Advertisment

കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കൂടിക്കാഴ്ച വോട്ടെടുപ്പ് ദിവസം പരസ്യമായി തുറന്നു സമ്മതിച്ചത് ഇ.പി ജയരാജന്റെ വൻവീഴ്ചയെന്ന് സിപിഎം വിലയിരുത്തൽ. പോളിംഗ് ശതമാനം കുറയാൻ ഇതും കാരണമായി. എന്തിന് വോട്ട് ചെയ്യണമെന്ന് നിഷ്പക്ഷമതികൾ ചിന്തിച്ചു. തീരദേശത്തടക്കം ജനം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജയരാജൻ മുന്നണി കൺവീനർ സ്ഥാനം സ്വയം ഒഴിയാനും സാധ്യത

മുന്നണി കൺവീനർ തന്നെ താൻ ബി.ജെ.പി ഉന്നത നേതാവുമായി ചർച്ച നടത്തിയെന്ന് തിരഞ്ഞെടുപ്പ് ദിവസം രാവിലെ മാദ്ധ്യമങ്ങളോട് സമ്മതിച്ചത് നിഷ്പക്ഷ വോട്ടുകളിൽ ഇടിവുണ്ടാക്കി. എന്തിന് വോട്ടുചെയ്യണമെന്ന ചിന്ത ജനങ്ങളിലുണ്ടാക്കി. അതാണ് പോളിംഗ് ശതമാനം 2019ലേക്കാൾ കാര്യമായി കുറയാൻ വഴിയൊരുക്കിയ ഒരു കാരണം-സി.പി.എം വിലയിരുത്തുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ep jayarajan-2

തിരുവനന്തപുരം: ബി.ജെ.പി നേതാവും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജൻ പരസ്യമായി സ്ഥിരീകരിച്ചത് പോളിംഗ് ശതമാനം കുറയാൻ ഒരു കാരണമായെന്ന് സി.പി.എം വിലയിരുത്തൽ. ബി.ജെ.പിയിലേക്ക് ചേക്കേറാൻ കോൺഗ്രസ് നേതാക്കൾ കാത്തുനിൽക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കാൻ സി.പി.എം മാത്രമേ ഉള്ളൂ എന്നുമാണ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കിയത്.

Advertisment

എന്നാൽ മുന്നണി കൺവീനർ തന്നെ താൻ ബി.ജെ.പി ഉന്നത നേതാവുമായി ചർച്ച നടത്തിയെന്ന് തിരഞ്ഞെടുപ്പ് ദിവസം രാവിലെ മാദ്ധ്യമങ്ങളോട് സമ്മതിച്ചത് നിഷ്പക്ഷ വോട്ടുകളിൽ ഇടിവുണ്ടാക്കി. എന്തിന് വോട്ടുചെയ്യണമെന്ന ചിന്ത ജനങ്ങളിലുണ്ടാക്കി. അതാണ് പോളിംഗ് ശതമാനം 2019ലേക്കാൾ കാര്യമായി കുറയാൻ വഴിയൊരുക്കിയ ഒരു കാരണം-സി.പി.എം വിലയിരുത്തുന്നു.


ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ജയപ്രതീക്ഷകളെയും കാര്യമായി ബാധിച്ചു. തിരുവനന്തപുരത്ത് തീരദേശ, മുസ്ലീം മേഖലകളിൽ വൻതോതിൽ പോളിംഗ് കുറഞ്ഞു. ഇത് ബി.ജെ.പിക്കായിരിക്കും സഹായകമാവുകയെന്നാണ് വിലയിരുത്തൽ. തീരദേശ മേഖലയിലെ മൃഗീയ ഭൂരിപക്ഷം കൊണ്ടാണ് ബി.ജെ.പി ഇവിടെ ജയിക്കാതിരിക്കുന്നതും മൂന്നു ടേമുകളിൽ ശശിതരൂർ ജയിച്ചു കയറുന്നതും.


ഇത്തവണ ശശിതരൂരിനെതിരേ തീരദേശത്തടക്കം എതിർപ്പ് പ്രകടമായിരുന്നു. അതിനാൽ വോട്ടുകൾ പന്ന്യൻ രവീന്ദ്രന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഇ.പി ജയരാജന്റെ ബി.ജെ.പി ചർച്ചയെന്ന പ്രസ്താവന വന്നതോടെ തീരദേശ മേഖലയിലെ ജനങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെന്നാണ് വിലയിരുത്തൽ.

ജയരാജന്റെ പ്രസ്താവന  പോളിംഗ് ദിവസം വേണ്ടിയിരുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംതുറന്നടിച്ചത് ഈ സാഹചര്യത്തിലാണ്. ജയരാജൻ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ല. മുന്നണിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സി.പി.എം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

തെറ്റു തിരുത്താൻ ആർജ്ജവമുള്ള പാർട്ടിയാണ് സി.പി.എം - ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് മാറ്റുമെന്ന പ്രതീക്ഷിയിലാണ് സി.പി.ഐയുടെ ഈ വിമർശനം. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ജയരാജൻ വിവാദവും പരിഗണിക്കും.


ജയരാജനോട് വിശദീകരണം തേടുകയല്ലാതെ മറ്റ് നടപടികളിലേക്കൊന്നും തത്കാലം കടക്കാനിടയില്ല. ജയരാജന്റെ തുറന്നു പറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന ബിനോയ് വിശ്വത്തിന്റെ വിമർശനവും സി.പി.എം ചർച്ച ചെയ്യും. തനിക്കെതിരായ ഗൂഢാലോചനയിൽ ചില മാദ്ധ്യമങ്ങൾക്ക് പങ്കുണ്ടെന്നും വസ്തുതകൾ അന്വേഷിക്കാതെയാണ് അവർ വാർത്തകൾ നൽകുന്നതെന്നും ജയരാജൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


പ്രകാശ് ജാവ്ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് ഇ.പി ആവർത്തിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ചെറുമകന്റെ പിറന്നാൾ ദിനത്തിലാണ് ജാവ്ദേക്കർ വീട്ടിലേക്ക് വന്നത്. വീട്ടിൽ വരുന്നവരോട് ഇറങ്ങിപ്പോകാൻ പറയുന്നത് തന്റെ ശൈലിയല്ല. പോളിംഗ് ദിനത്തിൽ മാദ്ധ്യമങ്ങളോട് കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചതിൽ അസ്വാഭാവികതയില്ല. മുഖ്യമന്ത്രിയുടെ പേർ കൂടി അനാവശ്യമായി വലിച്ചിഴച്ചതിനാലാണ് താൻ പ്രതികരിച്ചതെന്നും ജയരാജൻ വിശദമാക്കി.

എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് ദിവസം വിവാദമാക്കി മാറ്റിയത് ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഇതിനായുള്ള ബിജെപി ഗൂഢാലോചനയിൽ ജയരാജൻ ചെന്നു ചാടുകയായിരുന്നെന്നും സി.പി.എം വിലയിരുത്തുന്നു.

എൽ.ഡി.എഫ് കൺവീനർ സ്ഥാനം ജയരാജൻ സ്വയം ഒഴിയാൻ തയ്യാറായാലും അത്ഭുതമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എം.നേതൃത്വത്തിന് കത്ത് നൽകാനും സി.പി.ഐയിൽ ആലോചനയുണ്ട്.

Advertisment