തിരുവനന്തപുരം: കോൺഗ്രസിന് വോട്ടർമാരിൽ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി ഇതിൽ ഭയപ്പെടുകയാണെന്നും ഖർഗെ പറഞ്ഞു. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ എന്തിനാണ് മോദി നിരന്തരം വിമർശിക്കുന്നതെന്നു ഖർഗെ ചോദിച്ചു.
അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎൽഎമാരെ വിലക്ക് വാങ്ങുകയാണെന്നും ഖർഗെ ആരോപിച്ചു.
നൽകിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരൻ്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്നാണ് അവർ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളർത്തിയതെന്നും ഖർഗെ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിർത്താൻ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നത്. അതിനെ മതപരമായ വേർതിരിച്ചു കാണരുത്. കേരളം രാജ്യത്തെ രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു.