാളിത്തം എങ്ങനെ വിനിയോഗിക്കണമെന്നും ആണ് പരിശീലനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന് പുറത്തുള്ള രാഷ്ട്രീയപണ്ഡിതരും സംസ്ഥാനത്തിനകത്തെ വിദഗ്ദ്ധരുമാണ് ക്ളാസുകളെടുക്കുക.

ഡിസംബർ രണ്ടാംവാരത്തിൽ എത്തുന്ന അമിത്ഷാ തിരുവനന്തപുരത്ത് നടക്കുന്ന വൻ റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന ജനജാഗരണയാത്ര അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയാണ് സുരേന്ദ്രന്റെ യാത്ര.

സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയെ 25000ത്തോളം പ്രവർത്തകർ അനുഗമിക്കും. പ്രധാനകേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളിൽ കേന്ദ്രനേതാക്കൾ പങ്കെടുക്കും. ഏതു വിധേനയും ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

Advertisment