Advertisment

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. തീയതി ലഭിച്ചവർ സ്വന്തം വാഹനത്തിൽ ടെസ്റ്റിന് എത്താൻ നിർദ്ദേശം. വാഹനങ്ങൾ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്താൻ അനുമതി. സ്ലോട്ട് ലഭിച്ചവർ അതാത് തീയതിയിൽ തന്നെ ടെസ്റ്റിന് വിധേയരാകണം. സാധ്യമായ സ്ഥലങ്ങളിൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം. സർക്കാർ നിയന്ത്രണത്തിലുള്ളതോ സ്വകാര്യ സ്ഥലത്തോ ഗ്രൗണ്ടുകൾ സജ്ജമാക്കാം. ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാമെന്നും നിർദ്ദേശം

സ്വന്തം ജീവൻ്റെ സുരക്ഷിതത്വം പോലെ തന്നെ പ്രധാനമാണ് ഇതര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും കാൽനടക്കാർ അടക്കമുള്ളവരുടെ ജീവൽ സുരക്ഷയുമെന്ന് നിരത്തിൽ വാഹനം ഓടിക്കാൻ അർഹതപ്പെട്ടവർ മനസിലാക്കണം. അപ്രകാരമുള്ള അവബോധവും ഡ്രൈവിംഗ് വൈദഗ്ധ്യവും പരിശീലിക്കപ്പെട്ടവരെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും  ഉറപ്പ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
driving test ganesh kumar

തിരുവന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് എതിരായ സമരത്തോട് കൂടുതൽ വിട്ടുവീഴ്ചക്കില്ലന്ന് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിഷ്കാരങ്ങൾക്ക് എതിരായ സമരം തികച്ചും അനാവശ്യവും പൊതുജന താൽപര്യത്തിന് എതിരും നിയമവിരുദ്ധവും കോടതി നിർദ്ദേശങ്ങൾക്ക് എതിരുമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Advertisment

ഡ്രൈവിങ്ങ് ടെസ്റ്റ് കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളെ തടസപ്പെടുത്താനുളള ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ സമരക്കാർ തയാറാകണമെന്നും മന്ത്രി പറഞ്ഞു. സി.ഐ.ടി.യു നേതൃത്വത്തിലുള്ള ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഇക്കാര്യത്തിൽ ചർച്ച നടത്താനും സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭവപൂർവമായ ഇളവുകളും സാവകാശവും അനുവദിച്ച് നൽകുന്നതിനും സർക്കാർ സന്നദ്ധമായത്.


ഡ്രൈവിങ്ങ് ടെസ്റ്റിന് അനുവദിക്കുന്ന സ്ളോട്ടുകളുടെ എണ്ണം വർദ്ധിപ്പിച്ചത് ഇതിൻ്റെ ഭാഗമായാണ്. ഇക്കാര്യത്തിൽ അനുവദിക്കാവുന്ന പരമാവധി എണ്ണം വർദ്ധിപ്പിച്ച് നൽകാനാണ് സർക്കാർ തയാറായതെന്ന കാര്യം വിസ്മരിക്കരുത്. കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ട് വെച്ചത്. ഇപ്പോഴത്തെ പരിഷ്കാര നടപടികളുമായി മുന്നോട്ട് പോകാൻ ഹൈകോടതി അനുമതി നൽകിയിട്ടുള്ളതുമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സ്വന്തം ജീവൻ്റെ സുരക്ഷിതത്വം പോലെ തന്നെ പ്രധാനമാണ് ഇതര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും കാൽനടക്കാർ അടക്കമുള്ളവരുടെ ജീവൽ സുരക്ഷയുമെന്ന് നിരത്തിൽ വാഹനം ഓടിക്കാൻ അർഹതപ്പെട്ടവർ മനസിലാക്കണം. അപ്രകാരമുള്ള അവബോധവും ഡ്രൈവിംഗ് വൈദഗ്ധ്യവും പരിശീലിക്കപ്പെട്ടവരെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും  ഉറപ്പ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇതൊന്നും പാലിക്കാതെയും നിയമത്തിൽ പറഞ്ഞിരിക്കുന്ന യാതൊരു മാനദണ്ഡങ്ങളുമില്ലാതെയും യഥേഷ്ടം ലൈസൻസ് വിതരണം ചെയ്തു നിരത്തകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.


ഡ്രൈവിംഗ് ടെസ്റ്റിന് സ്ളോട്ട് അനുവദിച്ചു കിട്ടിയിട്ടുള്ളവർ അതത് ദിവസം കൃത്യമായി ഹാജരാകാനും ടെസ്റ്റിന് വിധേയരാകാനും പ്രത്യേക ശ്രദ്ധയും താൽപര്യവും പുലർത്തണമെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ അഭ്യർർത്ഥിച്ചു. ബോധപൂർവം മാറിനിൽക്കുന്ന പക്ഷം അടുത്ത ഒരു ടെസ്റ്റിന് അർഹത ലഭിക്കുവാൻ വളരയേറെ കാലതാമസം ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകുന്നുണ്ട്.


ഓരോ ദിവസവും അനുവദിക്കപ്പെട്ട സ്ളോട്ടുകളിൽ പങ്കെടുക്കുന്നവർ വരാതിരിക്കുന്ന പക്ഷം, അവർക്ക് പകരമായി തൊട്ടടുത്ത ദിവസങ്ങളിലെ സ്ളോട്ടുകളിൽ നിന്ന് സന്നദ്ധത അറിയിക്കുന്ന നിശ്ചിത എണ്ണം ആളുകളെ ഉൾപ്പെടുത്തി വെയ്റ്റിങ് ലിസ്റ്റ് തയാറാക്കാനും മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി.

ഡ്രൈവിംഗ് ടെസ്റ്റ് സുഗമമായി നടത്തുന്നതിന് സാധ്യമാകുന്ന പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ടെസ്റ്റിനുള്ള ഗ്രൗണ്ട് അടിയന്തിരമായി സജ്ജമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥലം വിട്ടു നൽകാൻ സന്നദ്ധമായ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും ടെസ്റ്റ് ഗ്രൗണ്ട് ക്രമീകരിക്കാൻ അനുവാദം നൽകി.

ടെസ്റ്റിനുള്ള വാഹനം ലഭിക്കാത്ത പക്ഷം വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ടെസ്റ്റ് മുടങ്ങാതിരിക്കുന്നതിന് വേണ്ടിയാണിത്. സ്ളോട് ലഭിച്ച് ടെസ്റ്റിന് എത്തിചേരുന്ന അപേക്ഷകരെ തടസപ്പെടുത്തുകയും ബാഹ്യ ശക്തികളുമായി ചേർന്ന് നിരവധി കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കാൻ ചില ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisment