Advertisment

നവകേരള ബസ് മ്യൂസിയത്തിലേക്ക് ഇല്ല, അടുത്തയാഴ്ച മുതൽ സാധാരണ സർവീസിന്! വിവാദ ബസ് സർവീസ് നടത്തുക കോഴിക്കോട് - ബംഗലരു റൂട്ടിൽ; ആധുനിക സൗകര്യങ്ങളും ശുചിമുറിയുമുളള ബസ് യാത്രക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ. ടി.സി മാനേജ്മെൻറ്; സർവീസ് പരീക്ഷണം ലാഭകരമല്ലെങ്കിൽ ബസ് ബജറ്റ് ടൂറിസം വിഭാഗത്തിന് കൈമാറാനും ആലോചന

അന്തർ സംസ്ഥാന റൂട്ടിലാണ് സർവീസ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എന്നതിനാൽ ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി കിട്ടേണ്ടതുണ്ട്. യാത്രാ നിരക്കും സ്റ്റോപ്പുകളും സംബന്ധിച്ച ചർച്ചകൾക്ക് സമാന്തരമായി ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി നേടാൻ നടപടി തുടങ്ങിയിട്ടുണ്ട്.

New Update
navakerala bus

തിരുവനന്തപുരം: നവകേരള സദസ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് അടുത്തയാഴ്ച മുതൽ യാത്രക്കാരെ കയറ്റി സർവീസ് തുടങ്ങും. ലക്ഷ്വറി വിഭാഗത്തിലുളള സൗകര്യങ്ങളും ടോയ് ലെറ്റുമുളള നവകേരള ബസ് ദീർഘദൂര സർവീസിന് ഉപയോഗിക്കാനാണ് തീരുമാനം.

Advertisment

കോഴിക്കോട് - ബംഗലരു റൂട്ടിൽ ബസ് ഓടിക്കാനാണ്  കെഎസ്ആർടിസിയുടെ തീരുമാനം. എ.സി ബസിൻെറ നിരക്ക്, നിർത്തുന്ന ഇടങ്ങൾ എന്നിവ സംബന്ധിച്ച് കൊമേഴ്സ്യൽ വിഭാഗത്തിൽ ചർച്ചകൾ തുടങ്ങി.

യാത്രക്കാരെ കയറ്റിയുളള സർവീസ് തുടങ്ങുന്നതിൻെറ ഭാഗമായി ബസിൻെറ പെർമിറ്റിൽ നേരത്തെ മാറ്റം വരുത്തിയിരുന്നു. നവകേരളസദസ് സമയത്ത് കോൺട്രാക്റ്റ് ക്യാരിയേജ് വിഭാഗത്തിലായിരുന്നു ബസിൻെറ പെർമിറ്റ് എടുത്തത്. എന്നാൽ യാത്രക്കാരെ കയറ്റിയുളള സർവീസ് നടത്തണമെങ്കിൽ സ്റ്റേജ് കാരിയർ പെർമിറ്റ് വേണം.

അന്തർ സംസ്ഥാന റൂട്ടിലാണ് സർവീസ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എന്നതിനാൽ ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി കിട്ടേണ്ടതുണ്ട്. യാത്രാ നിരക്കും സ്റ്റോപ്പുകളും സംബന്ധിച്ച ചർച്ചകൾക്ക് സമാന്തരമായി ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി നേടാൻ നടപടി തുടങ്ങിയിട്ടുണ്ട്.

navakerala bus

ദീർഘദൂര റൂട്ടുകളിൽ നടത്തുന്ന സ്വകാര്യ ബസുകളോട് കിടപിടിക്കുന്ന നവകേരള ബസ് പരീക്ഷണ അടിസ്ഥാനത്തിലാണ് യാത്രാ സർവീസിനായി ഉപയോഗിക്കുന്നത്.കേരളത്തിലെ കെ.എസ്.ആർ.ടി.സി നിരക്കിൽ സർവീസ്  നടത്തുന്ന ബസ്, യാത്രക്കാരുടെ ഇഷ്ട സർവീസായി മാറുമെന്നാണ് കെ.എസ്.ആർ‍.ടി.സി മാനേജ്മെന്റിൻെറ പ്രതീക്ഷ.

പരീക്ഷണ അടിസ്ഥാനത്തിലുളള ബസ് സർവീസ് ലാഭകരമായില്ലെങ്കിൽ മറ്റ് വിഭാഗത്തിലേക്ക് മാറ്റുന്ന കാര്യവും മാനേജ്മെന്റ് പരിഗണിക്കുന്നുണ്ട്. സർവ്വീസ് പരാജയപ്പെട്ടാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറുന്നതാണ് ആലോചനയിലുളളത്.

അറ്റകുറ്റപ്പണക്ക് ശേഷം പാപ്പനംകോട്ടെ കെ.എസ്.ആർ.ടി.സിയുടെ സെൻട്രൽ വർക്ക് ഷോപ്പിലുളള ബസ് റൂട്ട് അന്തിമമായി തീരുമാനിച്ചാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. യാത്രാ സർവീസിന് ഉപയോഗിക്കുന്നതിൻെറ ഭാഗമായി ബസിൻെറ മുൻവശത്തുളള മുഖ്യമന്ത്രിയുടെ സീറ്റ് അഴിച്ചുമാറ്റിയിരുന്നു.

360 ഡിഗ്രിയിൽ കറങ്ങുന്ന കസേരയാണ് അഴിച്ചുമാറ്റിയത്.മുൻവശത്തെ വാതിലിലുളള ഹൈഡ്രോളിക് ലിഫ്റ്റും ആഴിച്ചുമാറ്റിയെന്നാണ് വിവരം. ഇതോടെ മറ്റ് ബസുകൾക്കുളള സൗകര്യങ്ങൾ മാത്രമേ നവകേരള ബസിലുമുളളു എന്നായിട്ടുണ്ട്.

നവകേരള സദസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനായി 1.15 കോടി രൂപ ചെലവിട്ടാണ് ബസ് വാങ്ങിയത്. ഭാരത് ബെൻസ് കമ്പനിയുടെ ചേസിസ് വാങ്ങി ബംഗളരുവിലെ പ്രശസ്ത ബസ് ബോഡി നിർമ്മാണ സ്ഥാപനമായി പ്രകാശിലാണ് ആധുനിക സൗകര്യങ്ങളോടെ ബസ് നിർമ്മിച്ചത്.

navakerala bus

കോടി രൂപ ചെലവഴിച്ച് വാങ്ങിയ ബസ് , നവകേരള സദസിന് ശേഷം കെ.എസ്.ആർ.ടി.സിയുടെ ഗാരേജിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. പണം മുടക്കി വാങ്ങിയ ബസ് ഉപയോഗ ശൂന്യമാകുന്നു എന്ന വിമർശനങ്ങളെ തുടർന്നാണ് സർവീസിന് ഉപയോഗിക്കാൻ തീരുമാനിച്ചത്.

നവകേരള സദസ് ധൂർത്താണെന്ന് വിമർശിച്ച പ്രതിപക്ഷം അതിൻെറ തെളിവായി ഉയർത്തിക്കാട്ടിയത് കോടിയിൽപ്പരം രൂപ ചെലവഴിച്ച് വാങ്ങിയ ആഡംബര ബസായിരുന്നു.എന്നാൽ ബസ് പാഴ്ചെലവല്ലെന്നും മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വെയ്ക്കാമെന്നായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻെറ പ്രതികരണം.

മുഖ്യമന്ത്രിക്ക് അമാനുഷ പരിവേഷം നൽകി വീരാരാധന നടത്തുന്ന തരത്തിലുളള ബാലൻെറ പ്രതികരണം ഏറെ പരിഹാസങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.

Advertisment