Advertisment

ഒരിഞ്ച് റെയിൽവേ ഭൂമി സിൽവർ ലൈനിനായി നൽകില്ലെന്ന് ആവർത്തിച്ച് ദക്ഷിണ റെയിൽവേ. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് മരണമണി. ഭൂമി നൽകിയാൽ കേരളത്തിലെ റെയിൽവേ വികസനം താറുമാറാവുമെന്നും നിലവിലെ പാളങ്ങൾക്ക് ഭീഷണിയെന്നും റെയിൽവേ. കേന്ദ്രാനുമതി ലഭിക്കും മുൻപേ പദ്ധതിക്കായി പൊടിച്ചത് 70 കോടി രൂപ. മഞ്ഞക്കുറ്റിയിടീൽ തടഞ്ഞതിന് നൂറുകണക്കിന് കേസുകളും. കേരളം കണ്ട ഏറ്റവും വലിയ വിവാദ പദ്ധതിക്ക് തിരശീല വീഴുമ്പോൾ

9 ജില്ലകളിലെ 108 ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റെയിൽവേ സ്റ്റേഷനുകളുടെയും ലൈനുകളുടെയും ഭാവിവികസന സാദ്ധ്യതയില്ലാതാവുമെന്നാണ് റെയിൽവേയുടെ എതിർപ്പിന് കാരണം. സിൽവർലൈനിന്റെ കോഴിക്കോട്, കണ്ണൂർ, തൃശൂർ സ്റ്റേഷനുകൾ പൂർണമായി റെയിൽവേ ഭൂമിയിലാണ്. റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിട്ടി വികസിപ്പിക്കുന്ന സ്റ്റേഷനുകളാണിവ. 

New Update
silverline project.

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ ആവർത്തിച്ച് വ്യക്തമാക്കിയതോടെ, 70 കോടി രൂപ പൊടിച്ച സിൽവർ ലൈൻ പദ്ധതി അകാലചരമം പ്രാപിക്കുമെന്ന് ഉറപ്പായി. ജനങ്ങളുടെ ഭൂമി നിർബന്ധപൂർവ്വം പിടിച്ചെടുത്ത് മഞ്ഞക്കുറ്റി ഇടാനുള്ള ശ്രമം കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് ഉപേക്ഷിച്ചതോടെ പദ്ധതി നടത്തിപ്പ് മരവിപ്പിച്ചിരിക്കുകയാണ്.

Advertisment

ഇതിനിടെയാണ് പദ്ധതിക്ക് ആവശ്യമുള്ള 107.8 ഹെക്ടർ ഭൂമി ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് ദക്ഷിണ റെയിൽവേ ആവർത്തിക്കുന്നത്. ഭാവിവികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ദക്ഷിണ റെയിൽവേ ഭൂമി നൽകാത്തത്.


9 ജില്ലകളിലെ 108 ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റെയിൽവേ സ്റ്റേഷനുകളുടെയും ലൈനുകളുടെയും ഭാവിവികസന സാദ്ധ്യതയില്ലാതാവുമെന്നാണ് റെയിൽവേയുടെ എതിർപ്പിന് കാരണം. സിൽവർലൈനിന്റെ കോഴിക്കോട്, കണ്ണൂർ, തൃശൂർ സ്റ്റേഷനുകൾ പൂർണമായി റെയിൽവേ ഭൂമിയിലാണ്. റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിട്ടി വികസിപ്പിക്കുന്ന സ്റ്റേഷനുകളാണിവ. 

മിക്കയിടത്തും നിലവിലെ ലൈനുകളുമായി നിർബന്ധമായി പാലിക്കേണ്ട 8 മീറ്റർ അകലം സിൽവർലൈനിനില്ല. അതിനാൽ ട്രാക്ക് അറ്റകുറ്റപ്പണി അസാദ്ധ്യമാവും. ചരക്കുലോറികൾ ട്രെയിനിൽ കൊണ്ടുപോകാവുന്ന റോ-റോ സർവീസിനായി കോഴിക്കോട്ട് സ്റ്റേഷൻ നിർമ്മിക്കാനിരിക്കുന്ന സ്ഥലത്തിന് മുകളിലൂടെയാണ് സിൽവർലൈൻ എലിവേറ്റഡ് പാത കടന്നുപോവുന്നത്. ദേശീയപാത ആറുവരിയാക്കാൻ വിട്ടുകൊടുത്ത സ്ഥലം പോലും സിൽവർലൈനിനായി ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരം, അങ്കമാലി, ആലുവ എന്നിവിടങ്ങളിലാണ് നിലവിലെ ട്രാക്കുകളുടെ തൊട്ടടുത്തുകൂടി സിൽവർലൈനിന്റെ നിർദ്ദിഷ്ടപാത. കഴക്കൂട്ടത്ത് റെയിൽവേഭൂമി നൽകിയാൽ ശേഷിക്കുന്ന സ്ഥലം ഉപയോഗശൂന്യമാവും. 17 ഇടത്ത് റെയിൽവേയുടെ സുരക്ഷാസോണുകളിലൂടെയാണ് സിൽവർലൈൻ പാത.

കോട്ടയത്ത് റെയിൽവേ വികസനത്തെ ദോഷകരമായി ബാധിക്കും. തൃശൂർ സ്റ്റേഷനിൽ സിൽവർലൈൻ സ്റ്റേഷന് ഭൂമിനൽകിയാൽ രണ്ടായി വിഭജിക്കപ്പെടും. നിലവിലെ കൊടുംവളവുകൾ നിവർത്തി വേഗം 160 കിലോമീറ്ററാക്കാനുള്ള പദ്ധതിയെയും ബാധിക്കും. സ്റ്റേഷനുകളോട് ചേർന്നുള്ള വാണിജ്യാവശ്യത്തിന് മാറ്റിവച്ചിരിക്കുന്ന സ്ഥലം വിട്ടുകൊടുക്കാനാവില്ലെന്നും റെയിൽവേ വിശദീകരിച്ചു.

2020 ജൂൺ 20-ന് കെ-റെയിൽ വിശദ പദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതിൽ സാമ്പത്തികമായും സാങ്കേതികമായും പദ്ധതി നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും റെയിൽവേമന്ത്രി വ്യക്തമാക്കിയിരുന്നു. ആ പദ്ധതിരേഖ കെ-റെയിൽ പുതുക്കി സമർപ്പിച്ചിട്ടില്ലെന്നും ദക്ഷിണറെയിൽവേ അറിയിച്ചു.

റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കുള്ള വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും തൃപ്തികരമല്ലെന്നും ദക്ഷിണറെയിൽവേ വിശദീകരിക്കുന്നു. സിൽവർലൈനിനായി റെയിൽവേ ഭൂമിയും കെട്ടിടങ്ങളും ക്രോസിംഗുകളും ഏറ്റെടുക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡാണ് തീരുമാനമെടുക്കേണ്ടത്. പദ്ധതിക്ക് അന്തിമാനുമതിയും ഭൂമിയും നൽകണമെന്ന് കെ-റെയിൽ വീണ്ടും ബോർഡിനോടാവശ്യപ്പെട്ടിട്ടുണ്ട്.


സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ഭൂമിയേറ്റെടുക്കലിന് 11 ജില്ലകളിലും നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും ഓഫീസുകൾ പൂട്ടിയും ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചിരിക്കുകയാണ്.


പരിസ്ഥിതി ആഘാതം, ഹൈഡ്രോളജിക്കൽ, കണ്ടൽക്കാട് സംരക്ഷണം, തീരദേശപരിപാലനം എന്നിങ്ങനെ പഠനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിക്ക് അനുമതി നൽകുന്നത് സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചായിരിക്കുമെന്നാണ് കേന്ദ്രനിലപാട്. പദ്ധതിക്ക് നേരത്തേ തത്വത്തിലുള്ള കേന്ദ്രാനുമതി ലഭിച്ചിരുന്നു.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതി നേടാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടരുകയാണെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കിയതോടെ, സിൽവർലൈനിന്റെ വഴിയടഞ്ഞ മട്ടാണ്.

ഭാവിവികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ എതിർപ്പ്. നേരത്തേ തത്വത്തിലുള്ള അനുമതി നൽകിയിരുന്നെങ്കിലും, സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചായിരിക്കും അന്തിമാനുമതിയെന്നാണ് കേന്ദ്രനിലപാട്. പദ്ധതിരേഖയിൽ 63,940 കോടിയാണെങ്കിലും ചെലവ് 1.26 ലക്ഷം കോടിയാവുമെന്നാണ് നീതി ആയോഗിന്റെ കണക്ക്.

Advertisment