Advertisment

വീട്ടിലും ജോലി സ്ഥലത്തും ‌യാതൊരു പ്രശ്നങ്ങളുമില്ല; നയിച്ചിരുന്നത് സന്തോഷകരമായ ജീവിതം. എന്നിട്ടും അതിസമർത്ഥയായ യുവഡോക്ടർ അഭിരാമി ജീവനൊടുക്കിയത് എന്തിന് ? പരാതി നൽകാതെ വീട്ടുകാരും ബന്ധുക്കളും. ആത്മഹത്യയുടെ കാരണം തേടി പോലീസ്. അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിൽ പോലീസ്; തലസ്ഥാനത്തെ യുവ ഡോക്ടറുടെ മരണം ചർച്ചാ വിഷയമാവുമ്പോൾ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
abhirami balakrishnan

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടർ അഭിരാമിയുടെ (30) ആത്മഹത്യയിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ നിഗമനം. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് പോകുന്നുവെന്നും എഴുതിയ ആത്മഹത്യക്കുറുപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

Advertisment

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് അഭിരാമിയുടെ മാതാപിതാക്കളോ ബന്ധുക്കളോ പരാതി നൽകിയിട്ടില്ല. എന്നാലും ഡോക്ടറുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

dr. abhirami


അഭിരാമിയുടെ ഭർത്താവ് പ്രതീഷ്, മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.  ജോലി സ്ഥലത്തും വീട്ടിലും അഭിരാമിയ്ക്ക് പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നാണ് എല്ലാവരുടെയും മൊഴി.


കഴിഞ്ഞ നവംബർ 11നായിരുന്നു കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ.പ്രതീഷുമായി അഭിരാമിയുടെ വിവാഹം. എന്നാൽ ഇക്കാര്യം ഭൂരിഭാഗം സുഹൃത്തുക്കളോടും അദ്ധ്യാപകരോടും അഭിരാമി പറഞ്ഞിരുന്നില്ല. ജനറൽ മെഡിസിനിൽ പി.ജിയ്ക്ക് ശേഷം ഒരു വർഷത്തെ ബോണ്ട് കാലയളവിൽ സീനിയർ റസിഡന്റായി ജോയിൻ ചെയ്യാൻ നവംബർ 10നാണ് അഭിരാമി എത്തിയത്.

അപ്പോഴാണ് നാളെ കല്ല്യാണമാണെന്നും പത്തു ദിവസത്തെ അവധി വേണമെന്നും ആവശ്യപ്പെട്ടത്. ഈ സമയത്താണ് അഭിരാമിയുടെ കല്ല്യാണവിവരം കോളേജിൽ അറിയുന്നത്. എം.ബി.ബി.എസ് മുതൽ അഭിരാമി തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പഠിക്കുന്നത്.  

ചൊവ്വാഴ്ച വൈകിട്ട് 6.30തോടെയാണ് മെഡിക്കൽ കോളേജിന് സമീപം പി.ടി.ചാക്കോ നഗറിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ അഭിരാമി  ആത്മഹത്യ ചെയ്തത്. അനസ്തീഷ്യ മരുന്ന് അമിത അളവിൽ കുത്തിവച്ചായിരുന്നു മരണം.

ചൊവ്വാഴ്ച രാവിലെ അഭിരാമി, ഭർത്താവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അച്ഛനുമായും സംസാരിച്ചു. വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. വൈകിട്ട് ഭർത്താവ് വിളിച്ച് കിട്ടാത്തതിനെ തുടർന്ന് അഭിരാമിയുടെ അമ്മയെ വിവരമറിയിച്ചു. തുടർന്ന് അമ്മ ഫോണിൽ വിളിച്ച് വീട്ടുടമയെ അറിയിക്കുകയായിരുന്നു.

വീട്ടുടമസ്ഥർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ ജനൽചില്ലുകൾ തകർത്തപ്പോഴാണ് ബോധരഹിതയായി കൈയ്യിൽ സിറിഞ്ചുമായി കട്ടിലിൽ കിടക്കുന്ന അഭിരാമിയെ കണ്ടത്. മൂന്ന് വർഷമായി മെഡിക്കൽ കോളേജിന് സമീപത്തെ വീട്ടിലാണ് താമസം.  


അഭിരാമിയുടെ ഭർത്താവും മുംബൈയിലെ ഇ.എസ്. ഐ ആശുപത്രിയിലെ ഡോക്ടറായ ആർ. പ്രതീഷ് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്. കെ.എസ്. ഇ.ബിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ അച്ഛൻ രഘുനാഥ പിള്ളയും അമ്മ ഷൈലജയും മാത്രമായിരുന്നു മേടയിൽ മുക്ക് ഇലങ്കത്ത് ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ താമസം.


abhiramiUntitlled.jpg

ചവറ സ്വദേശികളായ ഇവർ പത്ത് വർഷം മുൻപാണ് ഇലങ്കത്ത് ക്ഷേത്രത്തിന് സമീപം സ്ഥലം വാങ്ങി വീട് വച്ചത്. നാല് മാസം മുൻപാണ് പ്രതീഷിന്റെയും അഭിരാമിയുടെയും വിവാഹം കഴിഞ്ഞത്.  കല്ല്യാണ ശേഷം പ്രതീഷ് മുംബയിൽ നിന്ന് നാട്ടിലെത്തുന്ന ദിവസം തിരുവനന്തപുരത്ത് നിന്ന് അഭിരാമിയെയും കൂട്ടിയാണ് വീട്ടിലേക്ക് വരാറുണ്ടായിരുന്നതെന്നും ഇത്തവണ നാട്ടിലെത്തിയപ്പോൾ അഭിരാമിയെ കണ്ടിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു.

പ്രതീഷ് നാട്ടുകാരുമായി വലിയ ബന്ധം പുലർത്താറില്ലായിരുന്നില്ലെന്നും വീട്ടുകാർ എല്ലാവരുമായി നല്ലബന്ധം പുലർത്തുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ഇവരുടെ വീടിന് സമീപത്തെ ക്ഷേത്ര ഉത്സവത്തിനും മറ്റും അഭിരാമി പങ്കെടുക്കാറുണ്ടായിരുന്നുവെന്നും സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നതെന്നും അയൽവാസികൾ പറഞ്ഞു. ചൊവാഴ്ച വൈകിട്ട് പ്രതീഷിന്റെ വീട്ടിലേക്ക് പോകുമെന്ന് അഭിരാമി ഒപ്പം ജോലിചെയ്യുന്നവരോട് പറഞ്ഞിരുന്നു.

Advertisment