Advertisment

പോള ശല്യം രൂക്ഷം ! യാത്രക്കാര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് ഇപ്പോള്‍ ദുരിത യാത്ര. പോള ശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. ഇന്നും ആറു സർവീസുകൾ റദ്ദാക്കി

New Update
kumarakom alappuzha boat service

കോട്ടയം: കാഴ്ചകളുടെ തിരക്കും, നിരക്കിലെ കുറവും മൂലം യാത്രക്കാര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണു കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസെങ്കിലും യാത്രാ തടസം പതിവ്. രണ്ടു മാസത്തിനിടെ, ഒരു സര്‍വീസ് പോലും പോള ശല്യമൂലം കൃത്യ സമയം പാലിക്കാറില്ല. രണ്ടേകാല്‍ മണിക്കൂറാണു യാത്രാ സമയം. ഒരു സര്‍വീസിനിടയില്‍ തന്നെ ബോട്ട് പോളയില്‍ കുടുങ്ങുന്നതും യാത്ര തടസപ്പെടുന്നതും പതിവായിരുന്നു. തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ വൈകിയതോടെ പോള ശല്യം രൂക്ഷമായിരുന്നു. 

Advertisment

29 രൂപ മാത്രമാണ് കോട്ടയം-ആലപ്പുഴ യാത്രാ നിരക്ക്. വിനോദ സഞ്ചാരിള്‍ക്കു കായല്‍ കാഴ്ചകളുടെ അപൂര്‍വ വിരുന്ന് ഒരുക്കുന്ന റൂട്ടാണിത്. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പ്രധാന ആശ്രയവുമാണ്. അവധി ദിവസങ്ങളില്‍ പല ട്രിപ്പിലും ടിക്കറ്റ് കിട്ടാന്‍ പോലും പ്രയാസമാണ്. വിഷുത്തലേന്നു ബോട്ട് കുടുങ്ങിയതിനു ശേഷം വലിയ പ്രശ്‌നങ്ങള്‍ പിന്നീടുണ്ടായില്ലെങ്കിലും ഇതുവരെ സമയക്രമം പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.

അന്ന് 10 മണികൂറോളം യാത്രബോട്ട് പൊളയിൽ കുടുങ്ങിയിരുന്നു. വീണ്ടും പോള ശല്യം രൂക്ഷമായതോടെ കോട്ടയത്ത് നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി. ഒപ്പം ആലപ്പുഴയിൽ നിന്നും ഉച്ചയ്ക്കു ശേഷമുള്ള മൂന്ന് സർവീസുകളും റദ്ദാക്കി.

കോട്ടയത്ത് നിന്ന് 11.30 നും ഒരു മണിക്കും മാത്രമേ സർവീസ് ഉണ്ടാകൂ. ആലപ്പുഴയിൽ നിന്ന് ഏഴുമണിക്കും ഒമ്പതരയ്ക്കും മാത്രമായി സർവീസ് ചുരുക്കി. പോള ശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ജലഗതാഗത വകുപ്പ്, ജലസേചന വകുപ്പിനോട് പല തവണ ആവശ്യപ്പെടുന്നുവെങ്കിലും ഇതുവരെ പരിഹാരമൊന്നുമായിട്ടില്ല.

Advertisment