Advertisment

ലോക് ഡൗൺ പലായനത്തിൻ്റ നാൾവഴികൾ

author-image
സത്യം ഡെസ്ക്
New Update

മനുഷ്യചരിത്രം മുഴുവനായും ഇടമുറിഞ്ഞു നീണ്ടുപോയ ഒരു മഹാപലായനത്തിന്റെ കഥയാണ്. അതിജീവനത്തിന് വേണ്ടി പലായനം ചെയ്യുന്ന കഥകൾ.അതാണ് ജീവന്റെ നോവും നൊമ്പരവുമായി ചരിത്രത്തിലുള്ളത്.ഈ അത്യന്താധുനിക യുഗത്തിലും പലായനം തുടർക്കഥയാവുന്നുവോ?പുരാണങ്ങളിലും മറ്റും നമ്മൾ പലായനകഥകൾ വായിച്ചിട്ടുണ്ട്. മാതുലൻ കംസൻ്റെ കൈയ്യിൽ നിന്നും ശിശുവായിരിക്കേ ശ്രീകൃഷണ ഭഗവാന് പലായനം ചെയ്യേണ്ടി വന്ന കഥ നമുക്കറിയാം. പാണ്ഡവർക്ക് കൗരവരാൽ.ശ്രീരാമനും ,ബുദ്ധനും മുഹമ്മദു നബിയ്ക്കും മറ്റും പലായനം അനിവാര്യമായി.

മുഹമ്മദ് നബിയും അനുയായികളും മക്കയിലെ മർദ്ദനം സഹിക്കാതായപ്പോഴാണ് മദീനയിലേക്ക് പലായനം നടത്തിയത്.

Advertisment

പലായനത്തിൻ്റെ കഥകൾ പല രീതിയിൽ,പല സംഹിതകളിൽ വ്യാഖ്യാനിക്കുവാനുണ്ട്. മുപ്പത് വെള്ളി കാശിന് വേണ്ടി യേശുവിനെ ഒറ്റികൊടുത്ത യൂദാസിൻ്റെകഥകളും നമ്മൾ പഠിച്ചു. മഹാന്മാരായ ഒരു പാട് യോദ്ധാക്കളുടെ ,സമര നായകൻമാരുടെ ,സിനിമാക്കാരുടെ ,ശാസ്ത്രജ്ഞരുടെ അങ്ങിനെ ചരിത്രത്തിൻ്റെ ഏടുകളിൽ ജ്വലിച്ച് നിൽക്കുന്ന എത്ര എത്ര മഹത്തരമായ കഥകൾ നമ്മേ സ്വാധീനിച്ചു.

പ്രളയം ,ഉരുൾപൊട്ടൽ ,ഭൂകമ്പം ,സുനാമി ,മഹാമാരി ,വരൾച്ച ,പട്ടിണി എന്തൊക്കെ പരീക്ഷണങ്ങളേയാണ് നമ്മൾ ഉൾപ്പെട്ട ജീവിവർഗ്ഗങ്ങൾക്ക് നേരിടേണ്ടി വന്നത്. ഇപ്പോൾ അരൂപിയായ കൊറോണയും ഈ ലോകം മുഴുവൻ സംഹാര താണ്ഡവം ആടുന്നു.

മനുഷ്യർ തൊഴിൽ രഹിതരാവുന്നു. ഭരണകൂടത്തിൻ്റെ ചട്ടകൂടിൽ നിന്നും വ്യതിചലിച്ച് വിശപ്പിൻ്റെ കാഠിന്യം സഹിക്കവയ്യാതെ ജൻമനാട്ടിലെ കൂരകളിലേക്ക് ആയിരമായിരം കാതങ്ങൾ താണ്ടുന്നു. ജീവജാലങ്ങൾ പട്ടിണി കിടന്ന് മരണത്തിൻ്റെ വികൃതമുഖം കണ്ട് ഭയക്കുന്നു.

വിശപ്പിൻ്റെ വിലയറിയാതെ നമ്മൾ കുഴിച്ചുമൂടിയ എത്രയോ ഭക്ഷണ അവശിഷ്ടങ്ങളുടെ വില നമ്മളിന്ന് മനസ്സിലാക്കുന്നു.

സ്വന്തം വീട്ടുവളപ്പിൽ പോലും കൃഷി ചെയ്യാൻ നമ്മുടെ ദുരഭിമാനം അനുവദിക്കുന്നില്ലല്ലോ. മലയാളികൾക്ക് പ്രത്യക്ഷാ ഉള്ളതാണ് നാലക്ഷരം പഠിച്ചെന്ന വൈറ്റ്കോളർ ഈഗോ. പിന്നെ കർഷകൻ എന്ന എഞ്ചിനീയറെ നമുക്ക് ഭ്രഷ്ടാണ്.

കാശ് കൊടുത്ത് വിഷം നിറച്ച പച്ചക്കറികൾ ഭക്ഷിച്ച് ജീവിതത്തിൻ്റെ ദൈർഘ്യം കുറയ്ക്കുന്നു സൗന്ദര്യ സങ്കൽപ്പങ്ങളൊക്കെയും മുഖംമൂടിയണിഞ്ഞു. സൗന്ദര്യബോധം ബ്യൂട്ടി പാർലറിൽ നിന്നും പടിയിറങ്ങി വീടുകളിൽ മാത്രം ഒതുങ്ങി കൂടി. സുന്ദരി സുന്ദരൻമാരുടെ യഥാർത്ഥ കോലം കണ്ട് സമൂഹം വിസ്മയിച്ചു.മുഖം മൂടിയാണ് അവരുടെ രക്ഷയ്ക്ക് സഹചാരിയായത് . കാലഘട്ടത്തിൻ്റെ വേഷപകർച്ച അല്ലാതെന്ത്?

ചുംബന സമരങ്ങളും ,പ്രണയസല്ലാപങ്ങളും കടങ്കഥയായി. ധൂർത്തിൻ്റെ പേക്കൂത്തായ വിവാഹ മാമാങ്കവും ,ആഘോഷങ്ങളും ,വിരുന്ന് സൽക്കാരങ്ങളും മറ്റും അഹങ്കാരത്തിൻ്റെ ധാർഷ്ട്യത എത്രയോ കണ്ടിട്ടുണ്ട്.

ഒരു നേരത്തെ വിശപ്പകറ്റാൻ കുപ്പതൊട്ടിയിലെ എച്ചിലിലകൾ തേടുന്ന ബാല്യങ്ങൾ നിത്യേനെ നാം കാണുന്നു. തെരുവോരങ്ങളിൽ ,കഴുകൻ കണ്ണുകളിൽ പെടാതെ മക്കളുറങ്ങാൻ ഉറക്കമൊഴിച്ചിരിക്കുന്ന ഹതഭാഗ്യരായ അച്ഛനമ്മമാരുടെ കഥകളെത്ര അറിഞ്ഞിരിക്കുന്നു നമ്മൾ.

മനുഷ്യത്വം എവിടെ? പ്രശസ്തിക്ക് വേണ്ടി ,ഫോട്ടോയ്ക്ക് പോസ് ചെയ്യുവാൻ ദാന കർമ്മങ്ങൾ ചെയ്യുന്നവരുടെ തിക്കും തിരക്കും ,പത്രങ്ങളിലും ടി വി വാർത്തകളിലും.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ളതിലേറെ ഇതിനിടയ്ക്ക് കിടന്ന് നട്ടം തിരിയുന്ന ഇടനിലക്കാരുടെ വീർപ്പുമുട്ടൽ വർണ്ണിക്കാനാവാത്തതിനപ്പുറത്താണ്. എല്ലാ സന്തോഷങ്ങളും ഉൽസവങ്ങളാക്കുമ്പോൾ നമ്മൾ കാണാതെ പോകുന്ന ചില വിശപ്പിൻ്റെ ,നൊമ്പരത്തിൻ്റെ ആൾരൂപങ്ങളുണ്ട്. കണ്ടിട്ടും കാണാതെ നടിക്കുന്ന നടന്മാരുണ്ട്.വിവേചനത്തിൻ്റെയും, വർണ്ണവെറിയുടേയും ,അടിമത്വ നിസംഗത അത് ചിലപ്പോഴൊക്കെ ഞാഞ്ഞൂലിനെപ്പോലെ തലപ്പൊക്കുന്നുണ്ടോ ? ചന്ദ്ര ശോഭയിൽ സുര്യോദയമാണെന്ന് തെറ്റിദ്ധരിക്കുന്ന ചില നരജീനുകൾ.

ആദർശം പറയുന്ന രാഷ്ട്രീയക്കാർ അറിയുന്നുണ്ടോ വിണ്ടുകീറിയ കാലുമായ് നടന്നു കൂട്ടിയ പലായനത്തിൻ്റെ ചവിട്ടടി ശബ്ദങ്ങൾ. പാതി വഴിയിൽ ജീവിതം അവസാനിപ്പിച്ച ഊഞ്ഞാൽ ചിത്രങ്ങൾ. ഈ ദുരന്ത പർവ്വത്തിലെ ആരോഹണ പ്രക്രിയ എന്നവസാനിക്കും ?

വിളിക്കാൻ ഇനി ദൈവമന്ദിരങ്ങളുടെ വാതിലുകൾ എന്ന് തുറക്കും? കൊട്ടിയടച്ചില്ലേ കോവിഡ് എന്ന മഹാമാരി. നാനാജാതി ദൈവങ്ങൾ വിളി കേൾക്കാതായി. അമ്പലങ്ങളിലേയും,പള്ളികളിലേയും ഭണ്ഡാരപ്പെട്ടി നിറയ്ക്കുന്നവർ വിശക്കുന്നവൻ്റെ ഒരു നേരത്തെ വയർ നിറച്ചെങ്കിൽ! ദൈവത്തിൻ്റെ സാന്നിദ്ധ്യം വിശപ്പകന്ന ആ മുഖത്ത് കാണാൻ സാധിക്കും .എല്ലാം തികഞ്ഞിട്ടും ,അംഗ പരിമിതരുടെ ഉൽസാഹം പോലും കാണിക്കാതെ സൃഷ്ടാവിനെ പഴിക്കുന്നവരുടെ ബുദ്ധിവൈകൃതം. എന്തെല്ലാം കണ്ടു, കൂട്ടിലടച്ച കിളികളുടെ പറക്കുവാനുള്ള ആകാശം നിഷേധിച്ച മനുഷ്യനെ എത്രയോ ശപിച്ചിട്ടുണ്ടാവും സ്വാതന്ത്ര്യത്തിൻ്റെ മധുരം തെല്ലിട നിഷേധിച്ചപ്പോൾ. നമ്മളിൽ ഊറിയ വിപ്ലവ ചിന്തകൾക്ക് തീപിടിച്ചിരുന്നു.

വിശപ്പകറ്റാൻ കാതങ്ങൾ താണ്ടി വന്നപ്പോൾ പ്രതീക്ഷകൾ, സ്വപ്നങ്ങൾ കൊണ്ട് നിറഞ്ഞ പൂമരമായിരുന്നു.എന്നാൽ ഇന്നോ മാരിവീഴ്ത്തിയ കരിനിഴൽ ഇലപൊഴിഞ്ഞ മരത്തിലെ കരിയില കൂമ്പാരങ്ങളായിരുന്നു. നീണ്ട യാത്രയിൽ അതിജീവനസ്വപ്നങ്ങൾ കണ്ട് കൂടണഞ്ഞവരും, പാതിവഴിയിൽ വെച്ച് സ്വർഗ്ഗം പൂകിയവരും കടങ്കഥയിലെ കഥാപാത്രങ്ങളായി ഇന്നും അവശേഷിക്കുന്നു.

സുരക്ഷിതത്വവും സാന്ത്വനവും കരുതലുമായി ഉറങ്ങിയുണരുന്നവർക്ക് നിസ്സഹായത എളുപ്പം പിടി കിട്ടില്ല.

വേഗത്തിൽ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെടലിന്റെ മുനമ്പുകളിലേക്ക് ഒരു പിടച്ചിലോടെ എത്തപ്പെടുന്ന മനുഷ്യർ, അവരാണ് പലായനം നടത്തുന്നവർ. അപാരമായ മന കരുത്തിൽ അവർ പടുത്തുയർത്തുന്ന ജീവിതം വെറും ജീവിതമല്ല മറിച്ച് അതിജീവനത്തിന്റെ മഹത്തായ പാഠങ്ങളാണ്.

publive-image

മധു ആദൃശ്ശേരി

lockdown palayanam prathikaranam
Advertisment