Advertisment

'ക്യാപ്റ്റൻ ഇറങ്ങും' ! ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. പ്രചരണത്തെ മുന്നിൽ നിന്ന് നയിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടി നേരിട്ട് നേതൃത്വം കൊടുത്ത് സംഘടനാ സംവിധാനത്തെ കുറ്റമറ്റതാക്കുക ലക്ഷ്യം. തിരഞ്ഞെടുപ്പ്  കമ്മിറ്റികളിൽ പങ്കെടുത്ത് പ്രവർത്തനം വിലയിരുത്തുന്നതിനോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയിക്കും. നേരിട്ടുളള അവലോകനം തുടങ്ങിയത് തൃശൂർ മണ്ഡലത്തിൽ നിന്ന്

New Update
pinarai vijayan-10

തിരുവനനന്തപുരം: സിപിഎമ്മിൻെറയും എൽഡിഎഫിൻെറയും‌ സംഘടനാ സംവിധാനത്തിന് സമാന്തരമായി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി നേരി‌ട്ടിറങ്ങുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൻെറ നിർണായക രാഷ്ട്രീയ പ്രധാന്യം തിരിച്ചറിഞ്ഞാണ് വിജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തുന്നത്.

Advertisment

പ്രചരണത്തെ മുന്നിൽ നിന്ന് നയിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടി നേരിട്ട് നേതൃത്വം കൊടുത്ത് സംഘടനാ സംവിധാനത്തെ കുറ്റമറ്റതാക്കുകയാണ് ഈ നടപടികളിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. പാർട്ടി നേതൃത്വം വഹിക്കുന്ന എം.വി ഗോവിന്ദൻ അട‌ക്കമുളളവരുടെ പരിചയക്കുറവ് കൂടി മനസിലാക്കിയാണ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നതെന്നും സൂചനയുണ്ട്.


ഉപതിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം കൊടുത്തിട്ടുളളത് അല്ലാതെ പൊതു തിരഞ്ഞെടുപ്പുകളിലോ നിയമസഭാ തിരഞ്ഞെെടുപ്പിലെ മുന്നണിയേയും പാർട്ടിയേയും മുന്നിൽ നിന്ന് നയിച്ച അനുഭവ സമ്പത്ത് എം.വി ഗോവിന്ദനൊ സംസ്ഥാന സെക്രട്ടേറിയേറ്റിലെ മറ്റ് നേതാക്കൾക്കോ ഇല്ല.


സെക്രട്ടറി പദത്തിൽ ഒരു കൊല്ലം പിന്നിട്ട എം.വി ഗോവിന്ദൻ സംഘടനാതലത്തിലും പൊതുരാഷ്ട്രീയ രംഗത്തും സംസ്ഥാനമാകെ സ്വാധീനം ചെലുത്താവുന്ന നേതാവായി വളർന്നിട്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവനാണ് വഹിച്ചിരുന്നതെങ്കിലും അണിയറയിൽ കോടിയേരി ബാലകൃഷ്ണൻെറ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.

പാർട്ടി ആസ്ഥാനത്തിരുന്ന് ഓരോ പ്രദേശത്തെയും പ്രശ്നങ്ങളിലേക്ക് കടന്നുചെന്ന കോടിയേരിയുടെ ഇടപെടൽ വലിയ തോതിൽ ഗുണം ചെയ്തെന്ന് പിന്നീട് വിലയിരുത്തപ്പെട്ടിരുന്നു. കോടിയേരി ബാലകൃഷ്ണനെ പോലെയുളള നേതാവിൻെറ അഭാവം കൂടി തിരിച്ചറിഞ്ഞാണ് മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇറങ്ങുന്നത്.


സംസ്ഥാനത്തെ 20 ലോകസഭാ മണ്ഡലങ്ങളിലെയും സംഘടനാ - രാഷ്ട്രീയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനായി രൂപംകൊടുത്തിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക. പ്രചരണ പരിപാടികൾക്കായി ഓരോ മണ്ഡലങ്ങളിലും‌ എത്തുമ്പോൾ അതാത് തിരഞ്ഞെടുപ്പ് കമ്മിറ്റികൾ വിളിച്ചു ചേർത്താണ് പ്രവ‍ർത്തനങ്ങൾ അവലോകനം‌ ചെയ്യുന്നത്. 


മണ്ഡലത്തിലെ പ്രവർത്തനങ്ങളെ കുറിച്ചും സാധ്യതകളെപ്പറ്റിയുമുളള വിലയിരുത്തൽ മുഖ്യമന്ത്രി അതാത് മണ്ഡലം കമ്മിറ്റികളെ അറിയിക്കും. നേതൃതലത്തിൽ നിന്ന് മുഖ്യമന്ത്രി മാത്രമേ യോഗത്തിൽ പങ്കെടുക്കുകയുളളു. സ്ഥാനാർഥി പോലും പങ്കെടുക്കണമെന്ന് നിർബന്ധമില്ല.

തൃശൂരിൽ നിന്നായിരുന്നു മുഖ്യമന്ത്രിയുടെ‌ അവലോകന യോഗങ്ങളുടെ തുടക്കം. പൗരത്വ വിഷയത്തിൽ സംഘടിപ്പിച്ച ആദ്യ റാലിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോകുംവഴി തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ കയറിയ മുഖ്യമന്ത്രി തൃശൂർ മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയിലും മുഖ്യമന്ത്രി പങ്കെടുത്തു. എകെജി സെന്ററിൽ വെച്ചാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ കണ്ടത്. മണ്ഡലത്തെ പറ്റിയുളള സ്വന്തം വിലയിരുത്തലും ശ്രദ്ധിക്കേണ്ട മേഖലകളും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറി‌യിച്ചു. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ആറ്റിങ്ങൽ മണ്ഡലത്തിൽ  ഇത്തവണ ഇടത് മുന്നണി ഉറപ്പായും ജയിക്കുമെന്ന വിലയിരുത്തൽ മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പിൻെറ ആദ്യഘട്ടത്തിൽ ഇടത് മുന്നണി പിന്നിലായിരുന്നു. പിന്നീട്  മുന്നോട്ടുവന്ന് ജയിക്കാവുന്ന നിലയിലേക്ക് എത്തുകയാണ് ഉണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ പൂർണമായും ഇടത് മുന്നണിക്ക് ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി‌ കൊണ്ടാണ് മുഖ്യമന്ത്രി വിജയം ഉറപ്പാണെന്ന് വിലയിരുത്തിയത്.

ബിജെപി സ്ഥാനാർത്ഥി മണ്ഡലത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി വിലയിരുത്തി. അര മണിക്കൂറിൽ താഴെ സമയം മാത്രം ഉണ്ട‌ായിരുന്ന യോഗത്തിൽ മുഖ്യമന്ത്രിയല്ലാതെ ആരും സംസാരിച്ചില്ല. മുഖ്യമന്ത്രി മുന്നോട്ടുവെച്ച ജയപ്രതീക്ഷയും ന്യൂനപക്ഷ പിന്തുണ ഉറപ്പാണെന്ന വിലയിരുത്തലും സ്വന്തം നിരീക്ഷണം ആണോ അതോ പൊലിസ് സ്പെഷ്യൽ ബ്രാഞ്ച് റിപോർട്ടുകളെ ഉദ്ധരിച്ചാണോ എന്ന് വ്യക്തമല്ല.

Advertisment