Advertisment

ആൻമേരി(21) മാറിയിരുന്നത് മരണത്തില്‍നിന്നും മറ്റൊരു സീറ്റിലേയ്ക്ക് ! കണ്ണുതുറന്നപ്പോള്‍ കണ്ടത് സഹയാത്രികയുടെ പിടച്ചില്‍ !

New Update

publive-image

Advertisment

കൊച്ചി∙ ബുധനാഴ്ച വൈകിട്ട് യാത്ര തുടങ്ങുന്നതിന്റെ തൊട്ടു മുൻപ് മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് സീറ്റുമാറിയിരിക്കുകയായിരുന്നു കോലഞ്ചേരി തിരുവാണിയൂർ സ്വദേശിനി ആൻമേരി(21). അവിനാശിയിൽ അപകടത്തിൽ പെട്ട ആ കെഎസ്ആർടിസി ബസിൽ ഡ്രൈവർ സീറ്റിനു തൊട്ടു പിന്നിലാണ് ആന്‍മേരി സീറ്റ് ബുക്ക് ചെയ്തത്.

എന്നാല്‍ ബസില്‍ കയറിയപ്പോള്‍ ഡ്രൈവർമാരിൽ ഒരാളായ ബൈജു ലേഡീസ് സീറ്റു വേണോ എന്ന് ചോദിച്ചപ്പോള്‍ ഇടതു വശത്ത് മധ്യഭാഗത്തുള്ള മറ്റൊരു സീറ്റിലേയ്ക്കു താന്‍ എഴുന്നേറ്റു മാറുകയായിരുന്നു.

അതുകൊണ്ടു മാത്രമാണ് താനിപ്പോള്‍ ജീവനോടെ ഇരിക്കുന്നതെന്ന് ആനിനറിയാം.

‘പീനിയയിൽ നിന്നാണ് ഞാൻ കയറിയത്. രണ്ടര വരെ ഞാൻ ഉറങ്ങിയിരുന്നില്ല. പിന്നെ എപ്പഴോ ഉറങ്ങി. അപകടമുണ്ടായപ്പോഴാണ് ഞെട്ടി ഉണരുന്നത്. മറ്റൊരു സീറ്റിലിരുന്ന ചേച്ചി തന്റെ അടുത്തുള്ള ഗ്ലാസ് പൊട്ടിച്ച് പുറത്തേയ്ക്കു തെറിച്ചു വീണു. ആ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെയാണ് പിന്നാലെ വന്ന ബസിലുണ്ടായിരുന്നവർ എന്നെ പുറത്തേയ്ക്ക് വലിച്ചെടുത്തത്. ആ ചേച്ചി രക്ഷപെട്ടൊ ജീവനോടെയുണ്ടോ എന്നറിയില്ല. കണ്ണു തുറക്കുമ്പോൾ അവർ താഴെ വീണു കിടന്നു പിടയുന്നതാണ് അവസാനം കണ്ട കാഴ്ച. തന്റെ സീറ്റിൽ ഇരുന്നിരുന്ന ചേച്ചി പാലക്കാട് ഇറങ്ങുമെന്നാണു പറഞ്ഞിരുന്നത്. അവരും രക്ഷപെട്ടോ എന്നറിയില്ല.

പിന്നാലെ വന്ന ബാംഗ്ലൂർ പത്തനംതിട്ട ബസിലുള്ളവരാണ് എന്നെ പുറത്തെടുത്തു രക്ഷിച്ചത്. അവരുടെ ഒപ്പം അതേ ബസിൽ കയറി വരികയായിരുന്നു. രണ്ടു പേരെ മാത്രമേ അവർക്കു കയറ്റാൻ സാധിച്ചുള്ളൂ. ബാക്കി എല്ലാവരും ഗുരുതരമായി പരുക്കേറ്റിരുന്നു.’ ആൻമേരി പറയുന്നു. ബെംഗളൂരുവില്‍ ബിഡിഎസ് പഠനം പൂർത്തിയാക്കിയ ശേഷം തുംഗൂർ സിദ്ധാർഥ ഡെന്റൽ മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുകയാണ് ആൻമേരി. ശിവരാത്രിയുടെ അവധിയായതിനാലാണു നാട്ടിലേക്കു പുറപ്പെട്ടത്. ബസിൽ പരിചയമുള്ള ആരും ഉണ്ടായിരുന്നില്ലെന്നും ആൻമേരി പറഞ്ഞു.

അപകടത്തിൽ നിന്ന് രക്ഷപെട്ട് പത്തനംതിട്ട ബസിൽ കയറിയ ഉടനെ ഏകദേശം 3.50നാണ് മകളുടെ വിളി എത്തിയതെന്ന് പിതാവ് വർഗീസ് പറഞ്ഞു. ‘പപ്പ അപകടമുണ്ടായി, എന്നെ അങ്കമാലിയിൽ വന്നു കൂട്ടണം’ എന്ന് പറഞ്ഞപ്പോൾ അത്ര ഗൗരവമായി എടുത്തില്ല. രാവിലെയാണ് അപകടത്തിന്റെ രൂക്ഷത അറിഞ്ഞത്.

തൊട്ടു പിന്നാലെ വന്ന ബാംഗ്ലൂർ പത്തനംതിട്ട ബസിൽ അങ്കമാലിയിൽ വന്നിറങ്ങിയ അൻമേരിയെ പിതാവാണ് രാവിലെ വന്ന് കൂട്ടി ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ കോലഞ്ചേരി എംഒഎസ്ഇ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ആൻമേരി.

ksrtc bus accident
Advertisment