Advertisment

വലതിന്റെ ഉരുക്കുകോട്ടയായി മെട്രോ നഗരമായ കൊച്ചി തുടരുമോ ? ജയിച്ചുകയറാനുറച്ച് ഹൈബി ഈഡൻ. അതിശക്തമായ പോരിന് ഷൈൻ ടീച്ചർ. വിപുലമായ ബന്ധമുപയോഗിച്ച് പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ. വികസനവും ഫണ്ടുപയോഗവും എണ്ണിപ്പറഞ്ഞ് ഹൈബിയുടെ വോട്ടുതേടൽ. പകുതിയിലേറെ വോട്ടർമാരും സ്ത്രീകളായ മണ്ഡലത്തിൽ സ്ത്രീവോട്ടുകളിൽ കണ്ണുവച്ച് എൽ.ഡി.എഫ്. കൊച്ചിയിൽ അങ്കം കനക്കുന്നു

ത്രികോണമല്ലെങ്കിലും കൊച്ചിയിൽ പ്രചാരണം കടുത്തതാണ്. എന്നാൽ അഭിപ്രായ സർവേകളിലെല്ലാം ഹൈബി വീണ്ടും ജയിച്ചുകയറുമെന്നാണ് പ്രവചനം. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം.

New Update
shine teacher haibi edan ks radhakrishnan

കൊച്ചി: കേരളത്തിന്റെ ഏക മെട്രോ നഗരമായ എറണാകുളം അടിയുറച്ച യു.ഡി.എഫ് കോട്ടയാണ്. സിറ്റിംഗ് എം.പിയായ ഹൈബി ഈഡനെതിരേ അട്ടിമറി ലക്ഷ്യമിട്ട് പുതുമുഖമായ കെ.ജെ.ഷൈനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ രണ്ടരലക്ഷത്തിലേറെ വോട്ടുപിടിച്ച് തരംഗമായി മാറിയ ഡോ.കെ.എസ്. രാധാകൃഷ്ണനാണ് ബി.ജെ.പിക്കായി അങ്കത്തിനുള്ളത്.

Advertisment

ത്രികോണമല്ലെങ്കിലും കൊച്ചിയിൽ പ്രചാരണം കടുത്തതാണ്. എന്നാൽ അഭിപ്രായ സർവേകളിലെല്ലാം ഹൈബി വീണ്ടും ജയിച്ചുകയറുമെന്നാണ് പ്രവചനം. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം.


പറവൂരും തൃക്കാക്കരയും കോൺഗ്രസിന്റെ കോട്ടയാണ്. വൈപ്പിനും കൊച്ചിയും ഇടതിന്റെ ചെങ്കോട്ടയാണ്. കളമശേരി ഇക്കുറി ഇടത്തേക്കെത്തി. എറണാകുളവും തൃപ്പൂണിത്തുറയും മാറിമറിഞ്ഞ് നിൽക്കുന്നവയും. കോൺഗ്രസിനും യു.ഡി.എഫിനും അത്രയേറെ ഉറപ്പുള്ള മണ്ഡലമാണ് എറണാകുളം. കണക്കുകളാണ് ഈ ആത്മവിശ്വാസത്തിന് ആധാ‌രം.


17 ലോകസഭാ തിരഞ്ഞെടുപ്പുകളിൽ 13ലും എറണാകുളം യു.ഡി.എഫിനൊപ്പമായിരുന്നു. കോൺഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോഴും സ്ഥാനാർത്ഥിയുടെ പോരായ്മ കൊണ്ടുമല്ലാതെ എറണാകുളത്തുകാർ കോൺഗ്രസിനെ കൈ വിട്ടിട്ടില്ല. രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ മാറി ചിന്തിക്കാൻ എറണാകുളത്തുകാർ തയാറായപ്പോൾ രണ്ടു തവണയും ഒപ്പം 2004ലും സെബാസ്റ്റ്യൻ പോൾ വിജയിയായി. നിയമസഭാ സാമാജികനായിരിക്കെ ലോക്സഭയിലേക്ക് പോരാടിക്കയറിയ കോൺഗ്രസിന്റെ ഹൈബി ഈഡൻ കളംനിറഞ്ഞ് പ്രചാരണത്തിലാണ്.

കഴിഞ്ഞ തവണ ചരിത്ര ഭൂരിപക്ഷം നൽകിയാണ് ഹൈബി ഈഡനെ  ലോക്‌സഭയിലേക്ക് അയച്ചത്. നിലവിലെ മന്ത്രിയും സി.പി.എമ്മിന്റെ അനിഷേധ്യ നേതാവുമായിരുന്നവ പി. രാജീവ് രാജ്യസഭയിലെ മികച്ച പ്രകടനത്തിന്റെ തിളക്കത്തിൽ നിൽക്കവേ പോരാട്ടത്തിനിറങ്ങിയിട്ടും അടിതെറ്റിയത് സി.പി.എം കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു.

മത-സാമുദായിക വോട്ടുകൾ പെട്ടിയിൽ വീണില്ലെന്നതായിരുന്നു വിലയിരുത്തൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുൾപ്പെടെയുള്ള സി.പി.എമ്മിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി നിർണയത്തിനു പിന്നിലും മത-സാമുദായിക വോട്ടികളിലേക്കുള്ള കണ്ണായിരുന്നു. എന്നാൽ, പിതാവ് ജോർജ് ഈഡൻ മണ്ഡലത്തിന് രാഷ്ട്രീയത്തിനതീതമായ ജനപിന്തുണയുള്ള നേതാവായിരുന്നുവെന്നതും ഹൈബിക്ക് തുണയായിട്ടുണ്ട്.

എം.പി എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും മുതലാക്കിയ ഫണ്ടുകളുടെ കണക്കു പറഞ്ഞുമാണ് ഹൈബി ഇത്തവണയും വോട്ട് തേടുന്നത്. എറണാകുളത്തെ കോൺഗ്രസിൽ ഭിന്നിപ്പുകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നതും മുന്നണിക്ക് മുതൽക്കൂട്ടാണ്.


കൊവിഡ് പ്രളയ കാലങ്ങളിലെ ഇടപെടൽ, നിർദ്ധനരായവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഹൃദയത്തിൽ ഹൈബി, ഗിന്നസിലിടം നേടിയ മെനുസ്ട്രൽ കപ്പ് വിതരണം കപ്പ് ഒഫ് ലൈഫ്, 675 കോടി മുടക്കിൽ വരുന്ന നോർത്ത്- സൗത്ത് റെയിൽവേ സ്‌റ്റേഷൻ വികസനം, തോപ്പുംപടി ഫിഷിംഗ് ഹാർബർ, അമൃത് കുടിവെള്ള പദ്ധതി എന്നിവയൊക്കെയാണ് പ്രചാരണ വിഷയങ്ങൾ.


പാർട്ടിയിലെയും വർഗ്ഗ ബഹുജന സംഘടനകളിലെയും പ്രവർത്തന മികവിനു കിട്ടിയ അംഗീകാരമെന്നപോലെയാണ് അദ്ധ്യാപികയായ  കെ.ജെ. ഷൈൻ ഇടതുപക്ഷത്തിനായി അങ്കത്തിനിറങ്ങുന്നത്.

അണികൾക്ക് പരിചിതമല്ലാത്ത സ്ഥാനാർത്ഥിയെ കൊണ്ടുവരുന്ന രീതി മാറ്റി മെട്രോ നഗരത്തിൽ നിന്നുതന്നെ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയാണ് സി.പി.എം. മണ്ഡലത്തിലെ പകുതിയിലേറെ വോട്ടർമാരും വനിതകളാണ്. സ്ത്രീ വോട്ടുകൾ കൂടി കണ്ണുവച്ചാണ് എൽ.ഡി.എഫ് ഷൈൻ ടീച്ചറെ രംഗത്തിറക്കിയത്. 

1967ൽ വി. വിശ്വനാഥ മേനോൻ, 1996ൽ സേവ്യർ അറയ്ക്കൽ, 1997, 2003 ഉപതിരഞ്ഞെടുപ്പുകളിലും 2004ലും സെബാസ്റ്റ്യൻപോൾ എന്നിവർ മാത്രമാണ് ഇടതിനായി എറണാകുളത്ത് വിജയിച്ചിട്ടുള്ളത്. ശക്തമായ ലത്തീൻ കത്തോലിക്ക പിൻബലമുള്ള ഷൈനിലൂടെ ക്രിസ്ത്യൻ വോട്ടുകൾ കാര്യമായി സമാഹരിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ഇതിനു മുമ്പ് സമീപകാലത്ത് കോൺഗ്രസ് വിറച്ചത് സിന്ധു ജോയ് എന്ന വനിതാ സ്ഥാനാർഥി രംഗത്തു വന്നപ്പോഴായിരുന്നെന്നും സി.പി.എം കണക്കുകൂട്ടുന്നു.  ഇടതു സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കേന്ദ്ര സർക്കാരിന്റെ അവഗണനയുമാണ് പ്രചാരണ വിഷയങ്ങൾ.

മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ മണ്ഡലത്തിലെ ബന്ധങ്ങൾ കരുത്താക്കി എൻ.ഡി.എയ്ക്കായി മത്സര രംഗത്തുണ്ട്. ആ ബന്ധങ്ങൾ മുതലാക്കി അദ്ദേഹം കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പിടിക്കുന്ന ഓരോ വോട്ടും ഇടതു വലതു മുന്നണികളുടെ ചങ്കിടിപ്പേറ്റും. കൊച്ചിക്കാരനെത്തന്നെ രംഗത്തിറക്കി പരമാവധി വോട്ടുപിടിക്കാനുള്ള നീക്ക്തതിലാണ് ബി.ജെ.പി. 


നരേന്ദ്ര മോദിയുടെ സന്ദർശനവും റോഡ് ഷോയും 3,000 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പ്രഖ്യാപനവുമെല്ലാം നടന്നത് കൊച്ചിയിലാണ് ഇതെല്ലാം വോട്ടിലേക്ക് എത്തുമോ എന്ന് കാത്തിരുന്നു കാണണം. തൃപ്പൂണിത്തുറയിലും പറവൂരിലും വ്യക്തമായ സ്വാധീനമുള്ള ബി.ജെ.പി ഇത്തവണ വോട്ട് വിഹിതം ഒന്നര ലക്ഷത്തിനപ്പുറം കടത്തണമെന്ന ലക്ഷ്യത്തിലാണ് ബി.ഡി.ജെ.എസിന്റെ കൂടി സ്വാധീനത്തോടെ വോട്ട് വിഹിതം രണ്ടു ലക്ഷത്തിന് അടുത്ത് എത്തിക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകും.


ജനസംഖ്യയുടെ 53 ശതമാനം വരുന്ന ക്രൈസ്തവരാണ് മണ്ഡലത്തിൽ. അതിൽ 45 ശതമാനം വരുന്ന ലത്തീൻ സമുദായ വോട്ടർമാർ. ഫലം നിർണയിക്കുന്നത് ഈ വോട്ടുകളാണ്. ജനസംഖ്യയുടെ 36.21 ശതമാനമാണ് ഹൈന്ദവ വോട്ടർമാർ. ഇതിൽ കൂടുതലും നായർ സമുദായംഗങ്ങളാണ്. കോൺഗ്രസ് അനുഭാവമാണ് ഈ വിഭാഗത്തിൽ കൂടുതൽ. 15.67 ശതമാനമുള്ള മുസ്ലീം വോട്ടുകളും പ്രധാനമാണ്.

Advertisment