Advertisment

മൂലമറ്റം ഗവ.ഹൈസ്കൂൾ പൂർവ്വ അധ്യാപക വിദ്യാർഥിസംഗമത്തിൽ ഗുരുവിൻറെ പാദം നമിച്ച് ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിൽ

New Update
B

മൂലമറ്റം : പഴയ തലമുറയുടെ ഗുരുഭക്തിക്കും പരസ്പര സ്നേഹത്തിനും പ്രായമോ കാലമോ അതിർ വരമ്പല്ലെന്ന ഹൃദയസ്പർശിയായ അനുഭവത്തിന് മൂലമറ്റം ഗവ.ഹൈസ്കൂൾ അങ്കണവും നിരവധി പൂർവ വിദ്യാർഥികളും സാക്ഷിയായി.

Advertisment

സ്കൂളിൻറെ 65ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർഥി അധ്യാപക സംഗമമാണ് ഗുരുശിഷ്യബന്ധത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തിയത്.

 എഴുത്തിയേഴ് വയസുള്ള പൂർവ വിദ്യാർഥിയായ വൈദികൻ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിലാണ് 90 കാരനായ തന്റെ അധ്യാപകൻ വിക്രമ കൈമളിന്റെ കാൽ തൊട്ട് വന്ദിച്ചത്. ഗുരുവിനേക്കാളേറെ ശാരീരികാവശതകളാണ് ശിഷ്യനുണ്ടായിരുന്നത്. എന്നിട്ടും പാദനമസ്കാരത്തിന് മുതിർന്നത് അധ്യാപകന്റെ കണ്ണിനെ ഈറനാക്കി.

കൈമൾ സാർ തന്റെ പഴയ പ്രിയ ശിഷ്യനെ നെഞ്ചോട് ചേർത്തു പുണർന്നു. ഇരുവരും കരഞ്ഞു. അത് സദസിനെയും വേദിയെയും വികാരഭരിതമാക്കി.

 രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്കൂളിന്റെ പടവുകൾ കയറി ഫാ.സെബാസ്റ്റ്യൻ എത്തിയത്. സ്കൂൾ തുടങ്ങിയ1958 മുതൽ ഇവിടുത്തെ അധ്യാപകനായിരുന്ന കെെമൾ സാർ 1961ലാണ് സെബാസ്‌റ്റ്യനെ പഠിപ്പിച്ചത്.

കൈമൾ സാർ മുട്ടത്തെ വീട്ടിലും ഫാ.സെബാസ്റ്റ്യൻ ഗോരഖ് പൂരിലെ സെമിനാരിയിലും വിശ്ര ജീവിതത്തിലാണ്. ഓർമയിൽ 65 വർഷം പരിപാടിയിൽ പങ്കെടുക്കുന്നതിന് മാത്രമായി എത്തുകയായിരുന്നു ഫാ.സെബാസ്റ്റ്യൻ.

 

Advertisment