ചിങ്ങവനം: എം.സി റോഡ് തുരുത്തിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറു പേര്‍ക്കു പരുക്കേറ്റു. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു അപകടം. തിരുവനന്തപുരം പൗഡിക്കോണം സ്വദേശികള്‍ കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കാറും കോട്ടയം ഭാഗത്ത് നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന മുക്കാട്ടുപടി സ്വദേശികളുടെ കാറും ആണ് അപകടത്തില്‍ പെട്ടത്.
തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തിയ കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോള്‍ എതിര്‍ദിശയില്‍ ചങ്ങനാശേരി ഭാഗത്തേക്ക് എത്തിയ കാറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തിയ കാര്‍ വലതുവശത്ത് ഗേറ്റ് തുറന്നു കിടന്ന വീടിന്റെ മുറ്റത്തേക്കു മറിയുകയായിരുന്നു.
ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്നു പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരി മുക്കാട്ടുപടി സ്വദേശിനി വിധുബാല, ഭര്‍ത്താവ് സുനില്‍കുമാര്‍ എന്നിവര്‍ക്കു തലയില്‍ പരിക്കേറ്റിട്ടുണ്ട്. വിധുബാലയാണു കാര്‍ ഓടിച്ചത്.