Advertisment

തൃശൂരിലെ ലക്ഷണമൊത്ത ത്രികോണപ്പോരിൽ ജയം ആർക്ക്. മോഡിയും വികസനവും സുരേഷ് ഗോപിയുടെ പ്രതിച്ഛായയും വോട്ടാവുമെന്ന് ബിജെപി. മുരളീധരന്‍റെ വരവോടെ ന്യൂനപക്ഷ, മുന്നാക്ക വോട്ടുകൾ സമാഹരിക്കാൻ യുഡിഎഫ്. സുനിൽകുമാറിന്റെ ജനകീയതയും വ്യക്തിബന്ധങ്ങളും ജയമൊരുക്കുമെന്ന് എൽഡിഎഫ്. കരുവന്നൂർ കത്തിനിൽക്കുന്ന തൃശൂരിൽ വിജയം ആരെടുക്കും

തൃ‌ശൂർ പൂരത്തിനു പിന്നാലെ തിരഞ്ഞെടുപ്പ് പൂരം കൂടിയെത്തുന്നതോടെ തൃശൂരിലെ ത്രികോണപ്പോര് കടുക്കുമെന്ന് ഉറപ്പാണ്. ഓരോ വോട്ടും ഉറപ്പാക്കാൻ കൂട്ടിയും കിഴിച്ചുമാണ് സുരേഷ് ഗോപിയുടെയും ബിജെപിയുടെയും പ്രചാരണം. രാഷ്ട്രീയത്തേക്കാളുപരി വ്യക്തിഗത വോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
vs sunilkumar k muraleedharan suresh gopi

തൃശൂർ: കേരളത്തിൽ ലക്ഷണമൊത്ത ത്രികോണ പോരാട്ടത്തിന്റെ ചൂടുള്ള മണ്ഡലമാണ് തൃ‌ശൂർ. മണ്ഡലം പിടിക്കാനുറച്ച് സുരേഷ് ഗോപിയും നിലനിർത്താൻ യു.ഡി.എഫും അട്ടിമറി പ്രതീക്ഷിച്ച് എൽ.ഡി.എഫും രംഗത്തിറങ്ങിയതോടെ ദേശീയ ശ്രദ്ധയാക‌ർഷിക്കുകയാണ് തൃശൂരിലെ പോരാട്ടം.

Advertisment

തൃ‌ശൂർ പൂരത്തിനു പിന്നാലെ തിരഞ്ഞെടുപ്പ് പൂരം കൂടിയെത്തുന്നതോടെ തൃശൂരിലെ ത്രികോണപ്പോര് കടുക്കുമെന്ന് ഉറപ്പാണ്. ഓരോ വോട്ടും ഉറപ്പാക്കാൻ കൂട്ടിയും കിഴിച്ചുമാണ് സുരേഷ് ഗോപിയുടെയും ബിജെപിയുടെയും പ്രചാരണം. രാഷ്ട്രീയത്തേക്കാളുപരി വ്യക്തിഗത വോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

വടകരയിൽ നിന്ന് മാറിയെത്തിയെങ്കിലും വിജയിക്കാനാവുമെന്ന് കെ.മുരളീധരനും ഇത്തവണ തൃശൂർ പിടിക്കാമെന്ന് സി.പി.ഐയിലെ വി.എസ് സുനിൽകുമാറും പ്രതീക്ഷ പുലർത്തുന്നു. ഒരിഞ്ചും വിട്ടുകൊടുക്കാതെ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ.


പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടെത്തി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ നായകനായത് എൻ.ഡി.എ ക്യാമ്പിൽ ഉണർവ് പകർന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം തൃശൂരിൽ ക്യാമ്പ് ചെയ്ത് സുരേഷ് ഗോപി അഞ്ചു വർഷം നടത്തിയ പ്രവർത്തനങ്ങളുടെ വിധിയെഴുത്താവും ഇത്തവണയുണ്ടാവുക.


ജയിച്ചാൽ തൃശൂരിനൊരു കേന്ദ്രമന്ത്രിയെന്ന പ്രചാരണവും സുരേഷ് ഗോപിക്ക് തുണയാവും. രാഷ്ട്രീയത്തിനപ്പുറം വ്യക്തിഗത വോട്ടുകളുടെ സമാഹരണമാണ് സുരേഷ് ലക്ഷ്യമിടുന്നത്. 2014നേക്കാൾ രണ്ടുലക്ഷത്തോളം വോട്ട് അധികമായി സുരേഷ് ഗോപിക്ക് 2019ൽ സമാഹരിക്കാനായിരുന്നു. തന്റെ വ്യക്തിപ്രഭാവത്താൽ 2 ലക്ഷം വോട്ട് കിട്ടുമെന്നാണ് സുരേഷ് ഗോപിയുടെ കണക്കുകൂട്ടൽ.

കഴിഞ്ഞ തവണ 1.20 ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് ടി.എൻ പ്രതാപൻ വിജയിച്ചത്. അന്ന് മൂന്നാമതായിരുന്നു സുരേഷ്. സി.പി.ഐ സ്ഥാനാർത്ഥിയുമായി 20,000 വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു. 2019ൽ വെറും 17 ദിവസത്തെ പ്രചാരണമേ സുരേഷ് ഗോപിക്ക് നടത്താനായുള്ളൂ.

കണക്കുകളെല്ലാം കൂട്ടി പതിനെട്ട് അടവും പയറ്റിയാണ് തൃശൂരിൽ ബി.ജെ.പി ഇറങ്ങുന്നത്. വോട്ട് വിഹിതത്തിൽ പാർട്ടിക്കുണ്ടായ മുന്നേറ്റത്തിനൊപ്പം സുരേഷ് ഗോപിയുടെ വ്യക്തിഗത വോട്ടുകൾ കൂടിയാവുന്നതോടെ വിജയം കൈയെത്തും ദൂരത്താണെന്ന് ബി.ജെ.പി വിലയിരുത്തുന്നു.

2014ൽ ബി.ജെ.പിക്ക് കിട്ടിയത് 1.02 ലക്ഷം വോട്ടായിരുന്നു. 2019ൽ അത് 2.93 ലക്ഷമായി ഉയർന്നിരുന്നു. ഇനിയൊരു രണ്ടു ലക്ഷം വോട്ടുകൂടി നേടി വിജയിക്കാമെന്ന ബി.ജെ.പി തന്ത്രത്തിന്റെ അടിസ്ഥാനമിതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി പരാജയപ്പെട്ടത് വെറും 3000 വോട്ടിന്റെ വ്യത്യാസത്തിലാണെന്നതും ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന സഹകാരി മാർച്ച് ബിജെപിക്കുണ്ടാക്കിയ മൈലേജ് ചില്ലറയല്ല.


ബി.ജെ.പിയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് അതേനാണയത്തിൽ തിരിച്ചടിക്കുകയാണ് കോൺഗ്രസ്. പരിചയ സമ്പന്നനായ സ്ഥാനാർത്ഥിയായ കെ.മുരളീധരനും തനിക്ക് രാഷ്ട്രീയത്തിന് അതീതമായി വോട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അവസാന നിമിഷം ടി.എൻ പ്രതാപനെ മാറ്റിയതും തൃശൂർ കോൺഗ്രസിലെ പടലപ്പിണക്കങ്ങളുമെല്ലാം മുരളിക്ക് വിനയാവുമോയെന്ന് കണ്ടറിയണം.


ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിനെത്തുടർന്ന് കോൺഗ്രസ് പ്രതിരോധത്തിലായപ്പോൾ മറികടക്കാനാണ് കെ. മുരളീധരനെ രംഗത്തിറക്കിയത്. കോൺഗ്രസ് വോട്ടുകൾ നേടാനുള്ള ബി.ജെ.പി തന്ത്രത്തെ ചെറുക്കാമെന്നായിരുന്നു പാർട്ടിയുടെ വിശ്വാസം. തൊഴുത്തിൽക്കുത്തും മറ്റും കുറയുമെന്നായിരുന്നു കരുതിയത്.

പക്ഷേ, പാവറട്ടിയിലും വടക്കാഞ്ചേരിയിലുമെല്ലാം ഗ്രൂപ്പ് തിരിഞ്ഞ് നിന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ടാക്കി. ലീഡറുടെ മകനെന്ന പരിഗണനയും ന്യൂനപക്ഷ, മുന്നാക്ക വോട്ടും മുരളിക്ക് കിട്ടുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന സുനിൽകുമാർ, മൂന്നുതവണ ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിൽ കൃഷിമന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയും ജനകീയതയും വ്യക്തിബന്ധങ്ങളും അദ്ദേഹത്തെ തുണയ്ക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.

എന്നാൽ ജില്ലയിലെ പാർട്ടിഘടകങ്ങളിൽ ഉണ്ടായ പടലപ്പിണക്കങ്ങൾ പാർട്ടിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. പക്ഷേ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിൽ ഇ.ഡി അന്വേഷണം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇടതുനേതൃത്വത്തിനുണ്ട്. സി.പി.ഐയ്ക്കുള്ളിൽ മുൻപ് ഉണ്ടായിരുന്ന അസ്വാരസ്യങ്ങളിലും നേതൃത്വം ജാഗ്രത പുലർത്തുന്നുണ്ട്.

മത സാമുദായിക പിന്തുണയില്ലാതെ തൃശൂരിൽ ആർക്കും പിടിച്ചുകയറാനാകില്ലെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വങ്ങൾ. പ്ലസും മൈനസും അടിയൊഴുക്കുകളുമെല്ലാം മൂന്ന് മുന്നണികൾക്കുള്ള വോട്ടുകളിലും തെളിഞ്ഞും തെളിയാതെയും കിടപ്പുണ്ട്. ക്ഷേത്രങ്ങളും മുസ്ലിം - ക്രിസ്ത്യൻ പള്ളികളും ആശ്രമങ്ങളും മഠങ്ങളുമെല്ലാം കയറിയിറങ്ങി വോട്ടുറപ്പാക്കാൻ ആദ്യം മുതൽക്കേ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടായിരുന്നു.  


ഏതാണ്ട് 35 ശതമാനം ക്രിസ്ത്യൻ വോട്ടുകളിൽ ഒരു കണ്ണുവയ്ക്കുമ്പോഴും മറുകണ്ണിൽ പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളുമുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപേ സുരേഷ് ഗോപി, ലൂർദ്ദ് മാതാവിന് കിരീടം സമർപ്പിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങൾ തൃശൂരിൽ അലയടിച്ചതും മറ്റൊന്നും കൊണ്ടല്ല.


എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും ക്രൈസ്തവ വോട്ടുറപ്പിക്കാൻ ആ മേഖലയിൽ പ്രചാരണം കൊഴുപ്പിച്ചു.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് തൃശൂർ മണ്ഡലം. മണ്ഡല ചരിത്രത്തിൽ സിപിഐ ഏറ്റവും അധികം തവണ വിജയം വരിച്ച മണ്ണ്. 1951 മുതൽ 2019 വരെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പത്തുതവണയും വിജയം നേടിയത് സിപിഐയാണ്; ഏഴുതവണ കോൺഗ്രസും.

12,93,744  വോട്ടർമാരാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിലുള്ളത്. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡും സി.പി.എം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പെടെ നടക്കുന്നതിനിടെയാണ് വോട്ടെടുപ്പ്. കരുവന്നൂർ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമായി മാറുമെന്ന് ഉറപ്പാണ്. എന്നാൽ കരുവന്നൂർ പ്രശ്‌നം നിയമപരമായി പ്രതിരോധിക്കാനാണ് ഇടത് നീക്കം.

Advertisment