Advertisment

കോട്ടയത്തിനു പകരം യുഡ‍ിഎഫിനോട് ഇടുക്കി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ? ഡീന്‍ കുര്യാക്കോസിനെ പത്തനംതിട്ടയ്ക്ക് മാറ്റി ആന്‍റോ ആന്‍റണിയെ നിയമസഭയിലേയ്ക്ക് അയക്കുന്ന പായ്ക്കേജ് പരിഗണനയ്ക്ക് ! ഇടുക്കിയില്‍ വീണ്ടും ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാന്‍ നീക്കം. പുതിയ പായ്ക്കേജിനു പിന്നില്‍ കേരള കോണ്‍ഗ്രസിലെ സീനിയോരിറ്റി തര്‍ക്കം. ഇടുക്കി വിട്ടുപോകുന്നതില്‍ ഡീന്‍ കുര്യാക്കോസിന്‍റെ നിലപാട് നിര്‍ണായകമാകും !

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ്, എംപി ജോസഫ്  എന്നീ പേരുകളാണ് ജോസഫ് ഗ്രൂപ്പിന്‍റെ പരിഗണനയില്‍. എന്നാല്‍ കോട്ടയത്തിന് പകരം ഇടുക്കി നല്‍കിയാല്‍ തങ്ങള്‍ക്ക് വിജയസാധ്യത ഉണ്ടെന്നാണ് കേരള കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

New Update
monce joseph pj joseph dean kuriakose anto antony

തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് കോട്ടയത്തിന് പകരം ഇടുക്കി മണ്ഡലം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അനൗപചാരിക ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടുക്കി സീറ്റെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്.

Advertisment

കോട്ടയം സീറ്റില്‍ കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്. എന്നാല്‍ അത് ഏതെങ്കിലും സീറ്റ് വിട്ടു നല്‍കാതെ പകരം മറ്റെന്തെങ്കിലും പായ്ക്കേജില്‍ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

എന്നാല്‍ ലോക്സഭാ സീറ്റ് എന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് വീട്ടുവീഴ്ചയ്ക്കില്ല. മുമ്പ് കേരള കോണ്‍ഗ്രസ് - എം മല്‍സരിച്ച സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പിജെ ജോസഫിന്‍റെ നിലപാട്.


കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ്, എംപി ജോസഫ്  എന്നീ പേരുകളാണ് ജോസഫ് ഗ്രൂപ്പിന്‍റെ പരിഗണനയില്‍. എന്നാല്‍ കോട്ടയത്തിന് പകരം ഇടുക്കി നല്‍കിയാല്‍ തങ്ങള്‍ക്ക് വിജയസാധ്യത ഉണ്ടെന്നാണ് കേരള കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.


പക്ഷേ അതിന് കോണ്‍ഗ്രസ് സമ്മതിക്കണം. നിലവില്‍ കോണ്‍ഗ്രസിന്‍റെ സീറ്റിംങ്ങ് സീറ്റായ ഇവിടെ അഡ്വ. ഡീന്‍ കുര്യാക്കോസ് ആണ് എംപി. ഡീന്‍ കുര്യാക്കോസിനെ പത്തനംതിട്ടയിലേയ്ക്ക് മാറ്റി അവിടുത്തെ സിറ്റിംങ്ങ് എംപി ആന്‍റോ ആന്‍റണിയെ പൂഞ്ഞാറില്‍ മല്‍സരിപ്പിക്കുകയെന്ന പായ്ക്കേജാണ് പരിഗണനയിലുള്ളത്.

അങ്ങനെയെങ്കില്‍ കോട്ടയത്ത് കോണ്‍ഗ്രസിന് മല്‍സരിക്കാം. അഡ്വ. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാത്യൂസ് എന്നീ പേരുകളാണ് കോട്ടയത്ത് കോണ്‍ഗ്രസിന്‍റെ പരിഗണനയില്‍.

യുഡിഎഫ് അനുകൂല മണ്ഡലം എന്ന നിലയില്‍ പത്തനംതിട്ട ഡീന്‍ കുര്യാക്കോസിനും സുരക്ഷിതം. പക്ഷേ ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്നതാണ് ആശങ്ക.

മാത്രമല്ല, കോട്ടയത്ത് സ്വന്തം പാര്‍ട്ടിയുടെ എംപി ഉണ്ടാകുന്നതില്‍ കേരള കോണ്‍ഗ്രസിലെ രണ്ടാം എംഎല്‍എ ആയ മോന്‍സ് ജോസഫിനും താല്‍പര്യമില്ല. ഫ്രാന്‍സിസ് ജോര്‍ജിനേപ്പോലുള്ള ഒരു നേതാവ് എംപി ആയിവന്നാല്‍ സാമുദായിക പരിഗണനയില്‍ പോലും മോന്‍സ് ജോസഫ് രണ്ടാമനായി മാറേണ്ടിവരും എന്ന ആശങ്ക മോന്‍സിനുണ്ട്.


നിലവില്‍ കത്തോലിക്കനായ യുഡിഎഫ് എംഎല്‍എ എന്ന നിലയില്‍ ജില്ലയിലെ സമുദായ നേതൃത്വങ്ങള്‍ മോന്‍സിനെയാണ് പരിഗണിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജോ പിസി തോമസോ എംപി ആയി വന്നാല്‍ ആ സ്ഥാനം നഷ്ടപ്പെടുന്നതിനോട് മോന്‍സിന് താല്‍പര്യമില്ല. അതിനാല്‍ കോട്ടയത്തിനു പകരം ഇടുക്കി എന്ന ആശയത്തിനു പിന്നില്‍ മോന്‍സ് ജോസഫ് തന്നെയാണെന്നതാണ് വസ്തുത. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചും ഇടുക്കി തന്നെയാണ് സുരക്ഷിതം.


പക്ഷേ കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് എംപിമാരില്‍ ഏറ്റവും സ്വീകാര്യനായ ഡീന്‍ കുര്യാക്കോസിനെ ഇവിടെനിന്ന് മാറ്റുകയെന്നത് കോണ്‍ഗ്രസിന് എളുപ്പത്തില്‍ സാധ്യമല്ല. എംപി ഫണ്ടിനപ്പുറമുള്ള കേന്ദ്രഫണ്ട് വിനിയോഗം മാത്രമല്ല, മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി എംപി മുന്‍കൈയ്യെടുത്ത് സന്നദ്ധസംഘടനകളുടെ സഹായത്തോടെയുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍ വരെ ഇടുക്കിയില്‍ നടന്നുവരികയാണ്.

അത്തരം സാഹചര്യത്തിലുള്ള മണ്ഡലമാറ്റം കോണ്‍ഗ്രസിനും പ്രയാസമാണ്. പക്ഷേ കോട്ടയത്ത് കേരള കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ ജയസാധ്യതയില്ലെന്ന പൊതുവിലയിരുത്തലുകള്‍ കാണാതെപാകാനും കോണ്‍ഗ്രസിന് കഴിയില്ല.

Advertisment