Advertisment

വിഐപി പോരാട്ടത്തിന്റെ തിളക്കവുമായി തലസ്ഥാനം. മോഡി ഗ്യാരന്റിയുമായി മണ്ഡലം ഇളക്കിമറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന് ജനത്തിന് ഉറപ്പ് നൽകുന്നു. നാലാമൂഴം ഉറപ്പിക്കാൻ വിയർപ്പൊഴുക്കി ശശി തരൂർ. ക്ലീൻ പ്രതിച്ഛായയുമായി പന്ന്യനും. നിർണായകമാവുക തീരദേശ, മുന്നോക്ക വോട്ടുകൾ. വികസനം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ബിജെപി

രാജീവ് ചന്ദ്രശേഖറിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് ബി.ജെ.പിയും എൻ.ഡി.എ ഒന്നാകെയും. പ്രചാരണത്തിലും ജനങ്ങളെ നേരിട്ട് കാണുന്നതിലുമടക്കം രാജീവ് ചന്ദ്രശേഖ‌ർ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. നാടും നഗരവും ഇളക്കിമറിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pannyan raveendran rajeev chandrasekhar sasi tharoor

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും വാശിയേറിയതും ഗ്ലാമറുള്ളതുമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഇറക്കിയതിലൂടെ മണ്ഡലം പിടിച്ചെടുക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. തലസ്ഥാനം പിടിച്ച് ബി.ജെ.പിക്ക് കേരളത്തിൽ ലോകസഭാ അക്കൗണ്ട് തുറക്കുകയെന്ന മിഷനാണ് ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നത്.

Advertisment

രാജീവ് ചന്ദ്രശേഖറിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് ബി.ജെ.പിയും എൻ.ഡി.എ ഒന്നാകെയും. പ്രചാരണത്തിലും ജനങ്ങളെ നേരിട്ട് കാണുന്നതിലുമടക്കം രാജീവ് ചന്ദ്രശേഖ‌ർ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. നാടും നഗരവും ഇളക്കിമറിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം.


തീരദേശത്തും മലയോരത്തുമെല്ലാം ബി.ജെ.പിയുടെ പ്രചാരണത്തിന്റെ തിരയിളക്കമാണ് കാണുന്നത്. വികസനം എന്ന മന്ത്രവുമായാണ് ബി.ജെ.പിയുടെ പ്രചാരണം. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈനിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം കൊഴുക്കുന്നത്. മോദിയുടെ ഗ്യാരന്റി എന്ന വാഗ്ദാനത്തോടെയുള്ള പ്രചാരണം ഗുണകരമാവുമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. 


rajeev chandrasekhar22.jpg

മുൻ കേന്ദ്ര മന്ത്രിയായ ശശിതരൂരാണ് നിലവിലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ എതിരാളി. ജനകീയനായ പന്ന്യൻ രവീന്ദ്രനെ സ്ഥാനാർത്ഥിയാക്കി ഇരുവർക്കും വെല്ലുവിളി ഉയർത്താൻ ഇടതുപക്ഷവുമുണ്ട്. പൊതുവായ രാഷ്ട്രീയം പ്രചാരണത്തിൽ ചർച്ചയാക്കുന്നുണ്ട്. എങ്കിലും സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന വി.ഐ.പി മണ്ഡലത്തിൽ 'വികസനം' ആണ് മുന്നണികൾ ചർച്ചയാക്കുന്നത്. 

കോൺഗ്രസിന്റെ ഗ്ലാമർ നേതാവ് ഡോ. ശശിതരൂരാണ് മണ്ഡലത്തിൽ നാലാം ഊഴത്തിനിറങ്ങുന്നത്.  തരൂരിന് നിലവിലെ എം.പി എന്ന നിലയ്ക്കുള്ള മേൽക്കൈ ഉണ്ടെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം. എന്നാൽ ജയിച്ച ശേഷം തരൂരിനെ മണ്ഡലത്തിൽ കാണാനില്ലെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറാവട്ടെ അറിയപ്പെടുന്ന ഐ.ടി വിദഗ്ദ്ധനും വ്യാവസായിക പശ്ചാത്തലമുള്ളയാളുമാണ്. എന്തും പ്രാവർത്തികമാക്കാൻ വൈഭവമുള്ളയാൾ എന്ന പരിവേഷവുമുണ്ട്. ഇക്കാരണങ്ങളാൽ വ്യക്തിപ്രഭാവത്തിൽ ആർക്ക് കൂടുതൽ വോട്ട് കിട്ടുമെന്നാണ് തലസ്ഥാനം ഉറ്റുനോക്കുന്നത്. 

കഴക്കൂട്ടം, തിരുവനന്തപുരം, നേമം,കോവളം തീരദേശ അസംബ്ളി മണ്ഡലങ്ങളും വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളുമാണ് ഉൾപ്പെടുക. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ നേമം ഒഴികെയുള്ള ആറ് അസംബ്ളി മണ്ഡലങ്ങളിലും യു.ഡി.എഫാണ് മേൽക്കൈ നേടിയത്. നേമത്ത് ബി.ജെ.പി ആയിരുന്നു മുന്നിൽ.

എന്നാൽ ഈ കണക്കുകൾ പിന്നീട് മാറി. 2020-ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക് സഭാ മണ്ഡലപരിധിയിൽ യു.ഡി.എഫിനേക്കാൾ 1,65,000 വോട്ടുകളാണ് എൽ.ഡി.എഫിന് കൂടുതൽ കിട്ടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,11,000 ത്തലധികം വോട്ടുകളും കൂടുതൽ കിട്ടി. കോവളത്ത് മാത്രമാണ് യു.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞതും. ഈ കണക്കുകളാണ് എൽ.ഡി.എഫിന്റെ പിടിവള്ളി.

15 വർഷം എം.പി ആയിരുന്നിട്ട് മണ്ഡലത്തിന് വേണ്ടി തരൂർ എന്തു ചെയ്തു എന്നതാണ് ഇടതു മുന്നണിയുടെയും എൻ.ഡി.എയുടെയും ചോദ്യം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചെയ്തത് സംസ്ഥാന സർക്കാരാണെന്നതാണ് എൽ.ഡി.എഫിന്റെ പ്രധാന വാദം.


ദേശീയപാത സ്ഥലമെടുപ്പ് വേഗത്തിലാക്കിയത്, തലസ്ഥാനത്തെ ഐ.ടി ഹബ്ബാക്കാൻ നടത്തിയ ഇടപെടലുകൾ, ഓഖി ദുരന്ത സമയത്തടക്കം തീരദേശത്ത് സ്വീകരിച്ച നടപടികൾ, കടലെടുത്ത ശംഖുംമുഖം കടപ്പുറത്തിന്റെ നവീകരണം തുടങ്ങി സംസ്ഥാന സർക്കാർ മുൻകൈ എടുത്തു നടത്തിയ വികസനങ്ങൾ അവർ അക്കമിട്ടു നിരത്തുന്നു. ഹൈക്കോടതി ബഞ്ച്, എയിംസ്, ഇരട്ടനഗരം പദ്ധതികൾ തരൂർ പ്രഖ്യാപിച്ചെങ്കിലും എന്തു പുരോഗതി ഉണ്ടായെന്നാണ് അവരുടെ ചോദ്യം.


സർക്കാർ ജീവനക്കാർ ഏറെയുള്ള മണ്ഡലമായതിനാൽ ജീവനക്കാരുടെ ഡി.എകുടിശികയും ശമ്പളം മുടങ്ങിയതുമടക്കമുള്ള വിഷയങ്ങൾ ഇടതുപക്ഷത്തോടുള്ള മമത കുറയാൻ ഇടയാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളും കുട്ടികൾക്കെതിരെ അടക്കം തുടരുന്ന അതിക്രമങ്ങളും യു.ഡി.എഫും എൻ.ഡി.എയും ഇടതുമുന്നണിക്കെതിരെ ആയുധമാക്കുന്നു.  

ദേശീയ പാത വികസനവും വിഴിഞ്ഞം പദ്ധതിയും റെയിൽവെ വികസനവുമടക്കമുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ താത്പര്യം കൊണ്ടു നടപ്പായതാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രാജീവ് ചന്ദ്രശേഖറിന് അവസരം നൽകിയാൽ ഐ.ടി മേഖലയിലടക്കം വികസനത്തിന്റെ വൻ കുതിച്ചു ചാട്ടമുണ്ടാവുമെന്നാണ് അവരുടെ വാഗ്ദാനം. തീരദേശ ജനതയ്ക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും അക്കമിട്ട് നിരത്തുന്നുണ്ട്.

ദേശീയപാതയിൽ കഴക്കൂട്ടം മുതൽ മുക്കോല വരെ 861 കോടി ചെലവിൽ നടത്തിയ ഒന്നാം ഘട്ട വികസനവും മുക്കോല മുതൽ കാരോട് വരെ 400 കോടിയ്ക്ക് മേലുള്ള രണ്ടാം ഘട്ടവും പൂർത്തിയാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നാണ് തരൂരിന്റെ അവകാശവാദം.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാനും വിമാനത്താവള വികസനത്തിനും പുതിയ ട്രെയിനുകൾ അനുവദിപ്പിക്കാനും കൊച്ചുവേളി സ്റ്റേഷന്റെ വികസനത്തിനും ഏറെ പരിശ്രമം നടത്തിയതായും തരൂർ ചൂണ്ടിക്കാട്ടുന്നു.


ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്, നിയമസഭ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ ഉൾപ്പടെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് ഇടത്-വലത് മുന്നണികളെ ഒരു പോലെ സ്നേഹിച്ച ചരിത്രമാണ് പറയാനുള്ളത്. 2009ൽ ജില്ലാ സെക്രട്ടറി ആർ.രാമചന്ദ്രൻ നായരും 2014ൽ സ്വതന്ത്ര സ്ഥാനാർഥി ബെനറ്റ് ഏബ്രഹാമും 2019ൽ സി.ദിവാകരനും തരൂരിനോട് പരാജയപ്പെട്ടു.


2014, 2019 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. പന്ന്യനെത്തുമ്പോൾ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. കേന്ദ്ര ഭരണം ലഭിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ തുടർച്ചയായി വർധയുണ്ടാക്കിയത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

സിപിഐയുടെയും കോൺഗ്രസിൻറെയും വോട്ടുവിഹിതത്തിൽ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. 2014ൽ ശശി തരൂരിൻറെ ഭൂരിപക്ഷം 15,470 വോട്ടായി കുറച്ച് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ ഞെട്ടിച്ചു. ഹൈന്ദവ വോട്ടുകളും സമുദായ സംഘടനകളുടെ പിന്തുണയുമാണ് ബിജെപിയുടെ മണ്ഡലത്തിലെ ശക്തി. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്. നായർ സമുദായ വോട്ടുകളുടെ പ്രതീക്ഷയും ബിജെപിക്കുണ്ട്.

Advertisment