Advertisment

നടുറോഡിൽ ബസ് തടഞ്ഞിട്ട് മേയറും എംഎൽഎ ഭർത്താവും കാട്ടിയത് തനി തോന്ന്യാസം ! സർക്കാർ ഉദ്യോഗസ്ഥരെ തടയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് ജാമ്യമില്ലാ കേസെടുക്കാം. ഡ്രൈവറുടെ പരാതി പോലീസ് അവഗണിച്ചതും ഗുരുതരം. എഫ്.ഐ.ആറിലുള്ളത് ആര്യയുടെ പേരല്ല, തിരുവനന്തപുരം മേയറെന്ന്. പരാതി പിൻവലിച്ച് മേയർ തലയൂരിയേക്കും. വിദേശത്തായിരുന്നെങ്കിൽ ഈ അധികാര ദുർവിനിയോഗത്തിന് മേയറുടെ കസേര എപ്പോഴേ തെറിച്ചേനെ ? കേരളത്തിൽ എന്തും ആകാം

പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന വകുപ്പാണിതെന്ന് നിയമവിദ്ഗദ്ധർ പറയുന്നു. എന്നാൽ സർക്കാരിന്റെ സ്വത്തായ കെ.എസ്.ആർ.ടി.സി ബസ് തടയുകയും യാത്രക്കാരെ എം.എൽ.എ ബസിൽ കയറി ഇറക്കിവിടുകയും ചെയ്തിട്ടും ഡ്രൈവർ നൽകിയ പരാതി പോലീസ് അവഗണിച്ചത് കുരുക്കായിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ksrtc bus blocked by mayor-2

തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിനും ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എം.എൽ.എയുമായ സച്ചിൻദേവിനുമെതിരേ  ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കാൻ വകുപ്പുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ തടയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുന്നതിന് ഐ.പി.സി 353 പ്രകാരം കേസെടുക്കാം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റമാണിത്.

Advertisment

പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന വകുപ്പാണിതെന്ന് നിയമവിദ്ഗദ്ധർ പറയുന്നു. എന്നാൽ സർക്കാരിന്റെ സ്വത്തായ കെ.എസ്.ആർ.ടി.സി ബസ് തടയുകയും യാത്രക്കാരെ എം.എൽ.എ ബസിൽ കയറി ഇറക്കിവിടുകയും ചെയ്തിട്ടും ഡ്രൈവർ നൽകിയ പരാതി പോലീസ് അവഗണിച്ചത് കുരുക്കായിട്ടുണ്ട്.


ഡ്രൈവറാണ് പോലീസിൽ ആദ്യം പരാതി നൽകിയത്. എന്നാൽ ഇത് അവഗണിച്ച പോലീസ് മേയറുടെ പരാതി എഴുതിവാങ്ങി അതിന്മേൽ ഡ്രൈവർക്കെതിരേ കേസെടുക്കുകയായിരുന്നു. എഫ്.ഐ.ആറിൽ മേയർ, തിരുവനന്തപുരം എന്ന് രേഖപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.


ഡ്രൈവർക്കെതിരേ ഉചിതമായ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാതെ മേയറും എം.എൽ.എയും പക്വതയില്ലാതെ കാട്ടിയ സംഭവം ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുന്നതായാണ് സൂചന. പൊതുജനം വ്യാപകമായി ഇരുവർക്കും എതിരാണ്. ഇവർക്കെതിരേ കേസെടുക്കേണ്ട സാഹചര്യമുണ്ടായാൽ ഡ്രൈവർക്കെതിരായ പരാതി പിൻവലിച്ച് തലയൂരുകയല്ലാതെ വഴിയില്ല.

മേയറുടെയും എം.എൽ.എയുടെയും ഭാഗത്തു നിന്നു ഗുരുതരമായ ട്രാഫിക്ക് നിയമ ലംഘനമുണ്ടായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവർ പ്രകോപനമുണ്ടാക്കിയെന്ന പേരിൽ ബസിനെ കാറിൽ പിന്തുടർന്നെത്തിയ മേയറും എം.എൽ.എയും ഉൾപ്പെട്ട സംഘം ഇടതുവശത്തൂടെ മറികടന്ന് ബസ് തടഞ്ഞിടുകയും യാത്രക്കാരെ ഇറക്കിവിട്ട് പൊലീസിനെക്കൊണ്ട് ഡ്രൈവറെ കസ്റ്റഡിയിലെടുപ്പിക്കുകയുമായിരുന്നു.


രാത്രി ഒൻപതരയോടെ പാളയം സാഫല്യം കോംപ്ലക്സിനടുത്തുള്ള സിഗ്നൽ ലൈറ്റിനു മുന്നിൽ തടഞ്ഞിട്ടാണ് യാത്രക്കാരെ പുറത്തിറക്കിയത്. ബസിലെ ഡ്രൈവർ ഗതാഗത നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാൻ അനുവാദമുള്ളു.  


ksrtc bus blocked by mayor

യാത്രക്കാരെ ആര് ഇറക്കിവിട്ടു എന്നതും പ്രധാനമാണ്. മേയർക്ക്  ഒപ്പമുള്ളവരാണ് അത് ചെയ്തതെങ്കിൽ നിയമ പ്രകാരം അവർ കുറ്റം ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ മേയർക്കോ എം.എൽ.എയ്ക്കോ എം.വി.ഡി ഉദ്യോഗസ്ഥരോടോ വകുപ്പ് മന്ത്രിയോടോ പരാതിപ്പെടാമായിരുന്നു.

റോഡിൽ അപകടമുണ്ടാവുകയോ നിയമ ലംഘനമുണ്ടാവുകയോ ചെയ്താൽ ഡ്രൈവറും വാഹനത്തിലുള്ളവരും എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് റോഡ് സുരക്ഷാ നിയമത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് നിയമത്തിന്റെ 2017ൽ പരിഷ്കരിച്ച 29-ാം വകുപ്പിലാണ് ഇക്കാര്യം പറയുന്നത്. അപകടമുണ്ടാവുകയോ സുരക്ഷാ വീഴ്ചയുണ്ടാവുകയോ ചെയ്താൽ എതിർവാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടോ മോശമായി പെരുമാറുകയോ അപായപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് പ്രധാനമായും നിർദ്ദേശിക്കുന്നു.

അപകടത്തിൽപ്പെട്ടതോ വീഴ്ച വരുത്തിയതോ ആയ വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കാത്ത രീതിയിൽ അവ റോഡരികിലേക്ക് മാറ്റിയിടുകയും വേണം. അഡ്രസ്, ഫോൺ നമ്പർ, ലൈസൻസ്, ഇൻഷ്വറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ രണ്ട് വാഹനങ്ങളിലുള്ളവർ പരസ്പരം കൈമാറണം.

അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടായാൽ പൊലീസിനെ വിവരമറിയിച്ചതിനു ശേഷം ആംബുലൻസിന്റെ സഹായത്തോടെ അത് നിർവഹിക്കണം. അത്തരം സന്ദർഭമില്ലെങ്കിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ അടക്കമുള്ളവർ പൊലീസെത്തുന്നതുവരെ സ്ഥലത്ത് നിർബന്ധമായും തുടരുകയും വേണം. സംഭവമെന്തായാലും എതിർഭാഗത്തുള്ളവരെയോ അവരുടെ ആളുകളെയോ പ്രകോപിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് വ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളിലാണ് ഇത്തരം സംഭവങ്ങളോ അപകടങ്ങളോ ഉണ്ടാകുന്നതെങ്കിൽ ഇരു വാഹനങ്ങളിലുമുള്ളവർ ആദ്യം ചോദിക്കുന്നത് 'ആർ യു ഒകെ?" എന്നാവും. അപകടത്തിൽ നിന്നും സംഘർഷകരമായ സാഹചര്യത്തിൽ നിന്നും ഒരു മോചനമുണ്ടാക്കുകയാണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രവർത്തികൾ വിദേശത്ത് കാട്ടിയാൽ അവർക്ക് തൽസ്ഥാനങ്ങൾ നഷ്ടമാവുമെന്ന് ഉറപ്പാണ്.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തികളും അധികാര ദുർവിനിയോഗവും വിദേശത്ത് അനുവദിക്കുന്നില്ല. അത് റോഡിലായാലും ഓഫീസിലായാലും. ഇവിടെ സ്ഥിതി നേരേ മറിച്ചാണ്.


സ്വകാര്യ ആവശ്യത്തിന് സ്വകാര്യ വാഹനത്തിൽ പോയ മേയർ, ബസ് ഡ്രൈവർക്കെതിരേ പരാതി നൽകിയത് മേയർ എന്ന ഔദ്യോഗിക പദവി ദുരുപയോഗിച്ചാണ്. വ്യക്തിഗത പരാതിയെന്ന നിലയിൽ എടുക്കാൻ തയ്യാറാവാത്ത പോലീസ്, എഫ്.ഐ.ആറിൽ തിരുവനന്തപുരം മേയർ എന്ന് രേഖപ്പെടുത്തിയതും കുരുക്കായി മാറാനാണ് സാദ്ധ്യത.


കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരേ മേയർ ആര്യ രാജേന്ദ്രൻ ഉന്നയിച്ചിരിക്കുന്ന ആരോപണവും വിശ്വാസ്യയോഗ്യമല്ല. ഡ്രൈവർ ലൈംഗിക ചേഷ്ട കാട്ടിയെന്നാണ് മേയർ പറയുന്നത്. അത് എങ്ങനെ മേയ‌ർ കണ്ടു എന്നതാണ് ചോദ്യം. രാത്രിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ഡ്രൈവറുടെ ക്യാബിനിൽ സാധാരണ ലൈറ്റുണ്ടാവുകയില്ല. ഡ്രൈവർ എന്തു കാട്ടുന്നു എന്നത് പിന്നാലെ വരുന്നതോ എതിരേ വരുന്നതോ ആയ വാഹനത്തിലുള്ളവർക്ക് പെട്ടെന്ന് കാണാനാവുകയില്ല.

ഇവിടെ മേയർ ഉന്നയിച്ച ആരോപണം തന്റെ പരാതി ദുർബ്ബലമാണെന്നു കണ്ട് ഏതോ അഭിഭാഷകൻ പറഞ്ഞുകൊടുത്ത അതിബുദ്ധിയായി വേണം കരുതാനെന്ന് നിയമവി‌ദഗ്ദ്ധർ പറയുന്നു. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എം.എൽ.എ, ആര്യയുടെ സഹോദരൻ അരവിന്ദ്, ഭാര്യ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ബസ് ഡ്രൈവർ എച്ച്.എൽ. യദുവിനെ ജോലിയിൽ നിന്നു മാറ്റിനിർത്തിയിട്ടുണ്ട്. സ്ഥിര ജീവനക്കാരുടെ ഒഴിവിൽ ജോലിചെയ്യുന്ന ബദലി വിഭാഗത്തിലെ ഡ്രൈവർ ആയതിനാൽ ഒഴിവാക്കുന്നതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കിയിട്ടില്ല. കെ.എസ്.ആർ.ടി.സി വിജിലൻസ് യാത്രക്കാരിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. ആരും ഡ്രൈവറെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ മന്ത്രിക്ക് കൈമാറി. എന്നാൽ, സി.പി.എം നിലപാടിനെതിരെ നീങ്ങണ്ടെന്നാണ് നിലവിലെ തീരുമാനം. ബി.എം.എസും, കോൺഗ്രസ് അനുകൂല സംഘടനായ ടി.ഡി.എഫും ഡ്രൈവർക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

Advertisment