Advertisment

ഇ പി.ജയരാജനെ വീണ്ടും വെട്ടിലാക്കി ദല്ലാള്‍ നന്ദകുമാര്‍; പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന ഇ.പിയുടെ വാദങ്ങളെ പൊളിച്ച് നന്ദകുമാറിന്റെ പ്രതികരണം; മുഖ്യമന്ത്രിയെ എസ്.എന്‍.സി. ലാവ്‌ലിന്‍ ഉപയോഗിച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും ഇതെല്ലാം ആദ്യം ക്രമപ്പെടുത്തുവെന്നും ഇ.പി. ജാവദേക്കറോട് പറഞ്ഞെന്ന് നന്ദകുമാര്‍; കേരളത്തിലെ മുസ്‌ളീം -ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചലനം ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും ജയരാജന്‍ ജാവദേക്കറെ അറിയിച്ചുവെന്നും നന്ദകുമാര്‍; തൃശൂര്‍ സീറ്റില്‍ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ചയെന്നും വെളിപ്പെടുത്തല്‍; ഇ.പിയുടെ നില പരുങ്ങലില്‍ !

കേരളത്തിലെ  മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളില്‍  ചലനം ഉണ്ടാക്കാന്‍  ബിജെപിക്ക് കഴിയില്ലെന്ന് കൂടി ഇ.പി. ജയരാജന്‍ പറഞ്ഞതായി നന്ദകുമാര്‍ തുറന്ന് പറയുമ്പോള്‍ ജാവദേക്കറുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന വാദങ്ങള്‍ പൊട്ടി പൊട്ടി തകരുകയാണ്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ep 1 Untitled343.jpg

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ വെട്ടിലാക്കി വീണ്ടും ടി.ജി.നന്ദകുമാര്‍.

Advertisment

ആക്കുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നടന്ന ജാവദേക്കറുമായുളള കൂടിക്കാഴ്ചയില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കേസും വൈദേകം റിസോര്‍ട്ടും ചര്‍ച്ചയായെന്ന നന്ദകുമാറിന്റെ വെളിപ്പെടുത്തലാണ് ഇ.പി ജയരാജനെ വീണ്ടും കുരുക്കിലാക്കിയത്.

dallal

സ്വകാര്യ വാര്‍ത്താ ചാനലിന്റെ പ്രഭാത പരിപാടിയിലാണ് നന്ദകുമാറിന്റെ ഈ വെളിപ്പടുത്തല്‍. മുഖ്യമന്ത്രിയെ എസ്.എന്‍.സി. ലാവ്‌ലിന്‍ ഉപയോഗിച്ച്  ബുദ്ധിമുട്ടിക്കുകയാണെന്നും ഇതെല്ലാം ആദ്യം ക്രമപ്പെടുത്തണമെന്നും ഇ.പി.ജയരാജന്‍ പ്രകാശ് ജാവദേക്കറോട് പറഞ്ഞു എന്നാണ് നന്ദകുമാര്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 

ഇതോടെ ആക്കുളത്തെ ഫ്‌ളാറ്റില്‍ നടന്ന നാല് മിനിറ്റ് മാത്രം ദൈര്‍ഘ്യമുളള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന ഇ.പി ജയരാജന്റെ വിശദീകരണം അപ്പടി തകര്‍ന്നു. ലാവ്‌ലിന്‍ കേസ് മാത്രമല്ല കൂടിക്കാഴ്ചയില്‍ പരാമര്‍ശ വിഷയമായത്. വൈദേകം റിസോര്‍ട്ടിന്റേ പേര് പറഞ്ഞ് പേടിപ്പിക്കല്ലെ എന്നും ഇ.പി. ജയരാജന്‍ ജാവദേക്കറോട് പറഞ്ഞതായി നന്ദകുമാര്‍ ചാനലിനോട് പ്രതികരിക്കുന്നുണ്ട്.

കേരളത്തിലെ  മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളില്‍  ചലനം ഉണ്ടാക്കാന്‍  ബിജെപിക്ക് കഴിയില്ലെന്ന് കൂടി ഇ.പി. ജയരാജന്‍ പറഞ്ഞതായി നന്ദകുമാര്‍ തുറന്ന് പറയുമ്പോള്‍ ജാവദേക്കറുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന വാദങ്ങള്‍ പൊട്ടി പൊട്ടി തകരുകയാണ്. 

പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്ന ഇ.പി. ജയരാജന്റെ വാദങ്ങളെ പിന്തുണച്ച് കൊണ്ട് സംസാരിക്കുമ്പോഴാണ് അറിഞ്ഞോ അറിയാതെയോ ടി.ജി. നന്ദകുമാര്‍ ഈ പ്രതികരണങ്ങളെല്ലാം നടത്തിയത് എന്നതാണ് ഏറെ കൗതുകം.

തൃശൂര്‍ സീറ്റില്‍ സഹായം ആവശ്യപ്പെട്ടാണ് ജാവദേക്കര്‍ ഇ.പി. ജയരാജനെ കണ്ടത് എന്നതാണ് നന്ദകുമാറിന്റെ പ്രതികരണം. കേരളത്തിലെ ഇടത് മുന്നണിയുടെ കണ്‍വീനറും സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമായ നേതാവാണ് ഇ.പി. ജയരാജന്‍. 

അത്തരമൊരു നേതാവിനെ തൃശൂരില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് ചെന്ന് കാണുന്നത് രാഷ്ട്രീയമല്ലെങ്കില്‍ പിന്നെയെന്താണെന്ന ചോദ്യവും ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്. പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച രാഷ്ട്രീയ ഡീല്‍ ആണെന്ന പ്രതിപക്ഷ ആരോപണവും ഇതോടെ ശരിവെയ്ക്കപ്പെട്ടിരിക്കുകയാണ്. 

തൃശൂര്‍, തിരുവനന്തപുരം സീറ്റുകളില്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നതിന് സി.പി.എമ്മുമായി ധാരണ ഉണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ജാവദേക്കര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ കണ്ടതെന്നുമായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പ്രതികരണം. 

ലാവ്‌ലിന്‍ കേസും ബി.ജെ.പിയുടെ കേരള സാധ്യതകളും വൈദേകം റിസോര്‍ട്ടും തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങള്‍  കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയതോടെ പ്രതിപക്ഷ ആരോപണം വസ്തുതാപരമാണെന്ന് വന്നിരിക്കുകയാണ്.

പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയെപ്പറ്റിയുളള വിവാദം തനിക്കെതിരായ വേട്ടയാടലാണെന്നായിരുന്നു ഇ.പി.ജയരാജന്റെ ഇന്നലെത്തെ പ്രതികരണം. ''ജാവദേക്കറെ അങ്ങോട്ട് പോയി കണ്ടതല്ല, അപ്രതീക്ഷിതമായാണ് ജാവദേക്കര്‍ മകന്റെ ഫ്‌ലാറ്റില്‍ എത്തിയത്. ആകെ മൂന്നോ നാലോ മിനുട്ട് മാത്രമാണ് കണ്ടത്. നയപരമായതോ രാഷ്ട്രീയമോ ചര്‍ച്ച ചെയ്തില്ല. തിരഞ്ഞെടുപ്പ് ദിവസം ജാവദേക്കറെ കണ്ടത് നിഷേധിച്ചാല്‍ മാധ്യമങ്ങള്‍ മറ്റ് രീതിയില്‍ വാര്‍ത്ത കൊടുക്കും. 

ep jayarajan prakash javadekar

അതുകൊണ്ട് ഉണ്ടായ കാര്യം തുറന്ന് പറഞ്ഞു. എന്നെ കാണുന്നവരെകുറിച്ചെല്ലാം  പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യമില്ല'' ഇതായിരുന്നു ഇ.പി. ജയരാജന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ദല്ലാള്‍ നന്ദകുമാറിനെ കൂടി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ജയരാജന്റെ പ്രതികരണത്തില്‍ ഉണ്ടായിരുന്നു. ദല്ലാളിന് തന്നെ പറ്റിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനര്‍ത്ഥം അയാള്‍ അതിന് ശ്രമിക്കാത്തയാളാണെന്നല്ല. 

പരമാവധി ജാഗ്രതയോടെ ഇതിനെയൊക്കെ നേരിടാന്‍ ശ്രമിക്കാറുണ്ടെന്നും തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നുമായിരുന്നു വിവാദം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായുളള ജയരാജന്റെ പ്രതികരണം. 

ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം ജാഗ്രതക്കുറവാണെന്ന മുഖ്യമന്ത്രിയുടെ ഉപദേശം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി പറഞ്ഞ ജയരാജന്‍, മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഉണ്ടാകാന്‍ ഇടയുളള നടപടി നീക്കം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജയരാജന്‍ മുഖ്യമന്ത്രിയുടെ ഉപദേശം ശിരസാവഹിക്കുന്ന രീതിയില്‍ സംസാരിച്ചതെന്നാണ് സൂചന.

Advertisment