Advertisment

എന്നെ ഒരാളും സര്‍ എന്നു വിളിക്കരുത്; ഈ ആടയാഭരണങ്ങളെല്ലാം കൗണ്‍സില്‍ യോഗത്തിലേയുള്ളൂ. മേയറുടെ ചേംബറിലേക്ക് എന്താവശ്യവുമായും ആര്‍ക്കും കടന്നുവരാം' ; കൊച്ചി മേയര്‍ എം അനില്‍കുമാര്‍

New Update

കൊച്ചി: ഒരാളും തന്നെ സര്‍ എന്ന് വിളിക്കരുതെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. പുതിയ മേയര്‍ക്ക് ആശംസകള്‍ പറയുന്നതിനിടെ ഒരു കൗണ്‍സിലര്‍ സര്‍ എന്ന് വിളിച്ചപ്പോള്‍ അനില്‍കുമാര്‍ തിരുത്തി. തന്നെ സര്‍ എന്നു വിളിക്കരുതെന്ന് പുതിയ മേയറായി ചുമതലയേറ്റ ശേഷം അനില്‍കുമാര്‍ പറഞ്ഞു.

Advertisment

publive-image

'വേണ്ട, എന്നെ സര്‍ എന്നു വിളിക്കരുത്. ഈ ആടയാഭരണങ്ങളെല്ലാം കൗണ്‍സില്‍ യോഗത്തിലേയുള്ളൂ. മേയറുടെ ചേംബറിലേക്ക് എന്താവശ്യവുമായും ആര്‍ക്കും കടന്നുവരാം' - അനില്‍കുമാര്‍ പറഞ്ഞു. കൊച്ചിയുടെ വളര്‍ച്ചയില്‍ സാംസ്‌കാരികമായ മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു.

എല്ലാവരും ചേര്‍ന്ന് പുതിയ കൊച്ചിയെ രേഖപ്പെടുത്തുന്നതാകും ആ മാറ്റം. പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കൊപ്പവും മേയറുണ്ടാകും. പാവപ്പെട്ടവര്‍ എന്തെങ്കിലും ആവശ്യങ്ങളുമായി മുന്നില്‍ വരുമ്പോള്‍ അത് മേയറാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നണം.

കൗണ്‍സിലര്‍മാര്‍ ഏറ്റവും പ്രധാനപ്പെട്ട ആളുകളാണെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണം. അതില്‍ ഭരണ, പ്രതിപക്ഷ വിവേചനം ഉണ്ടാകരുതെന്നും മേയര്‍ ഓര്‍മ്മിപ്പിച്ചു.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കും മുന്‍ഗണന. കേന്ദീകൃത മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനൊപ്പം തന്നെ വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനത്തിനും പ്രാധാന്യം നല്‍കും. മാലിന്യ പ്രശ്‌നം പരിഹരിക്കുക എന്നത് കോര്‍പറേഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും മേയര്‍ പറഞ്ഞു.

m anil kumar
Advertisment