Advertisment

റെയില്‍വേ വികസനം ആയിരം കോടിയിലേയ്ക്ക്, സെന്‍ട്രല്‍ റോഡ് ഫണ്ട് 75.61 കോടി,  28 ദേശീയ പദ്ധതികളിലൂടെ 3089.96 കോടിയുടെ വികസനം, കോട്ടയത്ത് 5 വര്‍ഷം കൊണ്ട് നടപ്പാക്കിയത് 4115.95 കോടിയുടെ വികസന പദ്ധതികള്‍ - വികസന രേഖ പുറത്തിറക്കി കോട്ടയം എംപി തോമസ് ചാഴികാ‍ടന്‍. നടപ്പിലായത് കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ഡല വികസനം

പാത ഇരട്ടിപ്പിക്കല്‍, കായംകുളം - കോട്ടയം - എറണാകുളം പാതയുടെ വേഗത 110 കി.മി ആയി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വികസനം, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങി പൂര്‍ത്തിയായതും നടന്നു വരുന്നതുമായ പദ്ധതികളിലായി 925.796 കോടി രൂപയുടെ വികസന പദ്ധതികള്‍ വികസന രേഖയില്‍ വിവരിക്കുന്നുണ്ട്.

New Update
vijasana rekha chazhikadan

കോട്ടയം: കഴിഞ്ഞ 5 വര്‍ഷങ്ങള്‍കൊണ്ട് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 4115.95 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയത് വിവരിക്കുന്ന സമഗ്ര വികസന രേഖ പുറത്തിറക്കി തോമസ് ചാഴികാടന്‍ എംപി. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ്ബില്‍ മന്ത്രിമാരെയും എംപിമാരെയും മാധ്യമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പ്രകാശനം ചെയ്ത തോമസ് ചാഴികാടന്‍റെ വികസന രേഖയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡല വികസനം സാധ്യമാക്കിയതിന്‍റെ നേര്‍ചിത്രമാണ് വിവരിക്കുന്നത്.

Advertisment

100 ശതമാനം എംപി ഫണ്ട് വിനിയോഗത്തിലൂടെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമതെത്തിയ ചാഴികാടന്‍ കോട്ടയത്ത് ആയിരം കോടിയ്ക്ക് അടുത്തെത്തിയ റെയില്‍വേ വികസനത്തിനാണ് നേതൃത്വം നല്‍കിയത്.


പാത ഇരട്ടിപ്പിക്കല്‍, കായംകുളം - കോട്ടയം - എറണാകുളം പാതയുടെ വേഗത 110 കി.മി ആയി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വികസനം, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങി പൂര്‍ത്തിയായതും നടന്നു വരുന്നതുമായ പദ്ധതികളിലായി 925.796 കോടി രൂപയുടെ വികസന പദ്ധതികള്‍ വികസന രേഖയില്‍ വിവരിക്കുന്നുണ്ട്.

അമൃത് കുടിവെള്ള പദ്ധതി, സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഫണ്ട്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി 28 പദ്ധതികളിലൂടെ 3089.96 കോടി രൂപയാണ് എംപിയുടെ ശ്രമഫലമായി കോട്ടയം മണ്ഡലത്തിലെത്തിച്ചത്.

പിഎംജിഎസ്‌വൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ റോഡ് വികസനം നടത്തിയതും തോമസ് ചാഴികാടന്‍ മുന്‍കൈയ്യെടുത്ത് കോട്ടയത്താണ്. ഇവിടെ 92.67 കിലോമീറ്റര്‍ റോഡുകള്‍ക്ക് 75.61 കോടി രൂപയാണ് ചിലവഴിച്ചത്. 

സിഎസ്ആര്‍ ഫണ്ട്, പിഎം കെയേഴ്സ് ഫണ്ട് എന്നിവ വഴി കോട്ടയത്തെ ആശുപത്രികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും 1.90 കോടി രൂപയുടെ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയതായി രേഖയില്‍ പറയുന്നു. 1600 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തതിലൂടെ കോട്ടയത്തെ ഭിന്നശേഷി സൗഹൃദ ജില്ലയായി മാറ്റി.

vikasana rekha


പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് മാത്രം എംപിയുടെ ശുപാര്‍ശ വഴിയായി 2.79 കോടി രൂപയാണ് മണ്ഡലത്തില്‍ ലഭ്യമാക്കിയത്.


277 പദ്ധതികള്‍ നടപ്പിലാക്കിയാണ് കേന്ദ്രം അനുവദിച്ച 17.22 കോടിയുടെ എംപി ഫണ്ട് പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ നടപ്പിലാക്കിയതെന്നാണ് ശ്രദ്ധേയം. അമ്പതിനായിരത്തിന്‍റെ പദ്ധതികള്‍ തുടങ്ങി 34 ലക്ഷത്തിന്‍റെ പദ്ധതി വരെ ഇതില്‍ ഉള്‍പ്പെടുന്നു. കോട്ടയത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റും ചാഴികാടനുണ്ട്. മറ്റ് എംപിമാര്‍ കോടികള്‍ ചിലവഴിക്കേണ്ട കൈവിരലിലെണ്ണാവുന്ന പദ്ധതികളിലൂടെ പണം ചെലവഴിക്കാന്‍ ശ്രമിക്കുമ്പോഴാണ് 272 പദ്ധതികള്‍ ഏറ്റെടുത്ത് അത് പൂര്‍ത്തിയാക്കിയതെന്നതാണ് ചാഴികാടന്‍റെ ശ്രദ്ധേയമായ നേട്ടം.

ഓരോ പദ്ധതികളും ഓരോ നിയോജക മണ്ഡലങ്ങൾ തിരിച്ച് രേഖപ്പെടുത്തി പദ്ധതിയുടെ പേരും ചിലവഴിച്ച സംഖ്യയും ഉള്‍പ്പെടെ വികസന രേഖയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഫണ്ട് വിനിയോഗത്തില്‍  എ - പ്ലസ് നേടിയ എംപി എന്ന വിശേഷണത്തോടെയാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വിബി ബിനുവിന് കോപ്പി നല്‍കി വികസന രേഖ പ്രകാശനം ചെയ്തത്. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

Advertisment