Advertisment

500 പവനും 3 കോടിയും സ്ത്രീധനം നൽകിയിട്ടും കൊല്ലത്തെ ഭരണകക്ഷി എം.എൽ.എയ്ക്ക് മകളുടെ ജീവിതം സുരക്ഷിതമാക്കാനായില്ല. 500 പവനും ഭ‌ർത്താവ് വിറ്റുതുലച്ചെന്ന് പരാതി. സഹോരൻ എം.എൽ.എ ആയിട്ടും യുവതിയുടെ പരാതിയിൽ ഉഴപ്പി പോലീസ്. ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടും യുവതി അഭയം തേടി കോടതിയിലെത്തി. സാക്ഷര കേരളം സ്ത്രീധന കെടുതിയുടെ പേരിൽ തലകുനിക്കുന്നു

പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും അന്വേഷണത്തിൽ പൊലീസ് ഉഴപ്പി. പിന്നീട് ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.

New Update
dowery

തിരുവനന്തപുരം: കൊല്ലത്തെ ഒരു മുൻ എം.എൽ.എ സ്വന്തം മകളുടെ വിവാഹത്തിന് സ്ത്രീധനമായി നൽകിയത് 500 പവനും മൂന്ന് കോടി രൂപയും. ഇത്രയും കനത്ത സ്ത്രീധനം നൽകിയിട്ടും അദ്ദേഹത്തിന് മകളുടെ ജീവിതം സുരക്ഷിതമാക്കാനായില്ല. സ്ത്രീധനമായി കിട്ടിയ 500 പവനും ഭർത്താവ് വിറ്റ് ധൂർത്തടിച്ചെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും യുവതി പരാതിപ്പെട്ടു. നിലവിലെ എം.എൽ.എയുടെ സഹോദരി കൂടിയാണ് ഈ യുവതി.

Advertisment

മക്കൾക്ക് കനത്ത സ്ത്രീധനം നൽകി അവരുടെ ജീവിതം സുരക്ഷിതമാക്കാൻ ഉള്ളതെല്ലാം വിറ്റുതുലയ്ക്കുന്ന മാതാപിതാക്കൾ അറിയേണ്ടതാണ് കൊല്ലത്തെ യുവതിയുടെ കഥ. 2022 മാർച്ചിലാണ് യുവതി പരാതിയുമായെത്തിയത്. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്തൃമാതാവും അടക്കമുള്ളവർ തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച് ഇവർ പൊലീസിൽ പരാതി നൽകി.


പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും അന്വേഷണത്തിൽ പൊലീസ് ഉഴപ്പി. പിന്നീട് ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.


ഒടുവിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്ന് അവർക്ക് ഹൈക്കോടതിയിൽ ഹർജി നൽകേണ്ടി വന്നു. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാവകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിരുന്നു.

വിസ്‌മയക്കേസിനു ശേഷവും സ്ത്രീധന പീഡനങ്ങൾക്കും കേസുകൾക്കും കുറവൊന്നുമില്ല.  സ്വത്തുക്കൾ തട്ടിയെടുക്കാൻ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക, തീകൊളുത്തി മരിച്ച വെങ്ങാനൂരിലെ അർച്ചന, ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച ആലപ്പുഴയിലെ 19 കാരി സുചിത്ര. ഇങ്ങനെ സ്ത്രീധന ദുരാചരത്തിൽ പൊലിഞ്ഞുവീഴുന്നവരുടെ പട്ടിക നീളുകയാണ്.

മകളുടെ സുരക്ഷിതമായ ഭാവിയെ ഓ‌ർത്ത് ആവശ്യപ്പെടുന്നത്ര സ്വർണവും പണവും വസ്തുവും ആഡംബര കാറും നൽകി കെട്ടിച്ചയച്ച നിരവധി പെൺകുട്ടികളാണ് അത്യാർത്തിക്കാരുടെ ദുരാഗ്രഹത്തിന് ഇരകളായി ജീവനൊടുക്കിയത്.


സ്ത്രീധനത്തിനെതിരെ സർക്കാർ ശക്തമായ നടപടികളെടുക്കുന്നുണ്ട്. 2007 ജൂലായ്‌ക്കു ശേഷം വിവാഹിതരായ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നിലവിൽ നൽകേണ്ടതുണ്ട്. പരാതികളിൽ ക്രിമിനൽ കേസെടുക്കും. 


സ്ത്രീധന നിരോധന നിയമം കൂടുതൽ ശക്തമായി നടപ്പാക്കാൻ കേരളാ സ്ത്രീധന നിരോധന ചട്ടം ഭേദഗതി ചെയ്ത് ജില്ലകളിൽ വനിതാ ശിശു വികസന ഓഫീസർമാരെ സ്ത്രീധന നിരോധന ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് നിയമസഹായം നൽകാൻ ജില്ലാ ഉപദേശക ബോർഡുകളുണ്ട്.

നിയമം ശക്തമായി നടപ്പാക്കാൻ സ്ഥാപനങ്ങളെയും സംഘടനകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ അംഗണവാടി പ്രവർത്തകർക്കും ഗാർഹിക, ലൈംഗിക, സ്ത്രീധന പീഡനത്തെക്കുറിച്ചും സ്ത്രീകൾക്കുള്ള നിയമ പരിരക്ഷയെക്കുറിച്ചും അവബോധം നൽകി. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കനൽ പദ്ധതിയുണ്ട്. പക്ഷേ സ്ത്രീധനം ആചാരമായി മാറിയിരിക്കുന്നതിനാൽ നിയമങ്ങൾക്കും സർക്കാർ നടപടികൾക്കുമൊന്നും കരുത്തില്ലാതാവുന്നു.

Advertisment