Advertisment

വാവിട്ട വാക്കിനാല്‍ പാര്‍ട്ടിയെ നിരന്തരം കുഴിയില്‍ ചാടിക്കുന്ന സുധാകരന്‍ കടുംപിടുത്തത്തിലൂടെ വീണ്ടും കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക്. പദവിയില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്ന നേതാവ് പാര്‍ട്ടിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വോട്ടെണ്ണല്‍ വരെ കാത്തുനില്‍ക്കാനാവില്ലെന്ന് സുധാകരന്‍. കണ്ണൂരില്‍ തോറ്റാല്‍ സുധാകരന് പദവി ഒഴിയേണ്ടി വരും !

തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ മേയ് നാലിന് കെ.പി.സി.സി ആസ്ഥാനത്ത് എത്തുന്ന അദ്ദേഹം ചുമതല ഏറ്റെടുക്കാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല എഐസിസി നേതൃത്വം ഇടപെട്ട് യു.ഡി.എഫ് കൺവീനർ എം.എം. ഹസന് കൈമാറിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് തിരികെ സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
k sudhakaran-5

തിരുവനന്തപുരം: വാവിട്ട വാക് പ്രയോഗങ്ങളിലൂടെ കോൺഗ്രസിനും യു.ഡി.എഫിനും അവമതിപ്പുണ്ടാക്കിയ കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കടുംപിടുത്തം തുടരുകയാണ്.

Advertisment

തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ മേയ് നാലിന് കെ.പി.സി.സി ആസ്ഥാനത്ത് എത്തുന്ന അദ്ദേഹം ചുമതല ഏറ്റെടുക്കാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല എഐസിസി നേതൃത്വം ഇടപെട്ട് യു.ഡി.എഫ് കൺവീനർ എം.എം. ഹസന് കൈമാറിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് തിരികെ സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

മരണക്കിണറിലെ മോട്ടോർ സൈക്കിളുകാരൻ എന്നാണ് സുധാകരനെ സി.പി.എം കളിയാക്കുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞതിനാൽ തനിക്ക് കെ.പി.സി.സി പ്രസിഡന്റ് ചുമതല തിരികെ കിട്ടണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് സുധാരൻ വാശി പിടിച്ചിരുന്നു.


പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനുള്ള കത്താണ് എഐസിസി ഹസനു നൽകിയിരുന്നത്. ഫലം പുറത്തു വരും വരെ എന്നാണ് എഐസിസി ഉദ്ദേശിക്കുന്നതെന്നാണ് ഹസന്റെ വാദം. വോട്ടെടുപ്പ് കഴിയും വരെ എന്നു സുധാകരനും.  


എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുൻഷിയും സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി സംസാരിച്ചാണ് സുധാകരന് പദവി തിരികെ നൽകാൻ ആലോചിക്കുന്നത്. വോട്ടെണ്ണുംവരെ ഹസൻ തുടരട്ടെ എന്ന അഭിപ്രായത്തോട് സുധാകരൻ യോജിച്ചില്ല.

ഹസൻ തുടരട്ടെ എന്ന അഭിപ്രായത്തിലാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. എന്നാൽ സുധാകരനെ മാറ്റി നിർത്തുന്നതിനോട് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല യോജിക്കുന്നില്ല. എന്നാൽ അവസാന നിമിഷം എന്തെങ്കിലും അട്ടിമറിയുണ്ടാവുമോ എന്ന് വ്യക്തമല്ല.

തുടരെത്തുടരെയുള്ള വിവാദ പരാമ‌ർശങ്ങൾ കൊണ്ട് കോൺഗ്രസിന് സുധാകരൻ നാണക്കേടുണ്ടാക്കിയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും വിമ‌ർശനം. തനിക്കു തോന്നിയാൽ ബി.ജെ.പിയിൽ പോകുമെന്നതടക്കമുള്ള പരാമർശങ്ങൾ തിരഞ്ഞെടുപ്പിലും പ്രതികൂലമായി.

മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളും പരസ്യമായി സുധാകരനെതിരേ രംഗത്തെത്തിയിരുന്നു. 'ബിജെപിയിലേക്ക് പോകേണ്ടി വന്നാൽ പോകും' എന്ന കെ. സുധാകരന്റെ പരാമർശം സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി. പരാമർശം.

അമിത് ഷായുമായി ചെന്നൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചില ദൂതർ എന്നെ കാണാനെത്തിയിരുന്നു എന്നത് സത്യമാണ്. ചില ബി.ജെ.പി. നേതാക്കൾ അമിത് ഷായെ കാണാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചു.


ബി.ജെ.പിയുമായി യോജിച്ചു പോകാൻ കഴിയുമെന്ന് എനിക്ക് തോന്നിയാൽ പോവും. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല- ഇതായിരുന്നു സുധാകരന്റെ വാക്കുകൾ. ഇത് പിന്നീട് നാക്കുപിഴയെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് സുധാകരൻ ശ്രമിച്ചത്.


ആർ.എസ്.എസ്. ശാഖാ സംരക്ഷണ പരാമർശവും ഏറെ വിവാദമുണ്ടാക്കിയിരുന്നു. സംഘടനാ കോൺഗ്രസ് വിഭാഗം കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ എടക്കാട് മണ്ഡലത്തിലെ ചിലയിടങ്ങളിൽ ആർ.എസ്.എസിന്റെ ശാഖകൾ സംരക്ഷിക്കാൻ ആളെ അയച്ച്‌ സഹായം നൽകിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാർശം.

ശാഖകൾ തകർക്കാനും അടിച്ചുപൊളിക്കാനും സി.പി.എം. ശ്രമിച്ചപ്പോൾ പൗരൻമാരുടെ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കണ്ണൂരിൽ സി.എം.പി. സംഘടിപ്പിച്ച എം.വി.ആർ. ചരമവാർഷിക പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിലാണ് എം.വി. രാഘവനെ സി.പി.എം. അക്രമത്തിൽനിന്ന് രക്ഷിച്ച കാര്യം സൂചിപ്പിക്കവെ ആർ.എസ്.എസ് ശാഖയെ സംരക്ഷിച്ച കാര്യവും സുധാകരൻ പറഞ്ഞത്. പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്ന് പറഞ്ഞ് തലയൂരി.

രാവണനെ വധിച്ച ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ തിരിച്ചുവരുമ്പോൾ ലക്ഷ്മണനും രാമനും തമ്മിലുണ്ടായ സംഭാഷണത്തെക്കുറിച്ചുള്ള പരാമർശമായിരുന്നു മറ്റൊരു വിവാദ വിഷയം.

'തെക്കൻ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണൻ ചിന്തിച്ചു. എന്നാൽ തൃശൂർ കഴിഞ്ഞപ്പോൾ താൻ ചിന്തിച്ചതിൽ ലക്ഷ്മണന് കുറ്റബോധമുണ്ടായതെന്നും ഇത് മനസ്സിലാക്കിയ രാമൻ അത് ലക്ഷ്മണന്റ തെറ്റല്ല, കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നു പറഞ്ഞു' എന്നായിരുന്നു സുധാകരന്റെ പരാമർശം.

ഇത് തെക്കൻ ജില്ലക്കാരെ അപമാനിക്കുന്നതാണ് എന്ന് വിമർശനം ഉയർന്നിരുന്നു. പിന്നീട് ഈ പരാമർശം അദ്ദേഹം പിൻവലിക്കുകയും ചെയ്തു. മലബാറിൽ ആളുകൾ പരസ്പരം പറയുന്ന കഥ ആവർത്തിച്ചതാണ്. ആരുടെയെങ്കിലും വികാരത്തേയോ മനസ്സിനേയോ വ്രണപ്പെടുത്താൻ ലക്ഷമിട്ടായിരുന്നില്ല- സുധാകരൻ പറഞ്ഞു. 

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയായിരുന്നു കെ സുധാകരന്റെ മറ്റൊരു വിവാദ പരാമർശം. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ നടത്തുന്ന കഠിന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ സുധാകരൻ 'നായ' പരാമർശവുമായി രംഗത്തെത്തിയത്. ഇത് വലിയ വിവാദങ്ങൾക്കായിരുന്നു വഴി വെച്ചത്.


മുഖ്യമന്ത്രിക്കെതിരായ മോശം പരാമർശത്തിന്റെ പേരിൽ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ 'ചെത്തുകാരന്റെ മകൻ' പരാമർശവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 'ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ' എന്നാണ് സുധാകരന്റെ പരാമർശം.


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂർ എം.പിക്കെതിരേയും അദ്ദേഹത്തിന്റെ 'നാക്കുപിഴ' ഉണ്ടായി. അദ്ദേഹത്തിനെതിരേയുള്ള സുധാകരന്റെ 'ട്രെയിനി' പരാമർശത്തിൽ തരൂർ തന്നെ രംഗത്തെത്തിയിരുന്നു.

താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനിയാണ് എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. അടുത്തിടെ ഒരു പാർട്ടി പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എത്താൻ വൈകിയതിന് സുധാകരൻ അസഭ്യ പദം ഉപയോഗിച്ചതും ഏറെ ചർച്ചയായിരുന്നു.

എന്നാല്‍ മെയ് നാലിന് സുധാകരന്‍ ചുമതല ഏറ്റെടുത്താലും പുതിയ പ്രസിഡന്‍റ് വേണമെന്ന ആവശ്യം ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാര്‍ട്ടിയെ നയിക്കാന്‍ സുധാകരനേപ്പോലെ ഒരു പാര്‍ട്ട് ടൈം പ്രസിഡന്‍റ് മതിയാകില്ല എന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.

കണ്ണൂരില്‍ തോല്‍വി സംഭവിച്ചാലും സുധാകരന്‍റെ കസേര തെറിക്കും.

Advertisment