Advertisment

സിദ്ധാർത്ഥിന്റെ കേസ് സി.ബി.ഐയ്ക്ക് വിടുന്നതിൽ വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ അടവ്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അന്വേഷണമോ മെമ്മോയോ പോലുമില്ലാതെ തിരിച്ചെടുത്തു. സസ്പെൻഡ് ചെയ്യിച്ച ആഭ്യന്തര സെക്രട്ടറിയെ കൊണ്ടുതന്നെ ശിക്ഷ റദ്ദാക്കിച്ചു. കുറ്റക്കാരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി ശിക്ഷ ഒഴിവാക്കിയ നടപടി അപൂർവം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തിരിച്ചെടുക്കുമെന്ന് ഉദ്യോഗസ്ഥർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ

സസ്പെൻഷനിലായിരുന്ന 3 ഉദ്യോഗസ്ഥരെ അന്വേഷണമോ മെമ്മോയോ പോലും കൂടാതെ സർവീസിൽ തിരിച്ചെടുത്തു. ആഭ്യന്തര വകുപ്പിലെ  ഡെപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത, സെക്ഷൻ ഓഫീസർ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എൽ.അഞ്ജു എന്നിവരെയാണ് തിരിച്ചെടുത്തത്.

New Update
sidharth pookode

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നതിൽ ഗുരുതര വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ അടവായിരുന്നെന്ന് വ്യക്തമാവുന്നു.

Advertisment

സസ്പെൻഷനിലായിരുന്ന 3 ഉദ്യോഗസ്ഥരെ അന്വേഷണമോ മെമ്മോയോ പോലും കൂടാതെ സർവീസിൽ തിരിച്ചെടുത്തു. ആഭ്യന്തര വകുപ്പിലെ  ഡെപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത, സെക്ഷൻ ഓഫീസർ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എൽ.അഞ്ജു എന്നിവരെയാണ് തിരിച്ചെടുത്തത്.


ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ വീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. പകരം മൂവരിൽ നിന്നും വിശദീകരണം എഴുതിവാങ്ങി സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു. ഇവരുടെ വിശദീകരണം പരിശോധിച്ച് അച്ചടക്ക നടപടിയിൽ തീർപ്പുണ്ടാക്കുമെന്നും സസ്പെൻഷൻ കാലയളവ് പിന്നീട് ക്രമീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.


ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാണ് മാർച്ച് 26ന് ഇവരെ സസ്പെൻ‌ഡ് ചെയ്തത്. രേഖകൾ സി.ബി.ഐയ്ക്ക് കൈമാറിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് ഇന്നലെ പ്രഖ്യാപിച്ചതോടെയാണ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും.

അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം പുറത്തിറക്കിയിട്ടും അത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കാതെ പൂഴ്‌ത്തിയ ഇവർ ഒരാഴ്ചയ്ക്ക് ശേഷം സി.ബി.ഐ കൊച്ചി യൂണിറ്റിലേക്ക് അയയ്ക്കുകയായിരുന്നു.

ഇതോടെ അന്വേഷണം സി.ബി.ഐയ്ക്ക് ഏറ്റെടുക്കാൻ കഴിയാതായി. പിന്നീട് സംഭവം വിവാദമായതോടെയാണ് രേഖകൾ ഡൽഹിയിൽ എത്തിച്ചതും കേസ് സി.ബി.ഐ ഏറ്റെടുത്തതും.


തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തിരിച്ചെടുക്കുമെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ ഉറപ്പുനൽയിരുന്നതായി സൂചനയുണ്ട്. ആ ഉറപ്പ് സർക്കാർ പാലിച്ചെന്നാണ് ആരോപണമുയരുന്നത്. പാർലമെന്റ് തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട്  മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നാണ് ആക്ഷേപം. അതിനാലാണ്സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ഫയലുകൾ പൂഴ്ത്തി വെച്ച സസ്‌പെൻഡ് ചെയ്യപ്പെട്ട സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തിരിച്ചെടുത്തത്.


സിബിഐ അന്വേഷണത്തിന്  ഉത്തരവിട്ടിട്ടും ഇത് സംബന്ധിച്ച ഫയലുകൾ സിബിഐയ്ക്ക് കൈമാറാൻ വൈകിച്ച് റിമാൻഡിൽ കഴിയുന്ന എസ്എഫ്ഐ നേതാക്കളെ ജാമ്യത്തിൽ പുറത്തിറക്കുക എന്നതായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

എന്നാൽ അന്വേഷണം ബോധപൂർവം വൈകിപ്പിക്കുന്നതായി ബോധ്യപ്പെട്ട സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത തോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഫയലുകൾ വച്ചു താമസിപ്പിച്ചത് ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലുകളുടെ അടിസ്ഥാനത്തിലാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ആരോപണങ്ങളിൽ സർക്കാരിന് പങ്കില്ലെന്ന് കാണിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ.

പതിവിന് വിരുദ്ധമായി പൊതു ഭരണ വകുപ്പ് പുറത്തിറക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച ഫയൽ ആഭ്യന്തരവപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കൈകാര്യം ചെയ്തതിലും തിരികെ സർവീസിൽ പ്രവേശിപ്പിച്ചുകൊണ്ട് അദ്ദേഹം തന്നെ ഉത്തരവിറക്കിയതിലും ദുരൂഹതയുണ്ട്.

പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യേണ്ട ഫയൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് സസ്‌പെൻഡ് ചെയ്യപ്പെട്ടവർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായിരുന്നു. മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പ്രോ ചാൻസലർ കൂടിയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയോ സിദ്ധാർത്ഥന്റെ വീട്ടിൽ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോകാത്തത് ഏറെ വിവാദമായിരുന്നു.


പ്രതിപക്ഷസമരം അവസാനിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് സിദ്ധാർത്ഥന്റെ വിയോഗം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷം മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ പിതാവിന് സന്ദർശനം അനുവദിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഒരു രാഷ്ട്രീയ തിരക്കഥയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു.


അതിന്റെ ബാക്കി പത്രമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പുച്ചുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷണത്തിന് സർക്കാർ വിട്ടത്  സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നുവ്യക്തം.

മരണത്തിന് ഉത്തരവാദികളായ എല്ലാ വിദ്യാർഥികളെയും മാതൃകപരമായി ശിക്ഷിക്കണമെന്നും അവരുടെ തുടർ പഠനം തടയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment