Advertisment

രണ്ടാംവട്ടവും ഭാഗ്യദേവതയുടെ ഒന്നാംസമ്മാനം തോമസിനെ തേടിയെത്തി. ഇത്തവണ കിട്ടിയത് ഒരുകോടി. 2022ൽ കിട്ടിയത് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം. രണ്ട് ടിക്കറ്റും എടുത്തത് ഒരേ കടയിൽ നിന്ന്

New Update
Lottery winner

പൊൻകുന്നം: രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ്. ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92- നറുക്കെടുപ്പിൽ എഫ്.ഡബ്ല്യു.239020 നമ്പർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനം നേടിയത്.

മുൻപ് 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം നേടിയതും തോമസാണ്. രണ്ടു ടിക്കറ്റും ഒരേ കടയിൽ നിന്നെടുത്തതാണ്. പൊൻകുന്നം ബസ് സ്റ്റാൻഡിനു മുമ്പിലെ മാർസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. രണ്ടുവട്ടവും ഭാഗ്യമെത്തിച്ചത് കണ്ണൂർ ജില്ലയിലെ ടിക്കറ്റിലൂടെയാണ്. കണ്ണൂരിലെ സഹോദരസ്ഥാപനത്തിൽ നിന്ന് കൊണ്ടുവന്ന് വിറ്റതാണ്.

ഇത്തവണ ഫോൺ ചെയ്ത് പറഞ്ഞ് കടയിൽ എടുത്തുവെച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിന് ശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ് ഗൾഫിൽ ജോലിയായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയുമായി കഴിയുകയാണ്. ടിക്കറ്റ് വ്യാഴാഴ്ച ബാങ്കിൽ ഏൽപ്പിക്കുമെന്ന് തോമസ് പറഞ്ഞു.

Advertisment