Advertisment

ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി.ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തെറിപ്പിക്കും; ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സി.പി.എമ്മില്‍ നിന്നും സി.പി.ഐയില്‍ നിന്നും സമ്മര്‍ദ്ദം; മുന്നണിയുടെ രാഷ്ട്രീയം മറന്ന് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ജയരാജനെ എങ്ങനെ കണ്‍വീനറുടെ കസേരയില്‍ ഇരുത്തുമെന്ന് സി.പി.ഐയുടെ ചോദ്യം; കൂടിക്കാഴ്ച സ്ഥിരീകരിക്കപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ ജയരാജന് സൈബര്‍ കമ്മികളുടെ പൊങ്കാല

ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൻെറ വിശ്വാസ്യത തന്നെ കാറ്റിൽ പറത്തിയ ജയരാജൻെറ നടപടി ന്യൂനപക്ഷ വിഭാഗങ്ങളിൽ കടന്നുകയറി സ്വാധീനം ഉണ്ടാക്കാനുളള സി.പി.എമ്മിൻെറ ശ്രമങ്ങൾക്കും തടസമാകും.

New Update
ep jayarajan1

കണ്ണൂർ: ബി.ജെ.പി ദേശിയ നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച പുറത്തായതോടെ സി.പി.എമ്മിന് ഉളളിൽ  കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് എതിരായ വിമർശനം ശക്തമാകുന്നു. പാർട്ടിയുടെയും മുന്നണിയുടെയും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിൻെറ വിശ്വാസ്യത ചോർത്തിക്കളയുന്നതാണ് ഇ.പിയുടെ നടപടി എന്നാണ് സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉയരുന്ന വിമർശനം.

Advertisment

മുന്നണിയുടെ രാഷ്ട്രീയത്തിന് വിരുദ്ധമായ കൂടിക്കാഴ്ചക്ക് തയാറായ ഇ.പി.ജയരാജനെ എൽ.‍ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി സി.പി.ഐയും രംഗത്തുണ്ട്.

മുഖ്യമന്ത്രിക്കുളള പ്രത്യേക താൽപര്യം കണക്കിലെടുത്ത് മറ്റ് സംഘടനാ നടപടികളിൽ നിന്ന് ഇ.പി.ജയരാജനെ രക്ഷിച്ച് നിർത്തിയാൽ പോലും മുന്നണി കൺവീനർ  സ്ഥാനത്ത് അദ്ദേഹത്തെ തുടരാൻ അനുവദിക്കുന്നത് ആത്മഹത്യാപരം ആണെന്ന അഭിപ്രായം സി.പി.എമ്മിലും ശക്തമാണ്.

അതുകൊണ്ടുതന്നെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി. ജയരാജൻ തെറിക്കാനാണ് സാധ്യത.സംഘപരിവാർ പ്രസ്ഥാനങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പോരാടുന്നുവെന്ന് ഊറ്റം കൊളളുകയും കോൺഗ്രസ് നേതാക്കളെ പോലെ അവസരം കിട്ടിയാൽ ബി.ജെ.പിയിലേക്ക് പോകുന്നവരല്ല കമ്മ്യൂണിസ്റ്റുകകൾ എന്നുമുളള സി.പി.എമ്മിൻെറയും ഇടതുമുന്നണിയുടെയും അവകാശ വാദങ്ങളെയുമാണ് ആക്കുളത്തെ മകൻെറ ഫ്ളാറ്റിൽ വെച്ച് ബി.ജെ.പി ദേശിയ നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി.ജയരാജൻ തകർത്ത് കളഞ്ഞത്. 

jayarajan

ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൻെറ വിശ്വാസ്യത തന്നെ കാറ്റിൽ പറത്തിയ ജയരാജൻെറ നടപടി ന്യൂനപക്ഷ വിഭാഗങ്ങളിൽ കടന്നുകയറി സ്വാധീനം ഉണ്ടാക്കാനുളള സി.പി.എമ്മിൻെറ ശ്രമങ്ങൾക്കും തടസമാകും.

സമസ്ത അടക്കമുളള സംഘടനകളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതും സംഘപരിവാറിനോടുളള നിലപാടിലെ ആത്മാർത്ഥത ചൂണ്ടിക്കാട്ടിയായിരുന്നു. സമസ്ത നേതാക്കളിലെ ലീഗിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള ചേരിതിരിവിനും ഇത് വഴിവെച്ചിരുന്നു.എന്നാൽ ഇടത് മുന്നണി കൺവീനറും സി.പി.എമ്മിൻെറ കേന്ദ്ര കമ്മിറ്റി അംഗവുമായ നേതാവ് തന്നെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ സംഘപരിവാറിനെതിരായ പോരാട്ടത്തിലെ വിട്ടുവീഴ്ചയില്ലായ്മ ഒക്കെ കപ്പല് കയറി.

ബി.ജെ.പിയിൽ ചേർന്നോ ഇല്ലയോ എന്നതിനപ്പുറം  മുന്നണിയുടെ കൺവീനർ തന്നെ അവരുമായി രാഷ്ട്രീയ വിഷയങ്ങളിൽ ചർച്ചക്ക് മുതിർന്നു എന്ന് പറയുന്നത് സമസ്ത അടക്കമുളള സംഘടനകളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

മുന്നണിയുടെ രാഷ്ട്രീയം മറന്ന് വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി ബി.ജെ.പി നേതൃത്വത്തിന് മുന്നിൽ ഭാഗ്യാന്വേഷിയായി മുന്നണി കൺവീനർ തന്നെ പോയി എന്നതാണ് ഇ.പി- ജാവദേക്കർ കൂടിക്കാഴ്ചയുടെ രാഷ്ട്രീയം.

സാഹചര്യത്തിൻെറ ഗൗരവം മനസിലാക്കി ഇ.പി. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ സി.പി.എം നേതൃത്വം തയാറാകുമെന്നാണ് സി.പി.ഐയുടെ പ്രതീക്ഷ. മാറ്റാൻ തയാറാകാത്തപക്ഷം മുന്നണിയുടെ വിശ്വാസ്യത തന്നെ പോകുമെന്നാണ് സി.പി.ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

ജാവദേക്കറുമായുളള കൂടിക്കാഴ്ച സ്ഥിരീകരിക്കപ്പെട്ടതോടെ സി.പി.എം സൈബർ സഖാക്കളിൽ നിന്നും ഇ.പി.ജയരാജൻ വലിയ വിമർശനമാണ് നേരിടുന്നത്.ജയരാജൻെറ സ്വന്തം ജില്ലയായി കണ്ണൂർ തന്നെയാണ് അതിൻെറ പ്രഭവ കേന്ദ്രം എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ഇ.പിയെ വിമർശിക്കുന്നതിനൊപ്പം മാതൃകാ നേതാവായി പി.ജയരാജനെ ഉയർത്തിക്കാട്ടി കൊണ്ടുളള പോസ്റ്റുകളും റെഡ് ആർമി, ചുവപ്പിൻെറ പോരാളി തുടങ്ങിയ ഫേസ് ബുക്ക് പേജുകളിൽ കാണാം.കച്ചവട താൽപര്യം തലക്ക് പിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്നാണ് റെഡ് ആർമി പേജിലെ പോസ്റ്റ്. പി.ജയരാജൻെറ ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

അത് എപ്പോ അത് ഇപ്പോ അങ്ങനെ സാഹചര്യം ചുറ്റുപാട് ഓർത്തില്ല പിന്നെ വന്നു ഞാൻ കണ്ടില്ല എനിക്കറിയില്ല സംസാരിച്ചില്ല സംസാരിച്ച സമയത്തിൻെറ കുറവ് ഇങ്ങെനെ ഒന്നും പറയാനില്ല  Real hero the real man one and only P Jayarajan എന്നാണ് ചുവപ്പിൻെറ പേരാളി ഫേസ് ബുക്ക് പേജിലെ പോസ്റ്റ്.

മുതിർന്ന നേതാവായിട്ടും സംഘടനാ തലത്തിലും ഭരണതലത്തിലും കാര്യമായ പരിഗണന കിട്ടാതെ പോയ പി.ജയരാജനെ ഉയർത്തിക്കാട്ടുക വഴി സംസ്ഥാന നേതൃത്വത്തിന് നേരെ പരിഹാസവും വിമർശനവും ഉയർത്തുക കൂടിയാണ് ഈ വിമർശനങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.2022 നവംബറിൽ വൈദേകം റിസോർട്ടിലെ നിക്ഷേപം ചൂണ്ടിക്കാട്ടി  സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ  ഇ.പി.ജയരാജനെതിരെ സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത് പി.ജയരാജനായിരുന്നു.

എന്നിട്ടും വിഷയം അന്വേഷിക്കാനോ നടപടി എടുക്കാനോ പാർട്ടി നേതൃത്വം തയാറായിരുന്നില്ല. അന്ന് നടപടിയിലേക്ക് പോയിരുന്നെങ്കിൽ ഇപ്പോൾ ഇത്തരം വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നും പാർട്ടിക്കുളളിൽ വിമർശനമുണ്ട്.

p jayarajan ep jayarajan new

തിരഞ്ഞെടുപ്പ് ദിവസം ജാവദേക്കർ കൂടിക്കാഴ്ച നടത്തി വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിൻെറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറും ഇ.പി.ജയരാജനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

ഗോപകുമാറിൻെറ പോസ്റ്റ് പരോക്ഷ സൂചന മാത്രമേ നൽകിയിരുന്നുളളു. എന്നാൽ അതിന് താഴെ വന്ന കമൻറുകളിൽ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

പരിഷത്ത് നേതാവും സൈബറിടത്തിൽ സി.പി.എമ്മിനെ പ്രതിരോധിക്കാൻ ഏതറ്റം വരെ പോകുന്നയാളുമായ ഡോ.കെ.പി അരവിന്ദൻ, സൈബർ ഇടത്തിലെ സ്ഥിരം ന്യായീകരണ തൊഴാലാളി രാവണൻ കണ്ണൂർ എന്നുവേണ്ട എല്ലാവരും ജയരാജൻെറ ചെയ്തികളെ വിമർശിച്ചു

Advertisment