Advertisment

വിലയില്‍ കുതിച്ചു കര്‍ഷകരെ മോഹിപ്പിച്ചു കാപ്പിയും കുരുമുളകും. കുരുമുളകിന്റെ വില ഒരു മാസത്തിനിടെ 100 രൂപ വര്‍ധിച്ച് 560 രൂപയായി. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നു വ്യാപാരികള്‍

New Update
coffie and pepper price

കോട്ടയം: വിലയില്‍ കുതിച്ചു കര്‍ഷകരെ മോഹിപ്പിച്ചു കാപ്പിയും കുരുമുളകും. കുരുമുളകിന്റെ വില ഒരു മാസത്തിനിടെ 100 രൂപ വര്‍ധിച്ച് 560 രൂപയായി. ചെറുകിട കര്‍ഷകരുടെ കൈയില്‍ കാര്യമായ സ്‌റ്റോക്കില്ലെന്നതിനാല്‍ വില കയറ്റത്തിന്റെ നേട്ടം ലഭിക്കുന്നില്ലെന്നു മാത്രം. തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന്റെ വില 225 രൂപ വരെയായി.

Advertisment

കഴിഞ്ഞ വര്‍ഷം കുരുമുളക് വില 600 രൂപ പിന്നിട്ടിരുന്നുവെങ്കിലും പീന്നീട് താഴ്ന്നിരുന്നു. വിളവെടുപ്പു സമയമായ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വില കുറഞ്ഞു നിന്നതിനാല്‍ കര്‍ഷകര്‍ക്കു വന്‍ നഷ്ടവും നേരിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഭൂരിഭാഗം കര്‍ഷകരും നഷ്ടം സഹിച്ചു ചരക്കു വില്‍ക്കുകയും ചെയ്തിരുന്നു. അപൂര്‍വം ചില കര്‍ഷകര്‍ മാത്രമാണു കുരുമുളക് വില്‍ക്കാതെ പിടിച്ചുവച്ചിരിക്കുന്നത്.

ജില്ലയില്‍ കുരുമുളക് കൃഷി കുറവാണ്. കുരുമുളക് മാത്രം കൃഷി ചെയ്യുന്ന കര്‍ഷകരും കുറവാണ്. വില കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ കുരുമുളക് കൃഷിയിലേക്കു തിരിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്നാല്‍, ആവശ്യത്തിനു കുരുമുളക് തൈകള്‍ വിപണിയില്‍  ലഭ്യമല്ല.

ഇത്തവണ വേനല്‍ ചൂട് കനത്തതിനാല്‍ കൊടിത്തണ്ടുകള്‍ കരിഞ്ഞുണങ്ങിയതിനാല്‍ സീസണില്‍ കുരുമുളക് വള്ളികള്‍ക്കു ക്ഷാമമുണ്ടാകും. കാപ്പിക്കുരു വില ഒരു വര്‍ഷത്തോളമായി 150 - 180 രൂപയിലായിരുന്നു. ഏതാനും വര്‍ഷങ്ങളായി ആഭ്യന്തര, രാജ്യാന്തര ഉത്പാദനം കുറവായതിനാല്‍ വില ഉയരുമെന്ന് ഉറപ്പായിരുന്നു.

എന്നാല്‍, സീസണായ നവംബര്‍ - ജനുവരി മാസത്തില്‍ വില സ്റ്റഡിയായി നിന്നതു കര്‍ഷകര്‍ക്കു തിരിച്ചടിയായി. ഭൂരിഭാഗം കര്‍ഷകരും ചരക്ക് വിറ്റതിനു പിന്നാലെ ദിവസവും അഞ്ചും പത്തും രൂപ വീതം ഉയരുകയാണ്. കാപ്പിക്കൂരു വില ഉയരുന്നതിനൊപ്പം കാപ്പിപ്പൊടി വിലയും കൂടുകയാണ്. ഒരു മാസത്തിനിടെ ഒരു കിലോയ്ക്കു 100 രൂപയോളം വര്‍ധിച്ച് 520 രൂപ വരെയായി.

വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്ന സൂചനയാണു വ്യാപാരികള്‍ നല്‍കുന്നത്. വില ഉയരുമെന്ന പ്രതീക്ഷയില്‍ വന്‍കിട വ്യാപാരികള്‍ സ്‌റ്റോക്ക് പിടിച്ചിവച്ചിരിക്കുന്നതിനാല്‍ പല കാപ്പിപ്പൊടി കമ്പനികളും ആവശ്യത്തിനു കാപ്പിക്കുരു ലഭിക്കാതെ പ്രതിസന്ധിയിലാണ്.

Advertisment