Advertisment

കോട്ടയത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താറാവ്, കോഴി വിപണനം നിരോധിച്ചതോടെ കർഷകർ ആശങ്കയിൽ. നിരോധനം  ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി പഞ്ചായത്ത് പരിധിയിൽ. കർഷകർ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
bird flu

കോട്ടയം: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ താറാവ്, കോഴി വിപണനം നിരോധിച്ചതോടെ കോട്ടയത്തെ താറാവ് കർഷകർ ആശങ്കയിൽ. ജില്ലയിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി പഞ്ചായത്ത് പരിധിയിലാണ് താറാവ് വിപണനം നിരോധിച്ചത്.

Advertisment

ഇതോടൊപ്പം കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 25 വരെയാണു നിരോധിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം (വളം) എന്നിവയുടെ വിൽപനയും കടത്തലും നടക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ഇതോടെ ജില്ലയിലെ മറ്റുഭാഗങ്ങളിലെയും കർഷകർ ആശങ്കയിലാണ്. കുമരകം വൈക്കം ഭാഗങ്ങളിലാണ് ജില്ലയിൽ കൂടുതലും താറാവ് കൃഷി നടക്കുന്നത്. നിലവിലെ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്നു കർഷകർ പറയുന്നു. ഈസ്റ്റർ വിഷു വിപണി അവസാനിച്ചു എന്ന ആശ്വാസം മാത്രമാണ് കർഷകർക്കുള്ളത്.

പക്ഷിപ്പനി ആലപ്പുഴയിൽ സ്ഥിരികരിച്ചതു മുതൽ ഹോട്ടലുകളിലേക്കുള്ള താറാവിൻ്റെ ഓഡറുകൾ ഗണ്യമായി കുറഞ്ഞുവെന്നും കർഷകർ പറയുന്നു. പണം പലിശയ്ക്കെടുത്തും സ്വർണം പണയപ്പെടുത്തിയും താറാവ് കൃഷി നടത്തുന്നവരാണ് മേഖലയിലെ കർഷകരിൽ ഭൂരിപക്ഷവും.

മുൻ വർഷങ്ങളിൽ സ്ഥിരമായി പക്ഷിപ്പനി ഉണ്ടായതിനെ തുടർന്ന് വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർ നേരിട്ടത്. അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കാതെ പലരും വലഞ്ഞു. ഭൂരിഭാഗം കർഷകരും സാമ്പത്തിക ബാധ്യതയെ തുടർന്ന് താറാവ് കൃഷി ഉപേക്ഷിച്ചു മറ്റു ജീവിത മാർഗങ്ങൾ തേടി. വീണ്ടും ഇത്തരമൊരു ദുരന്തമുണ്ടാകുമോയെന്ന ഭീതിയിലാണിവർ.

ഇതോടൊപ്പം കോഴി കർഷകരും ആശങ്കയിലാണ് . ജലക്ഷാമത്തെ തുടർന്ന് തമിഴ്നാട്ടിൽ ഉൽപ്പാദനം കുറഞ്ഞതോടെ കോഴിവില കുത്തനെ വർധിച്ചിരുന്നു. ഒരു കിലോ കോഴിക്ക് 170 മുതൽ 180 രൂപയ്ക്കാണ് ജില്ലയിൽ വിറ്റുപോകുന്നത്. പക്ഷിപ്പനിയെ തുടർന്നു വില കുറക്കേണ്ട സാഹചര്യമുണ്ടായാൽ വൻ സാമ്പത്തിക ബാധ്യതയാകും കോഴിക്കച്ചവടക്കാർ നേരിടേണ്ടിവരുക.

Advertisment