Advertisment

പൊള്ളുന്ന ചൂടിൽ വെന്തുരുകി കേരളം. കൊല്ലം, പാലക്കാട്, തൃശൂ‌ർ ജില്ലകൾ തീച്ചൂളയിൽ. ഉഷ്ണതരംഗ സാദ്ധ്യത മനുഷ്യരുടെ ജീവനും ഭീഷണി. പാലക്കാട്ട് ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്നു പേർ. സൂര്യാഘാതം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. കൊല്ലത്ത് വരാനിരിക്കുന്നത് അതീതീവ്രമായ ചൂടെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നായ കൊല്ലത്ത് ഉഷ്ണതരംഗത്തെതുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് അലർട്ട് പ്രഖ്യാപിച്ചത്. മരണം വരെ സംഭവിക്കാവുന്ന അപകടം പിടിച്ചതാണ് ഉഷ്ണതരംഗം. പാലക്കാട്ട് ഒരാഴ്ചയ്ക്കിടെ മൂന്നു പേർ മരിച്ചതോടെ കഠിനമായ ചൂട് ഭീതിയുണർത്തുന്നതായി മാറിയിട്ടുണ്ട്.

New Update
hot wave

തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ വെന്തുരുകുകയാണ് കേരളം. വേനൽ കഠിനമായതോടെ കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകൾ തീച്ചൂളയിലാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ശനിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്, 41.8 ഡിഗ്രി സെഷഷ്യസ്. ഉഷ്ണതരംഗ സാദ്ധ്യതയുള്ളതിനാൽ പാലക്കാട്ട് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

Advertisment

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നായ കൊല്ലത്ത് ഉഷ്ണതരംഗത്തെതുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് അലർട്ട് പ്രഖ്യാപിച്ചത്. മരണം വരെ സംഭവിക്കാവുന്ന അപകടം പിടിച്ചതാണ് ഉഷ്ണതരംഗം. പാലക്കാട്ട് ഒരാഴ്ചയ്ക്കിടെ മൂന്നു പേർ മരിച്ചതോടെ കഠിനമായ ചൂട് ഭീതിയുണർത്തുന്നതായി മാറിയിട്ടുണ്ട്.


കഴിഞ്ഞ ഒരാഴ്ച പാലക്കാട്ടെ താപനില നിത്യവും 40ന് മുകളിലായിരുന്നു. ഇതോടൊപ്പം ആർദ്രതയും വർദ്ധിച്ചതിനാൽ പകൽ 11 ന് ശേഷം വൈകിട്ട് അഞ്ചുവരെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയും പതിവിലധികം ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ചൂടു കൂടാനാണ് സാധ്യതയെന്നു വിദഗ്ദ്ധർ പറയുന്നു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് ഉയർന്നു നിൽക്കുന്നതിനാലാണ് മനുഷ്യർക്കും ജീവജാലങ്ങൾക്കും ഇത്രയും ഉയർന്ന ചൂട് അനുഭവപ്പെടുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.  


സൂര്യാഘാതമേറ്റ് പാലക്കാട് ജില്ലയിൽ ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച വൃദ്ധയുടെ മരണകാരണം സൂര്യാഘാതമേറ്റതെന്ന് വ്യക്തമായി. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് (90) ശനിയാഴ്ച മരിച്ചത്. ലക്ഷ്മിയെ വീടിന് സമീപത്തുള്ള കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് നടക്കാൻ പോയ വൃദ്ധയെ ഏറെ നേരെ കഴിഞ്ഞും കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ കനാലിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാത്തെ മരണമാണ് ജില്ലയിലേത്. വോട്ടെടുപ്പ് ദിവസം നീർജലീകരണം മൂലവും ചൂട് താങ്ങാനാവാതെ കുഴഞ്ഞുവീണും മൂന്നുപേർ മരിച്ചിരുന്നു.

പാലക്കാട് ചൂട് ഉയർന്നതോടെ വിവിധ രോഗങ്ങളുമായി ഇതുവരെ ചികിത്സ തേടിയത് 240 പേർ. 40 പേർ ചെറിയരീതിയിലുള്ള പൊള്ളലേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയിരുന്നു. ഇത്തരത്തിലുള്ള ആളുകൾക്ക് ശരീരം തണുപ്പിക്കുന്നതിന് പരിചരണം നൽകിയെന്നും രോഗം ഭേദമാക്കിയെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ഉയർന്ന ചൂടിലും വിയർപ്പിലും ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ശരീരത്തിൽ ചൂടുകുരു ഉണ്ടാകുന്നതാണ്. 170 പേരാണ് ഇതുവരെ ഒ.പി. വിഭാഗത്തിലെത്തി ചികിത്സ തേടിയത്. തളർച്ചയനുഭവപ്പെട്ട് 28 പേരും തലകറക്കമുണ്ടായി രണ്ടുപേരും ചികിത്സ തേടി. എന്നാൽ, എല്ലാവരും ഒ.പി.യിലാണ് ചികിത്സ തേടിയതെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.


സംസ്ഥാനത്ത് ഈ വർഷം വേനൽമഴയിൽ 62 ശതമാനം കുറവാണുണ്ടായത്. മാർച്ച് മുതൽ ഏപ്രിൽ 28 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് കോട്ടയത്തുമാത്രമാണ് ശരാശരി മഴ ലഭിച്ചിട്ടുള്ളത്. ഈ കാലയളവിൽ 178.1 എം.എം മഴ ലഭിക്കേണ്ടിടത്ത് 150.3 എം.എം രേഖപ്പെടുത്തിയെന്നാണ് കാലാവസ്ഥകേന്ദ്രത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത്.


സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ പെയ്തത് മലപ്പുറത്താണ്. ഇവിടെ 98 ശതമാനമാണ് മഴക്കുറവ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിലും 90 ശതമാനത്തിന് മുകളിലാണ് മഴക്കുറവ്. പാലക്കാട് ജില്ലയിൽ ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത് 98.4 എം.എം മഴയാണെങ്കിൽ പെയ്തത് 16.1 മാത്രം. ഇതേ സ്ഥിതി തുടർന്നാൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകും.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും വരും ദിവസങ്ങളിൽ കൊല്ലത്ത് പുനലൂരിൽ ഉൾപ്പെടെ താപനില 40 കടക്കുമെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കൊല്ലം ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജില്ലയിൽ ഉഷ്ണതരംഗം നേരിടാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പരമാവധി കടുത്ത വെയിലിൽ പുറത്തിറങ്ങരുതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

ഉഷ്ണതരംഗം മൂലം ജനങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും മറ്റും നേരിടാൻ സ്വകാര്യ-സർക്കാർ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത് 2016 ഏപ്രിലിലാണ്. താപനില ശരാശരി 4.5 ഡിഗ്രിക്ക് മുകളിൽ ഉയരുകയും ദിവസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യുന്നതിനെയാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് വരുന്ന രോഗികളെ എങ്ങനെ ചികിത്സിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈനായി പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. ഉഷ്ണതരംഗം, സൂര്യാതപം എന്നിവ ഏൽക്കുന്നവരുടെ ശരീര ഊഷ്മാവ് തണുപ്പിക്കുന്നതിനായുള്ള ഐസ്പാക്കുകൾ, ഐ.വി.ഫ്‌ളൂയിഡുകൾ എന്നിവ തയ്യാറാക്കി വയക്ക്ണമെന്നും ആശുപത്രികൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.


പ്രായമുള്ളവർ , ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, പോഷകാഹാരക്കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായ രോഗങ്ങളുള്ളവരിൽ വേനൽചൂട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഉഷ്ണതരംഗ സമയത്ത് ശരീരത്തിന്റെ താപനില വർദ്ധിക്കുന്നതനുസരിച്ച് ശരീരത്തിലെ രക്തക്കുഴലുകളും തുറക്കും. ഇത് ശരീരത്തിൽ രക്ത സമ്മർദം പെട്ടെന്ന് കുറയ്ക്കുകയും ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യവാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.


ചൂട് വർദ്ധിക്കാൻ കാരണം കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ്. വേനൽ മഴ ലഭിക്കാത്തതും, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും. മരങ്ങൾ വെട്ടി നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർത്തിയതും ചൂട് വർദ്ധിക്കാൻ ഇടയാക്കി. സംസ്ഥാനത്താകെ അന്തരീക്ഷ ഈർപ്പത്തിന്റെ തോത് ശരാശരി 80 ശതമാനമാണെങ്കിൽ അതിനേക്കാൾ 10 ശതമാനം കൂടുതലാണ് പുനലൂരിലെ ചൂടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

Advertisment