Advertisment

മുളക്കുളം പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമില്ല; അധികൃതരെ വിവരമറിയിച്ചിട്ടും പ്രശ്‌ന പരിഹാരത്തിന് നടപടിയില്ലെന്ന് ആക്ഷേപം

New Update
peruva comfartstion.jpg

പെരുവ: മുളക്കുളം പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമില്ല. പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷന്‍ കരാറിനെടുത്ത് പ്രവര്‍ത്തിപ്പിക്കുന്ന അംഗപരിമിതനായ നിര്‍ദ്ധന വയോധികന്‍ പണം കൊടുത്ത് വെള്ളം വാങ്ങിയാണ് ദിവസങ്ങളായി കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നാല് ദിവസങ്ങളായി ഇവിടെ വെള്ളമെത്തിയിട്ട്. പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും പ്രശ്‌ന പരിഹാരത്തിന് നടപടികളില്ലെന്ന് ആക്ഷേപം. 

Advertisment

ദിവസം 350 രൂപ വീതം രണ്ട് ലോഡ് വെള്ളമിറക്കിയാണ് ഇദേഹം ഇപ്പോള്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരത്തില്‍ പണം നല്‍കി വെള്ളം വാങ്ങി മുന്നോട്ട് പോകാനാവില്ലെന്ന് ഇദേഹം പറയുന്നു. കംഫര്‍ട്ട് സ്റ്റേഷനിലേക്കുള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി ഇവിടെ വെള്ളം ഒഴുകി നശിക്കുകയായിരുന്നു. പലതവണ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞതവണ തൊഴിലാളികളെത്തി പൈപ്പിന്റെ ചോര്‍ച്ച പരിഹരിച്ചു മടങ്ങി. എന്നാല്‍ ഇതിനുശേഷവും കംഫര്‍ട്ട് സ്റ്റേഷനിലേക്കുള്ള വെള്ളത്തിന്റെ വരവ് ഉണ്ടായില്ല. കുന്നപ്പള്ളി മടത്തേട്ട് കോളനിയിലെ താമസക്കാരനായ അപ്പച്ചനാണ് പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറിനെടുത്ത് പ്രവര്‍ത്തിച്ചു വരുന്നത്. 

അംഗപരിമിതനായ അപ്പച്ചന് 80 ശതമാനം കാഴ്ച്ചയില്ലാത്ത വ്യക്തിയാണ്. 10,000 രൂപ മുളക്കുളം പഞ്ചായത്തില്‍ സെക്യൂരിറ്റിയായി കെട്ടിവെച്ചാണ് പെരുവയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഇദേഹം പഞ്ചായത്തുമായി കരാര്‍ വച്ചത്. രണ്ട് മാസം കൂടുമ്പോള്‍ വെള്ളക്കരം ഏകദേശം 1,200 രൂപയും വൈദ്യൂതി ബില്‍ 450 രൂപയുമാണ് കംഫര്‍ട്ട് സ്റ്റേഷന് അടച്ചുക്കൊണ്ടിരിക്കുന്നതെന്ന് അപ്പച്ചന്‍ പറയുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ ഫണ്ടുപയോഗിച്ചാണ് പെരുവയില്‍ കംഫര്‍ട്ട് സ്റ്റേഷന് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. കെട്ടിത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തോളം കഴിഞ്ഞാണ് ഇതിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞത്. വൈദ്യൂതി, വെള്ള കണക്ഷനുകള്‍ എടുക്കാന്‍ വൈകിയതാണ് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം വൈകാനിടയാക്കിയത്. 

വിവാദങ്ങള്‍ക്കൊടുവില്‍ രണ്ട് കണക്ഷനുകളും എടുത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. മുമ്പ് കംഫര്‍ട്ട് സ്റ്റേഷന്റെ വാട്ടര്‍ കണക്ഷനുപയോഗിച്ചിരുന്ന മീറ്റര്‍ മോഷണം പോയ സംഭവവും ഇഴിടെ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും  നിര്‍ദ്ധനനും അംഗപരിമിതനുമായ വയോധികന്റെ ജീവിതമാര്‍ഗം വഴി മുട്ടിയ നിലയിലാക്കിയിരിക്കുകയാണ്.  

Advertisment