Advertisment

വോട്ടെടുപ്പിൽ ഉദ്യോഗസ്ഥ വീഴ്ചയില്ല; ആക്ഷേപങ്ങളെ പ്രതിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ്ങ് യന്ത്രത്തിൻെറ പ്രവർത്തനം മന്ദഗതിയിലാണെന്ന് പരാതി ലഭിച്ചിട്ടില്ല. ബീപ് ശബ്ദം കേൾക്കാൻ താമസമുണ്ടെന്നും പരാതിയില്ല. എന്നാലും പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. അന്തിമ കണക്ക് വരുമ്പോൾ പോളിങ്ങ് ശതമാനം ഇനിയും ഉയർന്നേക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ

സംസ്ഥാനത്തെ 95% ബൂത്തുകളിലും നിശ്ചിത സമയത്തിനകം പോളിങ് പൂർത്തിയാക്കിയിരുന്നുവെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അവകാശപ്പെട്ടു. പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ന്യായികരിക്കുന്നുണ്ട്. ബീപ് ശബ്ദം വൈകിയെന്ന് ചൂണ്ടിക്കാട്ടി ആരും ഇതുവരെ കമ്മീഷന് പരാതി നൽകിയിട്ടില്ല. എന്നാൽ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ കേൾക്കേണ്ട ബീപ് ശബ്ദം വൈകിയെന്ന ആരോപണം ഉയർന്നുവരുന്ന സാഹചര്യത്തിൽ അക്കാര്യം പരിശോധിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻെറ തീരുമാനം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sinjay caul

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്ന ആരോപണങ്ങൾ തളളി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ്ങ് യന്ത്രങ്ങളുടെ സാങ്കേതിക തകരാറും വോട്ട് ചെയ്തശേഷം കേൾക്കുന്ന ബീപ് ശബ്ദം വൈകിയതുമൂലം പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് വൈകിയെന്ന ആരോപണത്തെ തളളിയാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ രംഗത്തെത്തിയത്.

Advertisment

സംസ്ഥാനത്തെ 95% ബൂത്തുകളിലും നിശ്ചിത സമയത്തിനകം പോളിങ് പൂർത്തിയാക്കിയിരുന്നുവെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അവകാശപ്പെട്ടു. പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ന്യായികരിക്കുന്നുണ്ട്. ബീപ് ശബ്ദം വൈകിയെന്ന് ചൂണ്ടിക്കാട്ടി ആരും ഇതുവരെ കമ്മീഷന് പരാതി നൽകിയിട്ടില്ല. എന്നാൽ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ കേൾക്കേണ്ട ബീപ് ശബ്ദം വൈകിയെന്ന ആരോപണം ഉയർന്നുവരുന്ന സാഹചര്യത്തിൽ അക്കാര്യം പരിശോധിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻെറ തീരുമാനം.


കടുത്ത ചൂട് പോലുളള കാലാവസ്ഥപ്രശ്നങ്ങൾ കൊണ്ടാണ് പോളിങ്ങ് ശതമാനം കുറഞ്ഞതെന്നും ഇതിൽ അസ്വാഭാവികമായി ഒന്നും കാണേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പ്രതികരിച്ചു. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളില്‍ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 


99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളില്‍ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതല്‍ സമയമെടുത്തത്.

ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ  അഞ്ച്ശതമാനത്തിലേറെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 71.16% പോളിങ്ങാണ് ഇന്നലെ നടന്ന പോളിങ്ങിൽ ഉണ്ടായിരിക്കുന്നത്.

പോളിങ്ങ് കുറഞ്ഞതിന് കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാക്കളും സ്ഥാനാർത്ഥികളും ഒന്നടങ്കം പ്രതികരിച്ചിരുന്നു. കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാർ‍ത്ഥി എം.ടി രമേശും വോട്ട് രേഖപ്പെടുത്തുന്നതിൽ ഉണ്ടായ കാലതാമസത്തെ പഴിച്ച് രംഗത്തെത്തിയിട്ടുണ്ട്.


പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചു.'' സംസ്ഥാനത്ത് നടന്ന ഏറ്റവും മോശം തിരഞ്ഞെടുപ്പാണിത്. ജനങ്ങൾ മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നു. പകൽ മനപ്പൂർവ്വമായി ഉണ്ടാക്കിയ പ്രതിസന്ധിയാണോ ഇതെന്ന് സംശയമുണ്ട്. ഇലക്ഷൻ ഓഫീസറെ കൃത്യ സമയങ്ങളിൽ അറിയിച്ചിട്ടും ഇടപെട്ടില്ല. സ്വതന്ത്രവും നീതിപൂർവമായ തിരഞ്ഞെടുപ്പ് നടന്നില്ല. എന്താണ് സംഭവിച്ചതെന്ന് സ്വതന്ത്രമായ അന്വേഷണം നടത്തണം. പോളിങ്ങ് കുറഞ്ഞതിന് ഇലക്ഷൻ കമ്മീഷൻ മറുപടി പറയണം'' സതീശൻ ആഞ്ഞടിച്ചു.


നിശ്ചിത സമയവും കഴിഞ്ഞ് വോട്ടെടുപ്പ് അനന്തമായി നീണ്ടുപോയ വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും തിരഞ്ഞെടുപ്പ് കമ്മീഷനെ കടുത്ത ഭാഷയിൽ വിമർശിച്ചു. പോളിങ്ങിൽ വീഴ്ചപറ്റിയിട്ടുണ്ട്.വോട്ടർമാർക്ക് വലിയ പ്രയാസമുണ്ടായി. രാത്രി 12 മണിവരെയാണ് പോളിങ് തുടർന്നത്. പോളിങ് പതുക്കെയാണെന്ന് പരാതിപെട്ടിട്ടും പരിഹരിച്ചില്ല. പലയിടത്തും ബോധപൂർവ്വം സംഘർഷമുണ്ടാക്കി. പോളിങ് ഏജൻ്റുമാരെയും എന്തിന്  സ്ഥാനാർഥിയെ വരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയാണുണ്ടായത്'' ഷാഫ് പറമ്പിൽ വിമർശിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗും തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുന്നുണ്ട്. വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻെറ ഭാഗത്തുനിന്ന് വൻ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പോളിങ് കുറക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്നുമാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സാലാം പ്രതികരിച്ചു. എന്നാൽ പ്രതിപക്ഷ ആരോപണത്തെ പൂർണമായും തളളുന്നതാണ് ചീഫ് ഇലക്ടറൽ ഓഫീസർ സജ്ഞയ് കൌളിൻെറ സമീപനം.

വടകര മണ്ഡലത്തിൽ മാത്രമാണ് വോട്ടെടുപ്പ്  നീണ്ടുപോയതെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും സഞ്ജയ് കൌൾ  പ്രതിരോധിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരില്‍ മുന്‍പരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നല്‍കിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പിന് കൂടുതല്‍ സമയമെടുത്തത്.

പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോള്‍ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ''കള്ളവോട്ട് പരാതി കാരണം ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കൂടുതൽ സമയമെടുത്തിട്ടുണ്ടാകാം. മുൻ വർഷത്തേക്കാൾ താരതമ്യേന കുറവ് വോട്ടിങ് യന്ത്രങ്ങൾ മാത്രമാണ് ഇത്തവണ തകരാറിലായത്. വോട്ടിങ് യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല". 


"വോട്ടിങ് യന്ത്രം പതുക്കെയാണ് പ്രവർത്തിച്ചതെന്ന പരാതി കിട്ടിയിട്ടില്ല. പരാതി കിട്ടിയാൽ പരിശോധിക്കും. 3 മണിക്ക് ശേഷം കൂട്ടമായാണ് ആളുകൾ വോട്ട് ചെയ്യാൻ എത്തിയത്. പോളിങ്ങ് ശതമാനം ഇനിയും കൂടാനാണ് സാധ്യത. 73ശതമാനം വരെ ഉയരുമെന്നാണ് കാണുന്നത്. കാരണം 3 ലക്ഷത്തിലേറെ പോസ്റ്റൽ ബാലറ്റ് ഉണ്ട്. അതുകൂടി ചേരുമ്പോൾ ഇപ്പോഴത്തെ പോളിങ്ങ് ശതമാനം മാറും". 


"ഇതര  സംസ്ഥാനങ്ങളിലും വോട്ടിങ്ങ് ശതമാനം കുറഞ്ഞു ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ ലഭിച്ചിട്ടില്ല. ചൂടുള്ള കാലവസ്ഥയും പോളിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ട്. ഇത്തവണത്തെ പോളിങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തൃപ്തരാണ്'' സഞ്ജയ് കൌൾ  പറഞ്ഞു.

സാങ്കേതിക തകരാറും ഉദ്യോഗസ്ഥ വീഴ്ചയും മൂലം ഒരോ മണ്ഡലത്തിലും തങ്ങൾക്ക് ലഭിക്കേണ്ട രണ്ട് ശതമാനം വോട്ട് പോൾ ചെയ്യാതെ പോയിട്ടുണ്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.അതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻെറ വീഴ്ച ചൂണ്ടിക്കാട്ടി ശക്തമായി രംഗത്ത് വരാൻ കാരണം.

Advertisment